< Back
Health
മുലയൂട്ടൽ; മിഥ്യയും യാഥാർത്ഥ്യങ്ങളും
Health

മുലയൂട്ടൽ; മിഥ്യയും യാഥാർത്ഥ്യങ്ങളും

ഡോ. ഫാത്തിമ മുഹമ്മദ്, തൃശൂര്‍
|
29 July 2021 2:12 PM IST

ഭക്ഷണത്തിന്റെ അളവിൽ അല്ല കാര്യം, ഗുണത്തിൽ ആണ്. കൂടുതൽ ഭക്ഷണം കഴിച്ചാൽ കൂടുതൽ മുലപ്പാൽ ഉണ്ടാകും എന്നത് ഒരു തെറ്റായ ധാരണയാണ്.

മുലപ്പാൽ കിട്ടാതെ കരയുന്ന കുഞ്ഞിനെ നോക്കി നിസ്സഹായകയായി വിഷമിച്ചിരുന്ന ആ കാലങ്ങൾക്കു ഇനി വിട. പ്രസവം കഴിഞ്ഞ അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നം ആണ്‌ മുലപ്പാൽ ഇല്ലായ്മ അല്ലെങ്കിൽ കുറവ്. കുഞ്ഞുങ്ങളുടെ മാത്രമല്ല മറിച്ച് അമ്മയുടെ ആരോഗ്യത്തിലും മുലപാലിന്റെ പങ്ക് വിശേഷപ്പെട്ടത് തന്നെ.അമ്മ തന്റെ കുഞ്ഞിന് നൽകുന്ന ഈ ജീവാമൃതം, മറ്റേതു ഔഷധത്തേക്കാളും ആഹാരത്തേക്കാളും വിലപ്പെട്ടതും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ കൂടുതൽ കേട്ടുറപ്പിക്കുന്നതുമാണ്.

കുഞ്ഞു ജനിച്ച ഉടൻതന്നെ അമ്മ ചുരത്തുന്ന മുലപ്പാലിനെ 'കൊളസ്ട്രം' എന്നു വിളിക്കുന്നു. ഇത് കുഞ്ഞുങ്ങളിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ കേമനാണ്.ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും ജന്മാവകാശമാണ് അമ്മയിൽ നിന്നും നുകരണ്ട മുലപ്പാൽ, എന്നപോലെ തന്നെ മുലയൂട്ടുക എന്നത് ഓരോ അമ്മമാരുടെയും ഉത്തരവാദിത്വും ആകുന്നു.

ചില മിഥ്യകൾ...

• ഭക്ഷണത്തിന്റെ അളവിൽ അല്ല കാര്യം, ഗുണത്തിൽ ആണ്. കൂടുതൽ ഭക്ഷണം കഴിച്ചാൽ കൂടുതൽ മുലപ്പാൽ ഉണ്ടാകും എന്നത് ഒരു തെറ്റായ ധാരണയാണ്. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങൾ ആണ് യഥാർത്ഥത്തിൽ പാൽ ഉല്പാദനത്തിൽ സഹായിയിക്കുന്നത്.

• കുഞ്ഞിന്റെ വയർ വീർത്താൽ പാൽ നന്നായി കുടിച്ചിട്ടുണ്ട് എന്ന് മനസിലാക്കാം എന്ന് അനുമാനിക്കുന്നത് ശരിയല്ല. ഗ്യാസ് പ്രശ്നം പോലുള്ള മറ്റു പല കാരണങ്ങൾ കൊണ്ടും കുഞ്ഞിന്റെ വയർ വീർത്തിരിക്കാൻ സാധ്യതയുണ്ട്.

• സ്തനത്തിന്റെ വലുപ്പവും, കല്ലപ്പും, പാൽ നിറഞ്ഞു ഒഴുകായ്ക എന്നിവയെല്ലാം മുലപ്പാൽ വറ്റി എന്ന് സൂചിപ്പിക്കുന്നു എന്നത് പൊള്ള വാക്കുകൾ ആണ്.

• രാത്രി മുലയൂട്ടരുത് എന്നൊന്നും ഇല്ല, കുഞ്ഞിന് ആവശ്യം ഉള്ളപ്പോൾ രാത്രി പകൽ വ്യത്യാസം ഇല്ലാതെ മുലയൂട്ടുക.

പിന്നെ എങ്ങനെ മനസിലാക്കാം?

കുഞ്ഞിന്റെ ശരീര വിസർജനത്തിന്റെ അളവും ശരീരത്തിന്റെ തൂക്കവും ആണ്‌ കുഞ്ഞിന് എത്രമാത്രം പാൽ ലഭിച്ചു എന്ന് സൂചിപ്പിക്കുന്നത്.എല്ലാ മാസവും കുഞ്ഞിന്റെ തൂക്കം നോക്കുന്നതും ഇടക്കിടെ ഉപയോഗിച്ച ഡയപ്പറിന്റെ ഭാരം ശ്രദ്ധിക്കുന്നതും സഹായമാണ്.

ശ്രദ്ധ വെച്ചോളൂ ഇനി ഇതിലൊക്കെ...

• കൃത്യമായ ഇടവേളകളിൽ മുലയൂട്ടുക. പ്രത്യേകിച്ച് രണ്ട് മണിക്കൂർ ഇടവിട്ടു മുലയൂട്ടാൻ ശ്രമിക്കുക.

• ഈസ്ട്രജൻ പോലുള്ള ഹോർമോണുകളുടെ ഇടപെടൽ മുലപ്പാൽ ഉത്പാദനത്തെ ബാധിക്കുന്നതിനാൽ ഗർഭനിരോധന മരുന്നുകൾ ഒഴിവാക്കുക

• അമ്മമാരിലെ മാനസിക സമ്മർദങ്ങൾ പലപ്പോഴും മുലപ്പാൽ ഉത്പാദനത്തിനും ആരോഗ്യത്തിനും കോട്ടം തട്ടുന്നതായി വിവിധ പഠനങ്ങൾ രേഖപെടുത്തുന്നു.

ഇവ കഴിച്ചോളൂ...

അമ്മയുടെ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുലപ്പാൽ വർധിപ്പിക്കാനും കുഞ്ഞിന്റെ ആരോഗ്യ മികവിനും സഹായിക്കുന്നു.

ഉലുവ, ജീരകം, ബദാം, തുളസി, ഉള്ളി, ഇലകറികൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപെടുത്തുന്നത് ഉത്തമം. അമ്മയുടെ ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് പാൽ ഉത്പാദനത്തിനെ ബാധിക്കുന്നതിനാൽ കാൽസ്യം നിറഞ്ഞ ഭക്ഷണ രീതി പിൻപറ്റുക.

കഴിയുന്നതും കാപ്പി, മെർകുറി അടങ്ങിയ മീനുകൾ, മദ്യം എന്നിവ ഒഴിവാക്കുന്നതാണ് ഉത്തമം.

ഉള്ളിലേഹ്യം, ഉലുവ തേങ്ങാപ്പാൽ നീര്, ബദാം പാൽ, മുരിങ്ങ ഇല തോരൻ തുടങ്ങിയ പൊടികൈകളും ഫലപ്രദം തന്നെ.

ഇതിനു പുറമെ ഹോമിയോപതി പോലുള്ള വൈദ്യസഹായങ്ങൾ ഫലപ്രദമായ രീതികളിലൂടെ മുലപാൽ വർധിപ്പിക്കാൻ അമ്മമാരെ സഹായിക്കുന്നു.

കുഞ്ഞിന് ഏറ്റവും നല്ല സമീകൃതാഹാരം മുലപ്പാൽ ‍ തന്നെയാണ്. ജനിച്ച് ആറുമാസം വരെയും കുഞ്ഞിന് മുലപ്പാൽ മാത്രം നൽകുന്നതാണ് ആരോഗ്യകരമെന്ന കാര്യത്തിൽ സംശയം വേണ്ട.രണ്ടു വർഷം വരെ മറ്റു ഭക്ഷണങ്ങൾക്കൊപ്പം കുട്ടിക്ക് മുലപ്പാൽ കൊടുകേണ്ടതാണ്.

Similar Posts