
ഹെയർ സ്പാ ചെയ്യുന്നതിനിടെ 50കാരിക്ക് പക്ഷാഘാതം; 'ബ്യൂട്ടിപാർലർ സ്‌ട്രോക്ക് സിൻഡ്രോമിനെ' കുറിച്ച് അറിഞ്ഞിരിക്കണം
|1993-ൽ യുഎസിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്
ന്യൂഡൽഹി: ബ്യൂട്ടി പാർലറിൽ മുടി കഴുകുന്നതിനിടെ 50 കാരിക്ക് പക്ഷാഘാതം സംഭവിച്ചു. ഹൈദരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മുടി കഴുകുന്നതിന് വേണ്ടി കഴുത്ത് പിന്നിലേക്ക് തിരിക്കുമ്പോൾ തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന വിതരണം ചെയ്യുന്ന ഞെരമ്പ് അമർന്നുപോയതാണ് മസ്തിഷ്‌കാഘാതത്തലേക്ക് നയിച്ചതെന്ന് ഡോക്ടർമാർ വെളിപ്പെടുത്തി.
'ബ്യൂട്ടിപാർലർ സ്‌ട്രോക്ക് സിൻഡ്രോം' എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. 1993-ൽ യുഎസിലാണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. സലൂണിൽ വെച്ച് കഴുത്ത് മസാജ് ചെയ്യുന്നതിനിടെ പുരുഷന്മാർക്കും ബ്യൂട്ടിപാർലർ സ്‌ട്രോക്ക് സിൻഡ്രോം സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. ഒരു മസാജ് ചെയ്യുന്നയാൾ കഴുത്തിൽ വളരെ ശക്തമായി അമർത്തുമ്പോൾ ഇത് സംഭവിക്കാമെന്ന് ഡോക്ടർമാർ പറയുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി രക്തക്കുഴൽ പൊട്ടുകയും സ്‌ട്രോക്ക് ഉണ്ടാകുകയും ചെയ്യുന്നു.
എന്താണ് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം
തലച്ചോറിലേക്കുള്ള രക്തത്തിന്റെയോ ഓക്‌സിജന്റെയോ പ്രവാഹം തടസപ്പെടുമ്പോഴാമ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. മസ്തിഷ്‌കാഘാതം സംഭവിക്കുമ്പോൾ മസ്തിഷ്‌ക കോശങ്ങൾക്ക് ഓക്സിജൻ ലഭ്യമാകാതെ വരുകയും തുടർന്ന് അവ നശിച്ചുപോകാൻ തുടങ്ങുകയും ചെയ്യുന്നു. രക്തധമനികളിലെ തടസ്സം, രക്തം കട്ടപിടിക്കൽ എന്നിവയ്ക്ക് പുറമെ കൊളസ്‌ട്രോളിന്റെ ഉയർന്ന അളവ് എന്നിവയും സ്‌ട്രോക്കിന് കാരണമാകും.
ബ്യൂട്ടി പാർലർ സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ
ഛർദി,ഓക്കാനം, തലകറക്കം എന്നിവയാണ് പ്രധാനമായും ഇതിന്റെ ലക്ഷമങ്ങൾ. ഹൈദരാബാദിലെ സംഭവത്തിൽ സ്ത്രീക്ക് ഈ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. രോഗലക്ഷ്ണങ്ങൾ അനുഭവപ്പെട്ട് 24 മണിക്കൂറിന് ശേഷമാണ് അവർ ഡോക്ടറെ സമീപിച്ചത്. ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് പക്ഷാഘാതമാണെന്ന് കണ്ടെത്തിയത്. മുടി കഴുകുമ്പോൾ കഴുത്ത് ബേസിനിലേക്ക് വലിച്ചുവെച്ചപ്പോഴാണ് സ്‌ട്രോക്ക് ഉണ്ടായതെന്നും ഡോക്ടർമാർ പറയുന്നു.
സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങൾ ?
പെട്ടെന്ന് ബാലൻസ് നഷ്ടപ്പെടുക, പനി, ഓക്കാനം, ശരീരം, മുഖം, കാലുകൾ അല്ലെങ്കിൽ കൈ എന്നിവയുടെ ഒരു വശത്ത് ബലഹീനത അല്ലെങ്കിൽ മരവിപ്പ്,കാഴ്ച മങ്ങുക, തലകറക്കം, ബോധക്ഷയം, പെട്ടെന്ന് കടുത്ത തലവേദന, കാരണമൊന്നുമില്ലാതെ വീഴുക തുടങ്ങിയവയാണ് സ്ട്രോക്കിന്‍റെ പ്രധാന ലക്ഷണങ്ങള്‍.