< Back
Health
blood test, 8 Health Screenings You Should Get This Year If Youre 30 And Above

പ്രതീകാത്മക ചിത്രം

Health

90സ് കിഡ്‌സ് ശ്രദ്ധിക്കൂ, 30 വയസ്സായില്ലേ, ഇനി ആരോഗ്യത്തില്‍ അല്‍പ്പം കരുതലാകാം... നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ഏഴ് പരിശോധനകള്‍ ഇവ

ശരത് ലാൽ തയ്യിൽ
|
17 Jan 2026 12:10 PM IST

പ്രമേഹം, കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, വൃക്കസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവ തുടക്കത്തിലേ കണ്ടെത്താന്‍ ആരോഗ്യപരിശോധനകള്‍ സഹായിക്കും

ഒരാളുടെ ആരോഗ്യത്തിന്‌റെ കാര്യത്തില്‍ നിര്‍ണായകമാണ് 30കള്‍. ഊര്‍ജ്ജ്വസ്വലതയോടെ ചെലവഴിച്ച യൗവനത്തിന്‌റെ അവസാന ഘട്ടമാണത്. ശാരീരികമായ പല പ്രശ്‌നങ്ങളും പതുക്കെ തലപൊക്കുന്ന ഘട്ടം. ഒന്നു കുനിഞ്ഞാല്‍ നിവരാന്‍ പ്രയാസപ്പെടുന്നതോടെയാണ് പലരും 'ഓ, പ്രായം 30 ആയല്ലോ' എന്ന യാഥാര്‍ഥ്യത്തിലേക്കെത്തുന്നത്. എന്നാല്‍, ആരോഗ്യകാര്യങ്ങളില്‍ കൃത്യമായ ശ്രദ്ധ ചെലുത്തുന്നത് വഴി 30കളിലും ഫിറ്റായിരിക്കാനും അസുഖങ്ങളെ അകറ്റിനിര്‍ത്താനും കഴിയും. പുതിയ കാലത്തെ ജീവിതശൈലി പല അസുഖങ്ങളെയും നിശ്ശബ്ദം വിളിച്ചുവരുത്തുന്നതാണ്. ഒരു ഘട്ടം കഴിയുന്നതോടെ മാത്രമാണ് പലതിന്‌റെയും അടയാളങ്ങള്‍ പുറത്തുകാണൂ. അത്രയും കാലം അങ്ങനെയൊരു അസുഖത്തിന്‌റെ വിവരം പോലും പലരും മനസ്സിലാക്കിയെന്നു വരില്ല. പ്രമേഹം, കൊളസ്‌ട്രോള്‍, ഫാറ്റി ലിവര്‍ തുടങ്ങി നിരവധി ജീവിതശൈലീ രോഗങ്ങള്‍ക്ക് ഈ സ്വഭാവമുണ്ട്. പലരും ഇത്തരം അസുഖങ്ങള്‍ ഉണ്ടെന്നു തിരിച്ചറിയുന്നത് എപ്പോഴെങ്കിലുമൊക്കെ ഹെല്‍ത്ത് ടെസ്റ്റുകള്‍ ചെയ്യുമ്പോഴായിരിക്കും.

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, വൃക്കസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവ തുടക്കത്തിലേ കണ്ടെത്താന്‍ ആരോഗ്യപരിശോധനകള്‍ സഹായിക്കും. അതുകൊണ്ടാണ് 30 വയസ്സു പിന്നിട്ട ഏതൊരാളും ഹെല്‍ത്ത് ചെക്കപ്പ് നടത്തുന്നത് നല്ലതാണെന്നു പറയുന്നത്. 30ന് മുകളില്‍ പ്രായമുള്ളവര്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ഏഴ്‌ ആരോഗ്യ പരിശോധനകള്‍ ഇവയാണ്.




1. രക്തസമ്മര്‍ദ പരിശോധന

30ന് മുകളിലുള്ളവര്‍ രക്തസമ്മര്‍ദ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. അമിത രക്തസമ്മര്‍ദം (ഹൈപ്പര്‍ടെന്‍ഷന്‍) പലര്‍ക്കും ആരംഭിക്കുന്നത് 30കളിലാണ്. നിശ്ശബ്ദമായെത്തുന്ന രക്തസമ്മര്‍ദം മറ്റു സൂചനകളൊന്നും തുടക്കത്തില്‍ പുറത്ത് തരുകയുമില്ല. 120/80 mmHg ആണ് നോര്‍മല്‍ രക്തസമ്മര്‍ദം. ഇതില്‍ കൂടുന്നത് പല ആരോഗ്യപ്രശ്‌നങ്ങളുടെയും തുടക്കമാകും. അതിമ രക്തസമ്മര്‍ദം പരിശോധനയിലൂടെ നേരത്തെ തിരിച്ചറിഞ്ഞാല്‍ ഉപ്പ് കുറയ്ക്കല്‍, സ്ഥിരമായ നടത്തം, സമ്മര്‍ദം കുറയ്ക്കാനുള്ള പരിശീലനങ്ങള്‍, ജീവിതശൈലി ക്രമപ്പെടുത്തല്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ കുറച്ചുകൊണ്ടുവരാന്‍ സാധിക്കും.

2. കൊളസ്‌ട്രോള്‍ സ്‌ക്രീനിങ്

എന്തും വാരിവലിച്ച് കഴിക്കുന്ന ശീലം മാറിത്തുടങ്ങുന്നതും 30കളോടെയാണ്. ഭക്ഷണശീലത്തിന്‌റെ ഭാഗമായി വരുന്ന പ്രധാന അസുഖങ്ങളിലൊന്നാണ് വര്‍ധിക്കുന്ന കൊളസ്‌ട്രോള്‍. കൊളസ്‌ട്രോള്‍ ലെവല്‍ അറിയുന്നതിനായി ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റുകളാണ് നടത്തേണ്ടത്. എല്‍ഡിഎല്‍, എച്ച്ഡിഎല്‍, ട്രൈഗ്ലിസറൈഡ്, ടോട്ടല്‍ കൊളസ്‌ട്രോള്‍ എന്നിവ പരിശോധിക്കും. കൊളസ്‌ട്രോള്‍ ലെവല്‍ കൃത്യമായി നിലനിര്‍ത്തേണ്ടത് ഹൃദയാരോഗ്യത്തിന്‌റെ കാര്യത്തില്‍ പ്രധാനപ്പെട്ടതാണ്.

3. പ്രമേഹം/രക്തത്തിലെ പഞ്ചസാരയുടെ അളവ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് ഗുരുതരമായ പല സാഹചര്യങ്ങളിലേക്കും നയിക്കും. ഫാസ്റ്റിങ് ഗ്ലൂക്കോസ് ടെസ്റ്റാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ടെത്താനായി ചെയ്യുന്നത്. 70-99 mg/dL ആണ് ഫാസ്റ്റിങ് ഗ്ലൂക്കോസിന്‌റെ നോര്‍മല്‍ ലെവല്‍. ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ പരിശോധിക്കുമ്പോള്‍ 140 mg/dLന് ഉള്ളില്‍ ആയിരിക്കണം. മുമ്പൊക്കെ പ്രായം കൂടിയവരിലായിരുന്നു പ്രമേഹം കണ്ടുവന്നിരുന്നത്. എന്നാല്‍, ഇന്നത്തെ മാറിയ ജീവിതശൈലിയില്‍ ചെറുപ്പക്കാരിലും പ്രമേഹം വര്‍ധിച്ചുവരികയാണ്.

4. സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ പരിശോധന

സെര്‍വിക്കല്‍ കാന്‍സര്‍ (ഗര്‍ഭാശയമുഖ അര്‍ബുദം) പരിശോധന 30 വയസ് പിന്നിട്ട സ്ത്രീകള്‍ ചെയ്യേണ്ട പ്രധാന പരിശോധനയാണ്. 30 മുതല്‍ 65 വരെ പ്രായമുള്ളവരിലാണ് ഈ അസുഖത്തിനുള്ള സാധ്യത. പാപ് സ്മിയര്‍ ടെസ്റ്റ് (pap smear test), എച്ച്പിവി ടെസ്റ്റ് എന്നിവയാണ് സെര്‍വിക്കല്‍ കാന്‍സര്‍ കണ്ടെത്താന്‍ നടത്തുന്ന പരിശോധനകള്‍. പാപ് സ്മിയര്‍ ടെസ്റ്റാണെങ്കില്‍ മൂന്ന് വര്‍ഷത്തിലൊരിക്കലും, എച്ച്പിവി ടെസ്റ്റാണെങ്കില്‍ അഞ്ച് വര്‍ഷത്തിലൊരിക്കലും ചെയ്യണമെന്നാണ് നിര്‍ദേശിക്കുന്നത്.




5. കാഴ്ച പരിശോധന

കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കല്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. കാഴ്ചക്കുറവ്, ഗ്ലോക്കോമ, തിമിരം, കണ്ണിലെ പേശികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് കണ്ണിനെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. കാഴ്ചക്കുറവ് പതുക്കെ സംഭവിക്കുന്നതിനാല്‍ ആദ്യഘട്ടത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. മാത്രമല്ല, പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍ തുടങ്ങിയ അസുഖങ്ങളുടെ ഭാഗമായും കാഴ്ചക്കുറവ് സംഭവിക്കാം.

6. പല്ലുകളുടെ പരിശോധന

പല്ലുകളുടെ പരിശോധനയും വായിലെ അര്‍ബുദത്തിനുള്ള പരിശോധനയും നടത്തേണ്ടതുണ്ട്. പല്ലുകള്‍ ക്ലീന്‍ ചെയ്യുന്നതും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. മോണയില്‍ വരുന്ന അണുബാധകള്‍ മറ്റ് അസുഖങ്ങളുടെ സൂചനയായും പരിഗണിക്കാറുണ്ട്. പല്ലുകള്‍ക്ക് കേട് സംഭവിക്കുന്നുണ്ടോയെന്നും പല്ലുകള്‍ക്ക് ഇടയില്‍ ഭക്ഷണാവശിഷ്ടം അടിഞ്ഞുകൂടി അണുബാധയ്ക്ക് കാരണമാകുന്നുണ്ടോയെന്നും ശ്രദ്ധിക്കണം. പല്ലുകളുടെ ഉള്ളില്‍ പോടുണ്ടാകുന്നുണ്ടോയെന്ന് എക്‌സ് റേ പരിശോധനയിലൂടെ കണ്ടെത്താനാകും.

7. തൈറോയിഡ് പരിശോധന

ടിഎസ്എച്ച്, ടി3, ടി4 എന്നീ പരിശോധനകളാണ് തൈറോയിഡ് ഹോര്‍മോണിന്‌റെ അളവ് പരിശോധിക്കാന്‍ ചെയ്യുന്നത്. പല കാരണങ്ങളാല്‍ തൈറോയിഡിന്‌റെ അളവ് വര്‍ധിക്കാറുണ്ട്. സമ്മര്‍ദം, അയഡിന്‍ കുറവ്, ഓട്ടോ ഇമ്മ്യൂണിറ്റി തുടങ്ങിയവ തൈറോയിഡ് വര്‍ധിക്കാന്‍ കാരണമാകും. തൈറോയിഡ് ഗ്രന്ഥി ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്നത് വളരെ കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. എപ്പോഴും ക്ഷീണം, തണുപ്പ് സഹിക്കാനാവാത്ത അവസ്ഥ, മുടികൊഴിച്ചില്‍, വരണ്ട ചര്‍മം, വിഷാദം തുടങ്ങിയവ ഹെപ്പോതൈറോയിഡിസത്തിന്‌റെ ലക്ഷണങ്ങളാകാം. തൈറോയിഡിന്‌റെ അളവ് കൂടുന്ന ഹൈപ്പര്‍തൈറോയിഡിസം ഉറക്കക്കുറവ്, ഉത്കണ്ഠ, ഭാരം കുറയല്‍, കൈകള്‍ വിറയല്‍, മുടികൊഴിച്ചില്‍, ചൂട് സഹിക്കാനാവാത്ത അവസ്ഥ, ഹൃദയമിടിപ്പ് വര്‍ധിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകാറുണ്ട്.

Similar Posts