
ദിവസവും നേന്ത്രപ്പഴം കഴിക്കുന്നവരാണോ?; സൂക്ഷിച്ചില്ലേൽ പണികിട്ടും
|പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. മധുരം കഴിക്കാമോ, പായസം കുടിക്കാമോ തുടങ്ങി പല സംശയങ്ങളും പ്രമേഹ രോഗികള്‍ക്കുണ്ട്. അക്കൂട്ടത്തില്‍ എപ്പോഴും ഉയരുന്ന ചോദ്യമാണ് പ്രമേഹ രോഗികള്‍ക്ക് നേന്ത്രപ്പഴം കഴിക്കാമോ എന്നത്
നമ്മുടെ വീടുകളിൽ സ്ഥിരമായി കാണുന്ന ഒന്നാണ് ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം. വിറ്റാമിന്‍ എ മുതല്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പോഷകസമൃദ്ധമായ നേന്ത്രപ്പഴം കഴിക്കേണ്ട രീതിയും ഏറെ പ്രധാനപ്പെട്ടതാണ്. എങ്ങനെ കഴിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും ഇതിലെ പോഷകങ്ങളുടെ ലഭ്യതയും.
വിശപ്പകറ്റാനും അതേ സമയം, തന്നെ വിവിധ പോഷകങ്ങള്‍ നേടാനും പലരും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന ഒന്നു കൂടിയാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം പുഴുങ്ങിയും പച്ചക്കായ കറിയായും ചിപ്‌സ് ആയും തുടങ്ങി പല രീതികളിലാണ് ആളുകൾ കഴിക്കുന്നത് . ഇങ്ങനെ ഓരോ തരത്തില്‍ കഴിക്കുമ്പോഴും കിട്ടുന്ന ഗുണങ്ങള്‍ പലതരത്തിലായിരിക്കും.
പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. മധുരം കഴിക്കാമോ, പായസം കുടിക്കാമോ തുടങ്ങി പല സംശയങ്ങളും പ്രമേഹ രോഗികള്‍ക്കുണ്ട്. അക്കൂട്ടത്തില്‍ എപ്പോഴും ഉയരുന്ന ചോദ്യമാണ് പ്രമേഹ രോഗികള്‍ക്ക് നേന്ത്രപ്പഴം കഴിക്കാമോ എന്നത്. എന്നാൽ പ്രമേഹ രോഗികൾ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് കൊച്ചി സിൽവർലൈൻ ആശുപത്രിയിലെ എൻഡോക്രൈനോളജിസ്റ്റും കൺസൾട്ടന്റ് ഡയബറ്റോളജിസ്റ്റുമായ ടോം ബാബു പറയുന്നത്.
നേന്ത്രപ്പഴത്തിൽ വലിയ തോതിൽ കാര്‍ബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ നേന്ത്രപ്പഴത്തിന്റെ ഗ്ലൈസീമിക് ഇന്‍ഡെക്‌സും വളരെ കൂടുതലാണ്. അതുകൊണ്ട് നേന്ത്രപ്പഴം കഴിക്കുന്നത് പ്രമേഹ രോഗികൾ കുറയ്ക്കണമെന്നും ഡോ. ടോം ബാബു കൂട്ടിച്ചേർത്തു. നേന്ത്രപ്പഴത്തിന് പുറമേ മാങ്ങ, ചക്ക, ചിക്കു തുടങ്ങിയ പഴങ്ങളും പ്രമേഹ രോഗികൾ കഴിക്കുന്നത് കുറയ്ക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6 എന്ന് തുടങ്ങി നമ്മുടെ ശരീരത്തിന് വേണ്ട ധാതുക്കള്‍, ഫോളേറ്റ് തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും നേന്ത്രപ്പഴം സമ്പുഷ്ടമാണെങ്കിലും വെറും വയറ്റില്‍ നേരിട്ട് നേന്ത്രപ്പഴം കഴിക്കുന്നതും അത്ര ഗുണകരമല്ല. നേന്ത്രപ്പഴത്തില്‍ ഉയര്‍ന്ന നിലയില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക ഷുഗര്‍ ശരീരത്തിന് പെട്ടെന്ന് ഊര്‍ജം നല്‍കുമെങ്കിലും മറ്റ് ഭക്ഷണങ്ങള്‍ കഴിക്കാത്തതു മൂലം മറ്റ് ധാതുക്കളുടെ അഭാവം കാരണം ഈ ഊര്‍ജമെല്ലാം പെട്ടെന്ന് നഷ്ടപ്പെടും. നേന്ത്രപ്പഴത്തിന് അസിഡിക് സ്വഭാവമാണുള്ളത്. അതിനാല്‍ ഇത് വെറുംവയറ്റില്‍ കഴിച്ചാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം നേന്ത്രപ്പഴം കഴിക്കുന്നതാണ് നല്ലത്.