< Back
Health
ഉറങ്ങാനും ഉണരാനും കൃത്യസമയം പാലിക്കൂ; ഇല്ലെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഒരുപറ്റം അസുഖങ്ങള്‍
Health

ഉറങ്ങാനും ഉണരാനും കൃത്യസമയം പാലിക്കൂ; ഇല്ലെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഒരുപറ്റം അസുഖങ്ങള്‍

Web Desk
|
22 Sept 2018 11:31 AM IST

എന്നും ഒരേ സമയത്ത് ഉറങ്ങുന്നതും, ഒരേ സമയത്ത് നടക്കുന്നതും വ്യക്തികളുടെ ആത്മവിശ്വാസം കൂട്ടുന്നുവെന്നും ഹൃദയത്തെ ശക്തിപ്പെടുത്തുമെന്നും കൂടാതെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നുമാണ് പുതിയൊരു പഠനം

നല്ലതുപോലെ ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. നല്ലതുപോലെ ഉറങ്ങുന്നത് മാത്രമല്ല, എന്നും ഒരേ സമയത്ത് ഉറങ്ങുന്നതും, ഒരേ സമയത്ത് നടക്കുന്നതും വ്യക്തികളുടെ ആത്മവിശ്വാസം കൂട്ടുന്നുവെന്നും ഹൃദയത്തെ ശക്തിപ്പെടുത്തുമെന്നും കൂടാതെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നുമാണ് പുതിയൊരു പഠനം.

ദിവസവും ഉറങ്ങാനും ഉണരാനും കൃത്യസമയം പാലിക്കുന്നവരെ അപേക്ഷിച്ച്, അത്തരമൊരു ചിട്ട പാലിക്കാത്തവര്‍ക്ക് പത്തുവര്‍ഷത്തിനുള്ളില്‍ പ്രമേഹത്തിനും, പ്രഷര്‍ കൂടാനും, തുടങ്ങി ഹൃദയാഘാതത്തിനും, പക്ഷാഘാതത്തിനും വരെ സാധ്യതയേറുന്നുവെന്ന് പഠനം പറയുന്നു. കൂടാതെ വിഷാദരോഗത്തിനും മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും ഇത് കാരണമാകുമെന്നും പഠനത്തിലുണ്ട്.

54 വയസ്സിനും 93 വയസ്സിനും ഇടയില്‍ പ്രായമുള്ള 1978 പേരെയാണ് അവര്‍ പഠനത്തിന് വിധേയമാക്കിയത്. സ്ഥിരമായി രാത്രി 10 മണിക്ക് ഉറങ്ങുന്നവരെ 10 മിനിറ്റ് വൈകിയാണ് ഉറങ്ങാന്‍ അനുവാദം കൊടുത്തത്. ചിലരെ വളരെ നേരത്തെയും ചിലരെ വളരെ വൈകിയും ഉറങ്ങാന്‍ വിട്ടു.

പ്രഷര്‍ കൂടുതലുള്ളവര്‍ കൂടുതല്‍ സമയം ഉറങ്ങാന്‍ ആഗ്രഹിക്കുന്നതായാണ് പഠനത്തില്‍ തെളിഞ്ഞത്. അമിതവണ്ണമുള്ളവര്‍ എത്ര വൈകിയും ഉറങ്ങാന്‍ തയ്യാറുള്ളവരാണെന്നും മനസ്സിലായി. ഉറക്കം ക്രമം തെറ്റിയവരാകട്ടെ ദിവസം മുഴുവന്‍ ഉറക്കം തൂങ്ങിയിരിക്കുന്നതായും ഉത്സാഹവും ചുറുചുറുക്കും നഷ്ടപ്പെട്ടിരിക്കുന്നതായും കണ്ടെത്തി.

മനുഷ്യന്റെ ആരോഗ്യാവസ്ഥയാണോ ഉറക്കത്തെ ബാധിക്കുന്നത്, ഉറക്കക്കുറവും കൃത്യസമയം പാലിക്കാത്തതുമാണോ ആരോഗ്യത്തെ ബാധിക്കുന്നത് എന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് കൃത്യമായ നിഗമനത്തിലെത്താന്‍ സാധിച്ചിട്ടില്ലെന്ന് പറയുന്നു പഠനത്തിന് നേതൃത്വം നല്‍കിയ ദുര്‍ഹമിലെ ഡുക് ഹെല്‍ത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ജെസിക്ക ലുന്‍സ്ഫോര്‍ഡ് അവെരി. എന്തായാലും രണ്ടും തമ്മില്‍ പരസ്പരം അത്രയേറെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സയന്റിഫിക് റിപ്പോര്‍ട്ട് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Similar Posts