< Back
Health News
ചപ്പാത്തിയോട് ബൈ പറയാൻ നേരമായോ.. ലക്ഷണങ്ങൾ നോക്കൂ
Health News

ചപ്പാത്തിയോട് ബൈ പറയാൻ നേരമായോ.. ലക്ഷണങ്ങൾ നോക്കൂ

Web Desk
|
10 Nov 2022 6:41 PM IST

ഗോതമ്പ് കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ കഴിക്കുമ്പോൾ ചിലർക്ക് വയറുവീക്കം അനുഭവപ്പെടാറുണ്ട്

മിക്ക വീടുകളിലും ചപ്പാത്തി ഒരു പ്രധാന ഭക്ഷണമാണ്. ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കാൻ സാധിക്കുന്നത് കൊണ്ടും ഏത് കറികളുടെ കൂടെയും യോജിച്ച് പോകും എന്നതിനാലും ചപ്പാത്തി പ്രഭാത ഭക്ഷണമായും ഡിന്നറായും പലരും തിരഞ്ഞെടുക്കാറുണ്ട്. ഏത് നേരം വേണമെങ്കിലും കഴിക്കാം എന്നതും ഒരു ഗുണമാണ്. ഗോതമ്പ് ചപ്പാത്തി ഇഷ്ട വിഭവമാണെങ്കിലും ചിലർക്ക് ഇത് കഴിക്കുമ്പോൾ വയറ് വല്ലാതെ വീർത്തതായി അനുഭവപ്പെടാറുണ്ട്. വയറുവേദനയും തലവേദനയോ അനുഭവപ്പെടുന്നവരുമുണ്ട്.

ചപ്പാത്തി അത്ര കുഴപ്പക്കാരനാണോ? ഏയ്.. ഒരു പക്ഷേ ഗോതമ്പിനോടാകും നിങ്ങൾക്ക് പ്രശ്നം. ഗോതമ്പിൽ അടങ്ങിയിരിക്കുന്ന ഗ്ലൂറ്റൻ എന്ന പ്രോട്ടീൻ ശരീരത്ത് പിടിക്കാത്തതാകും കാരണം. ഗോതമ്പ് പോലെയുള്ള ധാന്യങ്ങളിൽ കാണപ്പെടുന്ന പ്രോട്ടീൻ ആണ് ഗ്ലൂറ്റൻ (Gluten). ചപ്പാത്തി, ഗോതമ്പ് കൊണ്ടുണ്ടാക്കിയ മറ്റ് വിഭവങ്ങൾ എന്നിവ കഴിക്കുമ്പോൾ ചിലർക്ക് വയറുവീക്കം അനുഭവപ്പെടുന്നത് ഈ പ്രോട്ടീനോട് ശരീരം കാണിക്കുന്ന അസഹിഷ്ണുത കൊണ്ടാകാമെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു.

ഗോതമ്പ് മാത്രമല്ല ഗ്ലൂറ്റൻ അടങ്ങിയ ഏത് ഭക്ഷണം കഴിച്ചാലും ഈ അസ്വസ്ഥതകൾ ഉണ്ടാകാം. മറ്റ് പ്രതികൂല ഫലങ്ങൾ ഉണ്ടാകാതിരിക്കാൻ കഴിവതും ഇങ്ങനെയുള്ള ആളുകൾ ഗോതമ്പ് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് പോഷകാഹാര വിദഗ്ധർ നിർദ്ദേശിക്കുന്നത്.

ഗ്ലൂറ്റൻ വില്ലനാകുന്നത് പ്രധാനമായും ദഹനത്തിലാണ്. ഗോതമ്പ്, മൈദ തുടങ്ങിയവ കൊണ്ടുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഗ്ലൂറ്റന്റെ ചില ഭാഗങ്ങൾ ദഹിക്കുകയും ചിലത് ദഹിക്കാതെ കിടക്കുകയും ചെയ്യും. ഇങ്ങനെ ദഹിക്കാതെ കിടക്കുന്നവ കാരണം വയറുവീക്കം, വയറുവേദന, ഗ്യാസ് ട്രബിൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. ഇത്തരം ലക്ഷണങ്ങളെ അവഗണിക്കുകയാണെങ്കിൽ ഇവ പതിയെ ​സീലിയാക് ഡിസീസിനു കാരണമായേക്കും.

ഗ്ലൂറ്റൻ അടങ്ങിയ എന്ത് ഭക്ഷണം കഴിച്ചാലും ശരീരം തുടര്‍ച്ചയായി അസ്വസ്ഥതകള്‍ കാണിക്കുന്നതിനെയാണ് സീലിയാക് ഡിസീസ് എന്ന് വിളിക്കുന്നത്. ഈ അവസ്ഥ വന്നുകഴിഞ്ഞാൽ പിന്നെ എന്ത് കഴിച്ചാലും നിങ്ങളുടെ ശരീരത്തിന് വേണ്ട പോഷകങ്ങൾ ലഭിക്കാതെയാകും.

എന്നാൽ, വയറുവീക്കം പോലെയുള്ള ലക്ഷണങ്ങൾ ഗ്ലൂറ്റൻ കാരണം തന്നെയാകാമെന്ന് ഉറപ്പിക്കാനാകില്ല. അതിനായി ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ എന്ന് പരിശോധിക്കുക...

  • നാവിലുണ്ടാകുന്ന മാറ്റങ്ങൾ
  • ആസ്ത്മ
  • ഉറക്കമുണർന്നതിനുശേഷം പേശികളുടെ കാഠിന്യം
  • ബലഹീനത അല്ലെങ്കിൽ ക്ഷീണം
  • കട്ടിയുള്ള സന്ധികൾ

ഇത്തരം ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. ഗോതമ്പ് ഒരു മാസത്തക്ക് ഒഴിവാക്കി നോക്കുക. ഗോതമ്പിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ പൂർണമായും ഒഴിവാക്കാതിരിക്കുന്നതാണ് നല്ലത്. ഒരു നിശ്ചിത കാലഘട്ടത്തേക്ക് ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കിയ ശേഷവും മാറ്റം ഉണ്ടായില്ലെങ്കിൽ പൂർണമായും ഒഴിവാക്കുക.

ഗോതമ്പ് നന്നായി പൊടിച്ച് മാത്രം ഉപയോഗിക്കുക. വായു കടക്കാത്ത പാത്രത്തിൽ വേണം സൂക്ഷിക്കാൻ. രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ തന്നെ ഉപയോഗിക്കുന്നതാണ് ഉത്തമമെന്നും പോഷകാഹാര വിദഗ്ധർ പറയുന്നു.

Related Tags :
Similar Posts