< Back
UAE
ദുബൈയിൽ ഹോട്ടലുകളിലെ നീന്തൽക്കുളങ്ങളിൽ   കുട്ടികൾക്ക് വിലക്കേർപ്പെടുത്താൻ കാരണമെന്ത്..?
UAE

ദുബൈയിൽ ഹോട്ടലുകളിലെ നീന്തൽക്കുളങ്ങളിൽ കുട്ടികൾക്ക് വിലക്കേർപ്പെടുത്താൻ കാരണമെന്ത്..?

Web Desk
|
31 Aug 2022 3:57 PM IST

ദുബൈയിലെ ഹോട്ടലുകളിലെ മുതിർന്നവർക്കുള്ള നീന്തൽക്കുളങ്ങളിൽ 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വിലക്കേർപ്പെടുത്തിയതായി ഈ മാസം പകുതിയോടെ അധികൃതർ അറിയിച്ചിരുന്നു. എന്തുകൊണ്ടായിരിക്കാം ഇത്തരത്തിൽ ഒരു തീരുമാനമെടുക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്..?

ആവശ്യമായ സുരക്ഷാ മുൻകരുതലുകളില്ലാത്തതു മൂലം കുട്ടികൾ അപകടത്തിൽ പെടുന്നത് പതിവായതോടെയാണ് ഇത്തരമൊരു പുതിയ തീരുമാനവുമായി ദുബൈ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ സുരക്ഷാ വിഭാഗം എമിറേറ്റിലെ ഹോട്ടലുകൾക്ക് മെമ്മോ അയച്ചത്.

ഈ വർഷം ജനുവരിയിൽ ഒരു ഇമാറാത്തി പിഞ്ചുകുഞ്ഞ് റാസൽഖൈമയിലെ ഹോട്ടലിലെ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചിരുന്നു. അതുപോലെ, കഴിഞ്ഞ മാസം റാസൽഖൈമയിലെ തന്നെ മറ്റൊരു ഹോട്ടലിലെ കുളത്തിൽ ഒരു ആൺകുട്ടിയും സഹായിയായി ജോലി ചെയ്തിരുന്ന എത്യോപ്യൻ യുവതിയും മുങ്ങിമരിച്ചു.

ചെറിയ പെരുന്നാൾ അവധിക്കാലത്ത് അബൂദബിയിലെ ഒരു ഹോട്ടലിലും ഒരുപെൺകുട്ടി വെള്ളത്തിൽ മുങ്ങിത്താഴ്ന്നിരുന്നു. എന്നാൽ സുരക്ഷാ ജീവനക്കാരന്റെ ഇടപെടൽമൂലം ആ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു. ഇത്തരത്തിലുള്ള അപകടങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ പുതിയ നിയമം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

നീന്തൽക്കുളത്തിന് പരിസരത്ത് കുട്ടികൾക്കൊപ്പം നിർബന്ധമായും അവരുടെ രക്ഷിതാക്കളും ഉണ്ടായിരിക്കണമെന്നും പുതിയ അറിയിപ്പിൽ പറയുന്നുണ്ട്. 5 വയസ്സിന് താഴെയുള്ള കുട്ടികളെ ഒരിക്കലും മുതിർന്നവരുടെ കുളങ്ങളിൽ നീന്താൻ അനുവദിക്കരുത്. കുളത്തിന്റെ വലിപ്പവും ഉപയോഗിക്കുന്ന ആളുകളുടെ എണ്ണവുമനുസരിച്ച് ഉചിതമായ എണ്ണം ലൈഫ് ഗാർഡുകൾ ഡ്യൂട്ടിയിലുണ്ടെന്ന് ഹോട്ടലുടമകൾ ഉറപ്പുവരുത്തണം.

ലൈഫ് ഗാർഡുകൾക്ക് ശരിയായ പരിശീലനവും യോഗ്യതയുമുണ്ടായിരിക്കണം. ഈ നിർദ്ദേശങ്ങളെല്ലാം ഇംഗ്ലീഷിലും അറബിയിലും എല്ലാവരും കാണുന്നതരത്തിൽ പ്രദർശിപ്പിക്കണമെന്നും പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.

Similar Posts