
നിർത്തൂ യുദ്ധങ്ങൾ, ആഹ്വാനവുമായി ലോക ഗവൺമെന്റ് സമ്മേളനം
|ദുബൈയിൽ ആരംഭിച്ച സമ്മേളനത്തിന്റെ ആദ്യദിവസത്തിലാണ് യുദ്ധത്തിനെതിരെയുള്ള ആഹ്വാനം മുഴങ്ങിക്കേട്ടത്
ദുബൈ: ലോകത്തുടനീളമുള്ള അതിഥികളെ യുഎഇയിലേക്ക് സ്വാഗതം ചെയ്ത് കാബിനറ്റ് അഫയേഴ്സ് മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖർഖാവി നടത്തിയ പ്രസംഗത്തിലായിരുന്നു യുദ്ധവിരുദ്ധ ആഹ്വാനം. യുദ്ധങ്ങളും സംഘർഷങ്ങളും ലോകത്തുണ്ടാക്കിയ കെടുതികളുടെ നേർച്ചിത്രങ്ങൾ സ്ക്രീനിൽ കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
ഇരുപത്തിയഞ്ചു വർഷത്തിനിടെ ഇരുപതു ലക്ഷത്തിലേറെ ആളുകൾക്ക് സംഘർഷങ്ങളിൽ ജീവൻ നഷ്ടമായി. കാൽ നൂറ്റാണ്ട് മുമ്പ് ആണവയുദ്ധത്തെ കുറിച്ചായിരുന്നു ലോകത്തിന്റെ ഭയം. ഇന്നത് സൈബർ യുദ്ധത്തെ കുറിച്ചാണ്. മനുഷ്യരാശി ഇരുപത്തിയഞ്ചു വർഷം മുമ്പ് യുദ്ധവും സംഘർഷവും തെരഞ്ഞെടുത്തില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? സംഹാരത്തിന് പകരം സമാധാനമായിരുന്നു സ്വീകരിച്ചിരുന്നത് എങ്കിൽ എന്താകുമായിരുന്നു? ആഗോള അജണ്ടയെ മാനുഷിക മൂല്യങ്ങൾ മുമ്പോട്ടു നയിച്ചിരുന്നെങ്കിൽ എന്തായിരുന്നു സ്ഥിതി? - ഖർഖാവി ചോദിച്ചു.
ലോകത്ത് അർഥപൂർണമായ കാര്യങ്ങൾ സംഭവിക്കണമെങ്കിൽ ഗവണ്മെന്റുകൾക്കിടയിൽ പരസ്പര വിശ്വാസം ഉണ്ടാകേണ്ടതുണ്ടെന്ന് ഖർഖാവി എടുത്തു പറഞ്ഞു. ബന്ധത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും ഭരണനിർവഹണത്തിന്റെയും അടിസ്ഥാനം ഈ വിശ്വാസമാണ്. ചരിത്രത്തിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ അത് ആവർത്തിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാവിഭരണകൂടങ്ങളെ രൂപപ്പെടുത്തൽ എന്ന ആശയത്തിൽ ഇന്നു മുതൽ പതിമൂന്നു വരെയാണ് ലോക ഗവണ്മെന്റ് ഉച്ചകോടി. പതിമൂന്നാമത് ഉച്ചകോടിയിൽ മുപ്പത് രാഷ്ട്ര നേതാക്കളും എൺപത് അന്താരാഷ്ട്ര സംഘടനകളും അടക്കം ആറായിരത്തിലേറെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.