Health
നിങ്ങള്‍ക്ക് രാത്രി ഉറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ? ഇതാവാം കാരണം...
Health

നിങ്ങള്‍ക്ക് രാത്രി ഉറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ? ഇതാവാം കാരണം...

Web Desk
|
1 March 2019 1:24 PM IST

ലോകത്ത് 10 മുതല്‍ 20 ശതമാനത്തോളം ജനങ്ങളില്‍ ഈ ജീനുകള്‍ കുഴപ്പം സൃഷ്ടിച്ച് അവരെ ഉറങ്ങാന്‍ സമ്മതിക്കുന്നില്ലെന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. 

നിങ്ങള്‍ക്ക് രാത്രി ഉറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന് കുറ്റപ്പെടുത്തേണ്ടത് നിങ്ങളുടെ സ്വന്തം ജീനുകളെയാണ്... മനുഷ്യരിലെ ഉറക്കക്കുറവിന് കാരണമാകുന്ന 57 ജീനുകളെയാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ലോകത്ത് 10 മുതല്‍ 20 ശതമാനത്തോളം ജനങ്ങളില്‍ ഈ ജീനുകള്‍ കുഴപ്പം സൃഷ്ടിച്ച് അവരെ ഉറങ്ങാന്‍ സമ്മതിക്കുന്നില്ലെന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.

ആളുകളിലെ ഉറക്കക്കുറവിന് പിന്നില്‍ ജനിതകപരമായ കാരണങ്ങളുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു ഗവേഷണത്തിന് നേതൃത്വം നല്‍കിയ മസാച്യൂസെറ്റ് ജനറല്‍ ആശുപത്രിയിലെ ജാക്വലിന്‍ എം ലാനെ. ''എന്തുകൊണ്ടാണ് ചിലര്‍ക്ക് ഉറക്കക്കുറവ് ഉണ്ടാകുന്നതെന്ന് മനസ്സിലാക്കാന്‍ ഇങ്ങനെ കണ്ടെത്തിയ 57 ജീനുകള്‍ സഹായിക്കുന്നു. ഏതൊക്കെ അവസ്ഥയിലും ഏതൊക്കെ വഴികളിലൂടെയും ആണ് അത് മനുഷ്യരെ ബാധിക്കുന്നത്, ചികിത്സയ്ക്കുള്ള സാധ്യതകള്‍ എന്തൊക്കെയാണ് എന്നൊക്കെ മനസ്സിലാക്കാന്‍ ഇത്തരം ജീനുകളെ തിരിച്ചറിയുക വഴി സാധിക്കു''മെന്നും അവര്‍ പറയുന്നു. നാച്ചറല്‍ ജെനറ്റിക് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഉറക്കക്കുറവിന് കാരണമാകുന്ന 57 ജീനുകളെ കുറിച്ചാണ് പഠനം. സാധാരണ ഉറക്കക്കുറവിന് കാരണമാകുന്ന ജീവിത ചുറ്റുപാടുകള്‍, മയക്കുമരുന്നുപയോഗം, വിഷാദരോഗം, മാനസിക സമ്മര്‍ദ്ദം എന്നിവയൊന്നും ഇത്തരക്കാരെ ബാധിച്ചിരുന്നില്ല. കൂടിയ അളവില്‍ ഇത്തരത്തില്‍ ഉറക്കക്കുറവ് അനുഭവിക്കുന്നവരില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനും സാധ്യതയേറെയാണെന്ന് പഠനങ്ങള്‍ പറയുന്നു. ഇത്തരക്കാര്‍ വിഷാദരോഗത്തിലേക്ക് നയിക്കപ്പെടാനും സാധ്യതയുണ്ട്.

''ലോകത്ത് ദശലക്ഷക്കണക്കിന് ജനങ്ങള്‍ ഇത്തരത്തിലുള്ള അസുഖത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഉറക്കക്കുറവും മറ്റ് അസുഖങ്ങളും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാലങ്ങളായി ഞങ്ങള്‍ മനസ്സിലാക്കിയ കാര്യമാണ്. വിഷാദരോഗവും ഹൃദയസംബന്ധമായ അസുഖങ്ങളും വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഉറക്കക്കുറവാണെന്ന് ഇപ്പോള്‍ ഞങ്ങളുടെ ഈ പഠനം വഴി തെളിഞ്ഞിരിക്കുകയാണെ''ന്ന് പറയുന്നു ഗവേഷണത്തിന്റെ ഭാഗമായ സാമുവല്‍ ജോണ്‍സ്.

നാലരലക്ഷം വ്യക്തികളെയാണ് ഗവേഷക സംഘം പഠനത്തിന് വിധേയമാക്കിയത്. ഇതില്‍ 29 ശതമാനം ആളുകളും ഇത്തരത്തിലുള്ള ഉറക്കക്കുറവിന്റെ പ്രശ്നങ്ങളുള്ളവരും ലക്ഷണങ്ങള്‍ കാണിക്കുന്നവരുമാണെന്നും പഠനത്തില്‍ നിന്ന് വ്യക്തമായി.

Similar Posts