
കുഞ്ഞ് ജനിച്ചാല്‍, അച്ഛനുമമ്മയ്ക്കും ഉറക്കം നഷ്ടപ്പെടുന്നത് ആറുവര്‍ഷത്തേക്ക്
|ഇനിയെന്നാണ് അങ്ങനെയൊന്ന് ഉറങ്ങാന്‍ കഴിയുക എന്നോര്‍ത്ത് നിങ്ങളിങ്ങനെ സങ്കടപ്പെടുമ്പോള്‍ ആരെങ്കിലുമൊക്കെ പറയും, കുഞ്ഞൊന്ന് വലുതാകുന്നതുവരെ, കുഞ്ഞിന് ഒരു വയസ്സാകുന്നതുവരെ ഈ ബുദ്ധിമുട്ടൊക്കെ ഉണ്ടാകുമെന്ന്
മുതിര്‍ന്ന ഒരു വ്യക്തി, ഒരു ദിവസം ശരാശരി 7മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പക്ഷേ, ജീവിതത്തിലേക്ക് ഒരു കുഞ്ഞ് വന്ന് കഴിഞ്ഞാല്‍ ജീവിതത്തിന്റെ ഈ താളമൊക്കെ തെറ്റും. ആഗ്രഹിക്കുമ്പോള്‍ ഒന്ന് ഉറങ്ങാനോ, ആഗ്രഹിക്കുന്നത്ര ഉറങ്ങാനോ സാധിച്ചെന്നു വരില്ല... ഇനിയെന്നാണ് അങ്ങനെയൊന്ന് ഉറങ്ങാന്‍ കഴിയുക എന്നോര്‍ത്ത് നിങ്ങളിങ്ങനെ സങ്കടപ്പെടുമ്പോള്‍ ആരെങ്കിലുമൊക്കെ പറയും, കുഞ്ഞൊന്ന് വലുതാകുന്നതുവരെ, കുഞ്ഞിന് ഒരു വയസ്സാകുന്നതുവരെ ഈ ബുദ്ധിമുട്ടൊക്കെ ഉണ്ടാകുമെന്ന്. പക്ഷേ, യാഥാര്‍ഥ്യം അവിടെ നിന്നെല്ലാം ഏറെ അകലെയാണെന്ന് തിരിച്ചറിയുക. കാരണം കുഞ്ഞിന് ഒരു ആറു വയസ്സാകുന്നതുവരെയെങ്കിലും നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയില്ലെന്നാണ് പുതിയ പഠനങ്ങള്‍ വഴി തെളിഞ്ഞിരിക്കുന്നത്.

2008 മുതല്‍ 2015 വരെയുള്ള കാലയളവിലെ 4,659 മാതാപിതാക്കളെയാണ് ഇതിന് വേണ്ടി പഠനത്തിന്റെ ഭാഗമാക്കിയത്. കുഞ്ഞുണ്ടായതിന് ശേഷം തങ്ങള്‍ക്ക് ലഭിച്ച ഉറക്കത്തില്‍ അവര്‍ എത്രമാത്രം തൃപ്തരാണ് എന്നതിലായിരുന്നു പഠനം. കുഞ്ഞുണ്ടായതിന് ശേഷമുള്ള ആദ്യത്തെ മൂന്ന് മാസം അമ്മയ്ക്ക് നഷ്ടപ്പെടുന്നത് ശരാശരി ഒരു മണിക്കൂറിന്റെ ഉറക്കമാണ്. പക്ഷേ അച്ഛന്മാര്‍ക്കാകട്ടെ, അത് വെറും 15 മിനിറ്റ് മാത്രമാണ്. കുഞ്ഞിന് ആറു വയസ്സാകുമ്പോഴേക്ക് അമ്മയ്ക്ക് ഒരുദിവസം നഷ്ടപ്പെടുന്ന ഉറക്കത്തിന്റെ ശരാശരി 20 മിനിറ്റായി കുറയുന്നുണ്ട്. പക്ഷേ, അച്ഛന്റെ നഷ്ടപ്പെടുന്ന ഉറക്കം അപ്പോഴും 15 മിനിറ്റായി നിലനില്‍ക്കുകയാണെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ആദ്യത്തെ ഒരു വര്‍ഷം കുഞ്ഞിനെ പാലൂട്ടാനുള്ളതുകൊണ്ടോ, കുഞ്ഞ് ഇടയ്ക്കിടയ്ക്ക് കരഞ്ഞ് ഉണരുന്നതുകൊണ്ടോ ആണ് മാതാപിതാക്കളുടെ ഉറക്കം നഷ്ടപ്പെടുന്നതെങ്കില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അത്, കുഞ്ഞിന്റെ അസുഖം മൂലമോ, ഉറക്കത്തില്‍ സ്വപ്നമോ മറ്റോ കണ്ട് കുഞ്ഞ് ഞെട്ടിയുണരുന്നതുകൊണ്ടോ ആകാമെന്നും പഠനം പറയുന്നു,.
തുടര്‍ച്ചയായി ഉണ്ടാകുന്ന ഈ ഉറക്കക്കുറവ് മാതാപിതാക്കളെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ശരീരഭാരം കുറയാനും ഇടയാക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ്, അതിനനുസരിച്ച് മാതാപിതാക്കള്‍ തങ്ങളുടെ ജീവിതരീതി മാറ്റുന്നതാണ് ഇതിനുള്ള പരിഹാരമെന്നും ഗവേഷകര്‍ പറയുന്നു.