< Back
Health News
Nutritionist shares right way to spend first 2 hours in morning
Health News

ദിവസം മുഴുവന്‍ ഉന്മേഷത്തോടെ തുടരണോ? ഉറക്കമുണര്‍ന്ന ശേഷമുള്ള രണ്ട് മണിക്കൂര്‍ ഇങ്ങനെ ചെയ്തുനോക്കൂ

ശരത് ലാൽ തയ്യിൽ
|
22 March 2026 10:48 AM IST

എഴുന്നേറ്റയുടനെയുള്ള രണ്ട് മണിക്കൂറില്‍ ചെയ്യുന്ന പ്രവൃത്തികള്‍ ഉന്മേഷത്തോടെയിരിക്കാന്‍ നിര്‍ണായകമാണെന്ന് പറയുകയാണ് ന്യൂട്രിഷനിസ്റ്റായ ദീപ്‌സിഖ ജെയിന്‍

ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കുക എന്നത് എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യമാണ്. എന്നാല്‍, പലര്‍ക്കും ഇത് സാധിക്കാറില്ല. രാവിലെ എഴുന്നേറ്റത് മുതല്‍ കൃത്യമായ ചിട്ടയില്‍ കാര്യങ്ങള്‍ ചെയ്താല്‍ ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്‍ത്താന്‍ കഴിയും. അതില്‍ ഏറ്റവും പ്രധാനം രാവിലെ ഉറക്കമുണര്‍ന്ന ഉടനെയുള്ള സമയം എങ്ങനെ ചെലവഴിക്കുന്നു എന്നതാണ്.

ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാന്‍ രാവിലെ എഴുന്നേറ്റയുടനെയുള്ള രണ്ട് മണിക്കൂറില്‍ ചെയ്യുന്ന പ്രവൃത്തികള്‍ നിര്‍ണായകമാണെന്ന് പറയുകയാണ് യുകെയിലെ ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് ന്യൂട്രീഷനിലെ ന്യൂട്രിഷനിസ്റ്റായ ദീപ്‌സിഖ ജെയിന്‍. ദിവസത്തിന്റെ തുടക്കം മുതല്‍ക്കേ മനസ്സിലും ശരീരത്തിലും ഉന്മേഷം നിറയ്ക്കാനും അത് നിലനിര്‍ത്താനുമുള്ള വഴികളാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ദീപ്‌സിഖ പറഞ്ഞത്.

ദിവസവും ഒരേ സമയത്ത് ഉണരുന്നതാണ് ശരീരത്തിന് നല്ലതെന്ന് ഇവര്‍ പറയുന്നു. രാവിലെ ഏഴ് മണിക്ക് ഉണരുന്ന ഒരാളാണെങ്കില്‍ ഈ സമയത്ത് തന്നെ പതിവായി ഉണരാന്‍ ശ്രദ്ധിക്കണം. 7.10ഓടെ കുറച്ച് വെള്ളം കുടിക്കാം. ഇത് ശരീരത്തെയാകെ ഉണര്‍ത്തുകയും ഉപാപചയ പ്രവര്‍ത്തനങ്ങളെ സജീവമാക്കുകയും ചെയ്യും. ദഹനപ്രക്രിയയെ സഹായിക്കും. 7.15ഓടെ അല്‍പസമയം സൂര്യപ്രകാശം ഏല്‍ക്കാം. ഇത് പ്രധാനപ്പെട്ടതാണ്. വെയില്‍ കൊള്ളുന്നത് ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ നില വര്‍ധിപ്പിക്കും. ദിവസം മുഴുവനുള്ള ഉന്മേഷത്തിന് ഇത് സഹായിക്കും. 7.30ഓടെ കാപ്പിയോ ചായയോ കുടിക്കാം. ഇതും കോര്‍ട്ടിസോള്‍ ഉല്‍പ്പാദനത്തെ വേഗത്തിലാക്കും. 7.45ഓടെ വ്യായാമത്തിലേര്‍പ്പെടാം. രാവിലെയുള്ള വ്യായാമവും ശരീരചലനങ്ങളും ആരോഗ്യം നിലനിര്‍ത്തുന്നതില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഒരു മണിക്കൂറോളം നീളുന്ന വ്യായാമത്തിന് ശേഷം അല്‍പം യോഗ, ധ്യാനം പോലെയുള്ള പ്രവൃത്തികളോ ശ്വസനവ്യായാമമോ ചെയ്യാം. ഇത് നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കും.


ഒമ്പത് മണിയോടെ പ്രഭാതഭക്ഷണം കഴിക്കാം. പ്രോട്ടീന്‍ കൂടുതലുള്ള, ഫൈബറുകള്‍ മിതമായ നിരക്കിലുള്ള ഭക്ഷണമാണ് നല്ലത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ശരീരത്തിലെ കൊഴുപ്പിനെയും നിയന്ത്രിക്കും -ദീപ്‌സിഖ ജെയിന്‍ പറയുന്നു. ഈ ഒരു ദിനചര്യ ശീലമാക്കിയാല്‍ ശരീരം എപ്പോഴും ഊര്‍ജ്ജസ്വലമായിരിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

Similar Posts