
പൈല്‍സുള്ളവര്‍ കഴിക്കേണ്ടവ, ഒഴിവേക്കണ്ടവ
|നാരുകള്‍ (ഫൈബര്‍) ധാരാളമുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം.
പൈല്‍സുള്ളവര്‍ ഭക്ഷണകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. മലബന്ധം തടയുക എന്നത് വളരെ പ്രധാനമാണ്. അതിന് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതിനൊപ്പം ചിലവ ഒഴിവാക്കുകയും വേണം.
നാരുകള്‍ (ഫൈബര്‍) ധാരാളമുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇലക്കറികളിലും പഴങ്ങളിലും പച്ചക്കറികളിലും പയറുവര്‍ഗങ്ങളിലും ധാരാളം നാരുണ്ട്. കുത്തരി, ബാര്‍ലി തുടങ്ങിയവയിലും ഫൈബറുണ്ട്. നാരുള്ള ഭക്ഷണങ്ങള്‍ മലം കട്ടികുറഞ്ഞുപോകാന്‍ സഹായിക്കുന്നു. അതോടൊപ്പം മലം പോകാന്‍ സമ്മര്‍ദം പ്രയോഗിക്കുന്നത് കുറയ്ക്കും.

പെട്ടെന്ന് ഒരുപാട് നാരുള്ള ഭക്ഷണം കഴിക്കുന്നത് ഗ്യാസുണ്ടാക്കിയേക്കും. അതിനാല്‍ ഭക്ഷണത്തിലെ നാരിന്റെ അളവ് പതുക്കെ വര്‍ധിപ്പിക്കണം. പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുക എന്നതാണ് പ്രധാനം. പേരയ്ക്ക, പപ്പായ, ആപ്പിള്‍, തണ്ണിമത്തന്‍ എന്നിവയൊക്കെ നല്ലതാണ്.

വെള്ളം ധാരാളം കുടിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. മലബന്ധം തടയാന്‍ വെള്ളം കുടിക്കുന്നത് അത്യന്താപേക്ഷിതമാണ്. 10 ഗ്ലാസ് വരെ വെള്ളം കുടിച്ചാല്‍ അത്രയും നല്ലത്. ദിവസം രണ്ട് കപ്പില്‍ കൂടുതല്‍ കാപ്പിയും ചായയും കുടിക്കുന്നത് ഒഴിവാക്കണം.
പൈല്‍സ് കൊണ്ടുള്ള ബുദ്ധിമുട്ടുകളെ വ്യായാമം കുറയ്ക്കും. ഭാരിച്ച വ്യായാമങ്ങള്‍ക്ക് പകരം നടത്തമോ ഓട്ടമോ ആണ് പൈല്‍സുള്ളവര്‍ ചെയ്യേണ്ടത്.

കോഴിമുട്ട ചിലരില്‍ മലബന്ധമുണ്ടാക്കിയേക്കും. അതുപോലെ എരിവും മസാലയും കൂടിയ കോഴിയിറച്ചിയും നല്ലതല്ല. മിതമായ മസാലയും എരിവും ചേര്‍ത്ത കോഴിയിറച്ചി മാത്രമേ പൈല്‍സുള്ളവര്‍ കഴിക്കാവൂ. സോഡ, ചോക്ലേറ്റ് എന്നിവയും നല്ലതല്ല. ബര്‍ഗര്‍ പോലുള്ള ജങ്ക് ഫുഡുകളും പൈല്‍സുള്ളവര്‍ക്ക് നല്ലതല്ല.