< Back
Health
ചോറ് കഴിക്കാം; അമിതമാവരുത്
Health

ചോറ് കഴിക്കാം; അമിതമാവരുത്

Web Desk
|
16 July 2022 12:03 PM IST

അമിതമായി ചോറ് കഴിച്ചതിനു ശേഷം പലർക്കും ഒരുറക്ക് പതിവായിരിക്കും

മലയാളികളുടെ ഭക്ഷണക്രമത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ചോറ്. ഏതു വിശേഷ ദിവസാമാണെങ്കിലും ചോറിന്‍റെ സ്ഥാനം എന്നും മുന്നിലാണ്. പഴഞ്ചോറ്, ചട്ടിച്ചോറ് തുടങ്ങി വിപണിയിൽ മാത്രമല്ല പുറം രാജ്യങ്ങളിലും ചോറിന്‍റെ പെരുമ ഉയർന്നിട്ടുണ്ട്. എന്നാൽ മൂന്ന് നേരവും മലയാളികളുടെ തീൻ മേശകയ്യടക്കുന്ന ചോറ് ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന കാര്യത്തിൽ ഇനിയും വ്യക്തത ലഭിക്കേണ്ടതുണ്ട്.

എല്ലാ ദിവസവും ചോറ് കഴിക്കാമോ...?

ദിവസത്തിൽ ഒരു നേരമെങ്കിലും ചോറ് കഴിക്കുന്നവരായിരിക്കും നമ്മൾ. എന്നാൽ ആരോഗ്യത്തിനനുസരിച്ചാണോ അതോ വിശപ്പിനനുസരിച്ചാണോ നാം ഭക്ഷണം കഴിക്കാറ് എന്ന കാര്യത്തില്‍ ഇന്നും നമുക്ക് സംശയമാണ്. കൂടുതൽ പേരും വിശപ്പിനനുസരിച്ചായിരിക്കും കഴിക്കുന്നത്. എന്നാൽ ആരോഗ്യത്തിനാണ് പ്രാധാന്യം നൽകേണ്ടത്. കൂടുതലായി ചോറ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് നമുക്കറിയാം. എങ്കിലും ശീലമാക്കിയത് ഒഴിവാക്കാന്‍ നമ്മള്‍ തയ്യാറല്ല.

കഠിനാധ്വാനമുള്ള ജോലികൾ കുറഞ്ഞതിനാൽ ശരീരത്തിന് ഡയജസ്റ്റ് ചെയ്യാനുള്ള ശേഷി കുറവായിരിക്കും. ഇത് പല രോഗങ്ങൾക്കും വഴിവെക്കുന്നു. അമിതമായി ചോറ് കഴിക്കുമ്പോൾ പലപ്പോഴും ക്ഷീണമാണ് അനുഭവപ്പെടുക. അതിനാൽ പലർക്കും ഭക്ഷണം കഴിച്ചതിനു ശേഷമുള്ള ഉറക്ക് പതിവായിരിക്കും. ചോറിലടങ്ങിയിരിക്കുന്ന കാലറീസാണ് ഇതിന് പ്രധാന കാരണം. അതിനാൽ വിശപ്പ് മാറാനാവശ്യമായ ഭക്ഷണം കഴിച്ച് കുറച്ചു നേരം നടന്നതിന് ശേഷം മാത്രം കുറച്ചുനേരം വിശ്രമാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

പ്രമേഹം വരാനുള്ള സാധ്യത കൂടുമോ...?


ചോറ് അമിതമായി കഴിക്കുമ്പോൾ ശരീരത്തിലെ ഷുഗറിന്റെ അളവ് കൂടുന്നു. ശരീരത്തിൽ അവശ്യമുള്ളതിലുമധികം ഷുഗർലെവൽ രക്തത്തിൽ കാണപ്പെടുന്നു. ഇത് പിന്നീട് പ്രമേഹത്തിലേയ്ക്ക് നയിച്ചേക്കാം.

ചോറിൽ വിറ്റാമിനുകളും മിനറൽസും കുറവാണ്. എങ്കിലും പലപ്പോഴും ശരീരത്തിന്റെ ഗ്ലൈസമിക് സൂചിക ഉയരാൻ ഇത് കാരണമാവുന്നു. അതായത് ശരീരത്തിലുള്ള കാർബോ ഹൈഡ്രേറ്റുകൾ എത്ര പെട്ടന്ന് ഷുഗറാക്കാൻ പറ്റുമെന്ന് അളക്കുന്നതിനുപയോഗിക്കുന്ന സൂചികയാണിത്. അതിനാൽ ഗ്ലൈസമിക് സൂചിക കുറവുള്ള ഭക്ഷണമാണ് പ്രമേഹരോഗികൾക്ക് ഏറ്റവും നല്ലത്. ചോറിൽ ഈ സൂചിക കൂടുതലായതിനാൽ ചോറിന്‍റെ അളവ് കുറക്കുന്നതാണ് നല്ലത്. പ്രമേഹത്തിനു പുറമെ ഹൃദ്രോഗത്തിനും രക്ത സമ്മർദം കൂടുന്നതിനും ചോറിന്റെ അമിത ഉപയോഗം കാരണമാകുന്നു. കൂടാതെ അമിതമായിട്ടുള്ള കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടി കരൾ വീക്കത്തിലേക്കും നയിക്കുന്നു.

കുടവയർ കൂടുന്നു

അമിതമായി ചോറ് കഴിക്കുന്നത് കുടവയറിനും വയറ് ചാടുന്നതിനും കാരണമാകുന്നു. കൂടാതെ ശരീര ഭാരം കൂടുകയുംചെയ്യും. ചോറ് കൂടുതലായി കഴിക്കുമ്പോള്‍ ശരീരത്തിലേക്ക് വലിയ അളവിൽ കാലറീസ് ലഭിക്കുന്നു. എന്നാൽ ഇത് കൃത്യമായി ദഹിക്കാതെ വരികയും അമിത വണ്ണത്തിനും കാരണമാകുന്നു.

ചപ്പാത്തി ശീലമാക്കിയാൽ



ചോറ് ഉപേക്ഷിക്കുന്നവരുടെ രണ്ടാമത്തെ ഓപ്ഷനാണ് ചപ്പാത്തി. എന്നാൽ ചപ്പാത്തി ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്നും അത് കഴിക്കേണ്ട രീതിയെ കുറിച്ചും നമുക്ക് അവബോധം വേണം. ചപ്പാത്തി അമിതമായി കഴിക്കുന്നത് അമിത വണ്ണത്തിനും വയറ് ചാടുന്നതിനും കാരണമാകുന്നു. പ്രത്യേകിച്ച് പ്രമേഹ രോഗികൾ ഒരു ആരോഗ്യ വിദഗ്ധന്റെ നിർദേശം തേടുന്നത് നല്ലതായിരിക്കും. ചോറിന്റെ അളവ് കുറച്ച് ഭക്ഷണത്തിൽ പച്ചക്കറികളും ധാന്യവർഗങ്ങളും ഉൾപ്പെടുത്തുന്നതാണ് ആരോഗ്യത്തിന് ഗുണകരം.

Related Tags :
Similar Posts