< Back
Health
തുമ്മുമ്പോള്‍ കൈകൊണ്ട് മുഖം മറയ്ക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട്?
Health

തുമ്മുമ്പോള്‍ കൈകൊണ്ട് മുഖം മറയ്ക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട്?

Web Desk
|
31 July 2018 1:29 PM IST

മൂക്കിൽപൊടി ശീലമാക്കുന്നത് ഒരിക്കലും ആരോഗ്യകരമല്ല. ഇത് സ്ഥിരമാക്കുന്നത് വഴി മൂക്കിലെ പാലത്തിന്റെ രക്തസഞ്ചാരത്തെ പ്രതികൂലമായി ബാധിക്കാം. കൂടാതെ, പാലത്തിന് ദ്വാരം വീഴുന്ന അവസ്ഥ പോലുമുണ്ടാകാം.

ഇഷ്ടം പോലെ ഞരമ്പുകൾ ഉള്ള ഒരിടമാണ് മൂക്കിനകത്തെ തൊലി. അവിടെ പൊടി വീണാൽ അന്നേരം മുഖത്തുള്ള ഞരമ്പ് വഴി തലച്ചോറിന്റെ തണ്ടിലുള്ള തുമ്മൽ കേന്ദ്രത്തിലേക്ക് സിഗ്നൽ പോകും. അതിന്റെ ഫലമായിട്ട് നമ്മൾ അറിയാതെ കുറച്ചു തവണ ആഞ്ഞു ശ്വാസമെടുക്കും. പിന്നാലെ നമ്മുടെ മൂക്കിന്റെ പിറകുവശവും വായയും അടയും. നെഞ്ചിനകത്ത് കുറച്ചധികം മർദ്ദം നിറയും, ആഞ്ഞൊരു ശ്വാസം വിടലാണ് പിന്നെ. സെക്കൻഡിൽ ഏതാണ്ട് നൂറ്റിഅൻപത്തിആറ് കിലോമീറ്റർ സ്പീഡിൽ ശ്വാസകോശത്തിലെ വായു ഭൂരിഭാഗവും മൂക്കിലൂടെയും ബാക്കി വായിലൂടെയുമായി പുറത്തെത്തും. ഇങ്ങനെ സംഭവിക്കുന്ന നേരം ഉറപ്പായും നമ്മൾ കണ്ണ് ചിമ്മുകയും ചെയ്യും. ഇതാണ് നേരത്തെ പറഞ്ഞ തുമ്മൽ എന്ന പ്രതിഭാസം.

മൂക്കിനകത്തെ തൊലിയെ തോണ്ടി ഉണർത്തുന്നത് സാധാരണ ഗതിയിൽ രോഗാണുക്കളും അലർജി ഉണ്ടാക്കുന്ന പൊടി, പൂമ്പൊടി, ചില സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയ വസ്തുക്കൾ എന്നിവയൊക്കെയാണ്. എന്നാൽ, വെയില് കൊണ്ടാലും, തണുത്ത വായു അടിച്ചാലും, പുരികം ത്രെഡ് ചെയ്യുമ്പോഴും എന്ന് വേണ്ട ലൈംഗികപരമായി ഉത്തേജിക്കപ്പെടുമ്പോൾ വരെ തുമ്മൽ വരുന്നവരുണ്ട്. ഇതൊക്കെ വായിക്കുമ്പോൾ എന്തൊരു രസംകൊല്ലിയാണ് ഈ സാധനം എന്നൊക്കെ തോന്നിയാലും, ചിലർക്ക് തുമ്മുന്നത് ഒരു ഹരമാണ്. അതുകൊണ്ടാണല്ലോ കയ്യിലിരിക്കണ കാശുകൊടുത്ത് ഈ കണ്ണീക്കണ്ട പൊടിയൊക്കെ വാങ്ങി മൂക്കിൽ കേറ്റുന്നത്.

മൂക്കിൽപൊടി പോലുള്ള വസ്തുക്കൾ ശീലമാക്കുന്നത് ഒരിക്കലും ആരോഗ്യകരമല്ല. കടുത്ത ജലദോഷവും മൂക്കൊലിപ്പും ഉണ്ടാകുന്ന സമയത്ത് മൂക്കിനകത്ത് വീക്കമുണ്ടാകാം. ഈ വീക്കത്തെ താൽക്കാലികമായി രക്തക്കുഴലുകൾ ചുരുക്കികൊണ്ട് ആശ്വാസം നൽകുകയാണ് മൂക്കിൽപൊടി ചെയ്യുക. ഇത്തരത്തിൽ ഒരിക്കൽ ആശ്വാസം കണ്ടു കഴിഞ്ഞാൽ പിന്നെ അതൊരു ഹരമായി ഏറ്റെടുത്ത് ഇത് സ്ഥിരമാക്കുന്നത് വഴി മൂക്കിലെ പാലത്തിന്റെ രക്തസഞ്ചാരത്തെ പ്രതികൂലമായി ബാധിക്കാം. കൂടാതെ, പാലത്തിന് ദ്വാരം വീഴുന്ന അവസ്ഥ പോലുമുണ്ടാകാം.

വല്ലപ്പോഴും തുമ്മുന്നതിനു ഒരു ചികിത്സയും ആവശ്യമില്ല. കാരണം, തുമ്മൽ നമ്മുടെ പ്രതിരോധത്തിന്റെ ആദ്യഘട്ടം ആണ് എന്നത് തന്നെ. എന്നാൽ, തുമ്മൽ തന്നെ ഒരു തൊഴിലായി നിത്യജീവിതത്തിന്റെ നിലവാരത്തെ ബാധിച്ചു തുടങ്ങുകയാണെങ്കിൽ മാത്രം ഒരു ഇഎൻടി സ്പെഷ്യലിസ്റ്റിന്റെ സഹായം തേടുക. അത്തരത്തിൽ പരിശോധിക്കുമ്പോൾ ആവശ്യമെങ്കിൽ മാത്രം തുമ്മൽ നിയന്ത്രിക്കാനുള്ള മരുന്നുകൾ ഡോക്ടർ നൽകും. അല്ലെങ്കിൽ, കിട്ടിയ അനുഗ്രഹം ഇങ്ങു പോന്നോട്ടെ എന്ന രീതിയിൽ തുമ്മൽ ഉണ്ടാകുമ്പോൾ നല്ലൊരു ടിഷ്യു പേപ്പർ വെച്ചങ്ങ് മൂക്ക് പൊത്തിയേക്കുക. അതല്ലെങ്കിൽ, കൈമുട്ടിന്റെ മുൻവശം കൊണ്ടെങ്കിലും മൂക്ക് പൊത്തുക. പറ്റുന്നതും കൈപ്പത്തി കൊണ്ട് മൂക്ക് പൊത്തരുത്. കാരണം, ഓരോ തുമ്മലിലും നമ്മൾ പതിനായിരക്കണക്കിന് രോഗാണുക്കളെയാണ് ചുറ്റുപാടുകൾക്കു സംഭാവന ചെയ്യുന്നത്. കൈകൊണ്ട് മുഖം മറച്ച് തുമ്മിയാൽ ഈ രോഗാണുക്കൾ പിന്നീട് നമ്മൾ കൈവക്കുന്നവിടെയൊക്കെ പകരാം. ആരോഗ്യകരമായ ചുറ്റുപാടുകൾ നിലനിർത്തുക എന്നതും നമ്മുടെ കടമ തന്നെയാണ്.

വാൽക്കഷ്‌ണം : തുമ്മുന്ന സമയത്ത്‌ ഹൃദയം ഒരു നിമിഷം നിലയ്‌ക്കുമെന്ന്‌ കേട്ട്‌ ബേജാറായിട്ടുണ്ടോ? ചുമ്മാതാണ്‌ കേട്ടോ. നെഞ്ചിനകത്തെ മർദ്ദം നിമിഷാർദ്ധം കൂടുമെന്നത്‌ നേര്‌. അന്നേരം ഹാർട്ടൊന്ന്‌ താളം മാറ്റിപ്പിടിക്കും എന്നതൊഴിച്ചാൽ, തുമ്മുന്ന നേരത്ത്‌ മരിക്കുന്നുമില്ല, പിന്നെ ഉയിർത്തെഴുന്നേൽക്കുന്നുമില്ല. ആ പിന്നേ, ആരും നമ്മളെ ഓർക്കുന്നത്‌ കൊണ്ടോ ശപിക്കുന്നത്‌ കൊണ്ടോ അല്ല തുമ്മുന്നത്‌... റിഫ്ലക്‌സാണ്‌... റിഫ്ലക്‌സ്‌ മാത്രം. ഓരോരോ ഇല്ലാക്കഥകളേ !

സെക്കൻഡ്‌ ഒപീനിയൻ - 037 ഹാആആആആആഛീ .... ഇത്തിരിയോളം പൊടി മൂക്കിൽ കേറിപ്പോയതിനാണ് ഇത്രേം വല്യ സൗണ്ട് ഇഫക്ട്. എന്താപ്പോ...

Posted by Shimna Azeez on Monday, July 30, 2018
Related Tags :
Similar Posts