< Back
Health
തിരിച്ചറിയാം കുട്ടികളിലെ സെറിബ്രല്‍പാള്‍സിയെന്ന അവസ്ഥയെ; നല്‍കാം ഒരല്‍പം കൂടുതല്‍ കരുതല്‍
Health

തിരിച്ചറിയാം കുട്ടികളിലെ സെറിബ്രല്‍പാള്‍സിയെന്ന അവസ്ഥയെ; നല്‍കാം ഒരല്‍പം കൂടുതല്‍ കരുതല്‍

Web Desk
|
6 Oct 2018 11:23 AM IST

ഇന്നു ഒക്ടോബർ 6 ലോക സെറിബ്രൽ പാൾസി ദിനം

ഒരു കുട്ടിയുടെ ജനനത്തിന്‌ മുമ്പോ, ജനന സമയത്തോ, ജനനശേഷമോ മസ്തിഷ്ക സംബന്ധമായ തകരാറുകളുടെ പൊതുരൂപമാണ്‌ സെറിബ്രല്‍ പാള്‍സി എന്ന അവസ്ഥ. ഇത്‌ ഒരു രോഗമല്ല. ഇത്തരം അവസ്ഥയിലുള്ള കുട്ടികളുടെ മസ്തിഷ്കത്തിലെ ചലനത്തെ നിയന്ത്രിക്കുന്ന ഭാഗങ്ങളിലാണ്‌ കൂടുതലായി ക്ഷതം അനുഭവപ്പെടുന്നത്‌.

നമ്മുടെ സമൂഹത്തില്‍ സെറിബ്രല്‍ പാള്‍സി അഥവാ മസ്തിഷ്ക തളര്‍വാതം എന്ന അവസ്ഥയിലുള്ള കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച്‌ വരുന്ന അവസ്ഥയാണ്‌ കാണാന്‍ കഴിയുന്നത്‌. ഇന്ത്യയില്‍ ജനിക്കുന്ന കുട്ടികളില്‍ 500-ല്‍ ഒരാള്‍ക്ക്‌ എന്ന നിരക്കില്‍ ഇത്തരം രോഗാവസ്ഥ കാണപ്പെടുന്നു എന്ന് കണക്കുകള്‍ കാണിക്കുന്നു.

ആധുനിക വൈദ്യശാസ്ത്രശാഖകളില്‍ പ്രധാനപ്പെട്ട ഒന്നായ ശിശുരോഗ വിഭാഗത്തെ സംബന്ധിച്ച്‌ ഇപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയാണ്‌ ‘സെറിബ്രല്‍ പാള്‍സി’ എന്ന രോഗാവസ്ഥയും അതിന്റെ ചികിത്സയും.

പ്രധാന കാരണങ്ങള്‍

ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്കുണ്ടാകുന്ന അണുബാധകള്‍, വൈറസ്‌ രോഗങ്ങള്‍, അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, കുട്ടിയുടെ മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന്റെ അമിത ഭാരക്കുറവ്‌, ഗര്‍ഭാവസ്ഥയില്‍ കാണപ്പെടുന്ന രക്തത്തിലെ ഗ്ലൂക്കോസിന്റെ ക്രമരഹിതമായ വ്യതിയാനങ്ങള്‍, ജനനസമയത്ത്‌ കുട്ടി കരയാന്‍ വൈകുന്നത്‌ മൂലം തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടല്‍, ജനന സമയത്തുണ്ടാകുന്ന ശ്വാസതടസ്സങ്ങള്‍, മസ്തിഷ്ക സംബന്ധമായ മെനിഞ്ചൈറ്റിസ്‌ എങ്കഫലൈറ്റിസ്‌ പോലെയുള്ള അണുബാധകള്‍, ജനന ശേഷം കുട്ടികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍, തലയിലെ മുറിവും രക്തസ്രാവവും, ജനനശേഷമുണ്ടാകുന്ന അപസ്മാരം എന്നിവയൊക്കെയും സെറിബ്രല്‍ പാള്‍സി എന്ന അവസ്ഥയ്ക്ക്‌ കാരണമായേക്കാം.

ഈ കാരണങ്ങള്‍ ഒരു കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട്‌ ഉണ്ടായിട്ടുണ്ടെങ്കില്‍ അത്തരം കുട്ടികളുടെ വളര്‍ച്ചാഘട്ടങ്ങള്‍ ഒരു ശിശുരോഗ വിദഗ്ധന്റെ സാന്നിധ്യത്തില്‍ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതും വളരെ നേരത്തെ തന്നെ രോഗം തിരിച്ചറിയാന്‍ ശ്രമിക്കേണ്ടതുമാണ്. ഇതിനായി ശാരീരിക പരിശോധനകള്‍, രക്തപരിശോധനകള്‍, ഇ.ഇ.ജി, സി.ടി, എം.ആര്‍.ഐ, കേള്‍വി, കാഴ്ച സംബന്ധമായ പരിശോധനകള്‍ എന്നിവ നടത്തേണ്ടത്‌ അനിവാര്യമാണ്‌.

ഒരു കുട്ടിയ്ക്ക്‌ സെറിബ്രല്‍ പാള്‍സി ബാധിച്ചു എന്ന് നമുക്ക്‌ എങ്ങനെ നേരത്തെ തിരിച്ചറിയാം?

മുലപ്പാല്‍ വലിച്ച്‌ കുടിക്കുന്നതിനു പ്രയാസം അനുഭവപ്പെടുക, കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍, ശരീരത്തിന്റെ ബലക്കുറവ്‌ അല്ലെങ്കില്‍ അനിയന്ത്രിതമായ ബലക്കൂടുതല്‍, രണ്ട്‌ മാസം പ്രായം ആയ കുഞ്ഞ്‌ മുഖത്ത്‌ നോക്കി പുഞ്ചിരിക്കാതിരിക്കുകയോ, നമ്മുടെ കണ്ണുകളിലേയ്ക്ക്‌ നോക്കാന്‍ കഴിയാതിരിക്കുകയോ ചെയ്യുക, നാല്‌ മാസം പ്രായം ആയിട്ടും കഴുത്ത്‌ ഉറയ്ക്കാതിരിക്കുക, ശരീരത്തിന്റെ ഒരു ഭാഗമോ അവയവമോ മാത്രം ഉപയോഗിക്കുക, ശബ്ദം കേള്‍ക്കുമ്പോള്‍ ശ്രദ്ധിക്കാതിരിക്കുക വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ കുട്ടിയുടെ തല ഉറയ്ക്കുക, കമിഴ്ന്ന് വീഴുക, നീന്തുക, ഇരിക്കുക, നില്‍ക്കുക, നടക്കുക തുടങ്ങിയവ കൃത്യസമയത്ത് ചെയ്യാന്‍ കുട്ടിയ്ക്ക്‌ സാധിക്കാതിരിക്കുകയോ ചെയ്താല്‍ കുട്ടിയ്ക്ക്‌ സെറിബ്രല്‍ പാള്‍സി എന്ന അവസ്ഥയുടെ ലക്ഷണങ്ങളുണ്ട്‌ എന്ന് അനുമാനിക്കാം.

തലച്ചോറിന്‌ സംഭവിച്ച ക്ഷതത്തിന്റെ തീവ്രത അനുസരിച്ച്‌ കുട്ടികളില്‍ ചലനപരമായ പ്രശ്നങ്ങള്‍ക്ക്‌ പുറമെ, സംസാരശേഷിക്കുറവ്‌, കാഴ്ചക്കുറവ്‌, കേള്‍വിക്കുറവ്‌, ഇടവിട്ട അപസ്മാര സാധ്യത, ബുദ്ധി മാന്ദ്യത, വൈകാരിക പ്രശ്നങ്ങള്‍ തുടങ്ങിയ മറ്റ്‌ അനുബന്ധ പ്രശ്നങ്ങളും കൂടി ഉണ്ടാവുന്നതായി കാണാന്‍ കഴിയും.

ചികിത്സ

മരുന്ന് കൊണ്ട്‌ മാത്രം സെറിബ്രല്‍പാള്‍സിയെന്ന രോഗാവസ്ഥക്ക്‌ സാരമായ മാറ്റം വരുത്താന്‍ സാധ്യമല്ല. ഇത്തരം രോഗികളുടെ ചികിത്സാ വിജയം, ഒരു വിദഗ്ദ്ധ ചികിത്സാ കൂട്ടായ്മയെ ആശ്രയിച്ചാണിരിക്കുന്നത് എത്രയും നേരത്തെയുള്ള വിദഗ്ദ്ധരുടെ ഇടപെടലുകള്‍ കുട്ടിയെ വളരെ നേരത്തെ കഴിയുന്നത്ര സ്വയം പര്യാപ്തനാക്കാന്‍ സഹായിക്കുന്നു. ഈ കുട്ടികളുടെ ചികിത്സയ്ക്ക്‌ ഒരു വിദഗ്ദ്ധ പുനരധിവാസ സംഘത്തിന്റെ സഹായം ആവശ്യമാണ്‌.

ശിശുരോഗ വിദഗ്ദ്ധന്‍, പീഡിയാട്രിക്‌ ന്യൂറോളജിസ്റ്റ്‌, ഏര്‍ളി ഡവലപ്പെമെന്റല്‍ തെറാപ്പിസ്റ്റ്‌, പീഡിയാട്രിക്‌ ഫിസിയോതെറാപ്പിസ്റ്റ്‌, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്‌, സൈക്കോ ബിഹേവിയറല്‍ തെറാപ്പിസ്റ്റ്‌. സ്പെഷ്യല്‍ ടീച്ചേര്‍സ്‌, സോഷ്യല്‍ വര്‍ക്കര്‍ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘം കുട്ടിയെ പരിശോധിച്ച്‌ വിലയിരുത്തിയതിന്‌ ശേഷമാണ്‌ ചികിത്സ നിര്‍ണ്ണയിക്കുന്നത്‌.

കുട്ടികള്‍ക്കുണ്ടാകുന്ന ഇത്തരം അവസ്ഥകളുടെ ശാസ്ത്രീയമായ കാരണങ്ങളെക്കുറിച്ചോ അവയ്ക്കുള്ള ആധുനിക ചികിത്സാ പ്രതിവിധികളെക്കുറിച്ചോ, അവ നല്‍കാന്‍ കഴിവുള്ള ചികിത്സകരെക്കുറിച്ചോ, അവരുടെ യോഗ്യതകളെക്കുറിച്ചോ സമൂഹത്തില്‍ പല മാതാപിതാക്കള്‍ക്കും തികഞ്ഞ അജ്ഞതയാണ്‌ ഇന്നുള്ളത്‌. ഇത്തരം മാതാപിതാക്കള്‍ ഈ അറിവില്ലായ്മ മൂലം അശാസ്ത്രീയവും, വ്യാജവുമായ പല ചികിത്സകള്‍ക്കും പിന്നാലെ പോവുകയും, ചതിക്കുഴികളില്‍ വീണ്‌ തട്ടിപ്പുകള്‍ക്കും സാമ്പത്തിക ചൂഷണത്തിനും ഇരയാവുകയും ചെയ്യുന്നത്‌ പതിവായിരിക്കുന്നു.

ചികിത്സ എപ്പോള്‍ തുടങ്ങണം, എത്ര നാള്‍ വേണ്ടി വരും?

രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍ കണ്ട്‌ തുടങ്ങുമ്പോള്‍ തന്നെ ഏര്‍ളി സ്റ്റിമുലേഷന്‍, ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ ട്രെയിനിങ്ങുകള്‍ തുടങ്ങേണ്ടത്‌ വളരെ അനിവാര്യമാണ്‌. ഒരു കുട്ടിയുടെ ശാരീരികവും, മാനസികവുമായ വളര്‍ച്ചയില്‍ മൂന്ന് വയസ്സ്‌ പ്രായം വരെയുള്ള കാലഘട്ടം വളരെയധിക പ്രാധാന്യം അര്‍ഹിക്കുന്നു. തലച്ചോറിന്റെ വളര്‍ച്ച ഇക്കാലത്താണ്‌ കാര്യമായി സംഭവിക്കുന്നത്.

ശാരീരിക പരിമിതികളെ മനസ്സിലാക്കുകയും, തുടര്‍ ചികിത്സയിലൂടെയും, ചിട്ടയായ വ്യായാമമുറകളിലൂടെയും, ഫിസിയോതെറാപ്പി ടെക്നിക്കുകളിലൂടെയും ചികിത്സയും പരിശീലനവും നല്‍കി അവരിലുള്ള കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ചു അവരെ സ്വയം പര്യാപ്തതയില്‍ എത്തിക്കുവാന്‍ ഫിസിയോതെറാപ്പി എന്ന ചികിത്സാ രീതി അത്യന്തം ഫലപ്രദമാണ്.

ഫിസിയോതെറാപ്പിക്കൊപ്പം സ്പീച്ച്‌ തെറാപ്പി, ഒക്കുപേഷണല്‍ തെറാപ്പി, ബിഹേവിയറല്‍ ട്രെയിനിംഗ്‌, സ്പെഷ്യല്‍ ആന്‍ഡ്‌ റെമെഡിയല്‍ എജ്യുക്കേഷന്‍ എന്നിവ നല്‍കിയാല്‍ കുട്ടികളെ മുഖ്യധാരയിലെക്കെത്തിക്കാന്‍ സാധിക്കും.

കടപ്പാട് : ഡോ. ഷാനി അനസ്, അൽഫ പീഡിയാട്രിക് റീഹാബിലിറ്റേഷൻ സെന്റർ

Related Tags :
Similar Posts