< Back
Health
Doctors viral note on protein powder
Health

'ജിമ്മ'നാവാൻ പ്രോട്ടീൻ പൗഡർ വേണമെന്ന് ട്രെയിനർ, കുപ്പത്തൊട്ടിയിലെറിയൂ എന്ന് ഡോക്ടർ; വൈറലായി കുറിപ്പ്

Web Desk
|
24 April 2024 7:49 PM IST

വീട്ടിലെ ഭക്ഷണം ഒഴിവാക്കിയാലും കുഴപ്പമില്ല പ്രോട്ടീൻ പൗഡറുണ്ടല്ലോ എന്ന് കരുതുന്നവർക്കായി പ്രോട്ടീൻ പൗഡറിന്റെ അപകടവശങ്ങൾ വിവരിച്ച് കുറിപ്പിട്ടിരിക്കുകയാണ് ഡോ.സുൾഫി നൂഹ്

ജിമ്മിൽ പോവുക എന്നത് യുവതലമുറയുടെ ദിനചര്യയായി മാറിയിട്ടുണ്ട് ഇപ്പോൾ. യുവാക്കൾക്കിടയിൽ വർധിച്ചു വരുന്ന മരണനിരക്കും ആരോഗ്യപ്രശ്‌നങ്ങളുമൊക്കെ തന്നെയാണ് ഈ മാറ്റത്തിന് കാരണവും. ജിമ്മിൽ പോകുന്ന ആളുകളിൽ കണ്ടുവരുന്ന ഒരു പൊതുവായ കാര്യമാണ് പ്രോട്ടീൻ പൗഡറിന്റെ അമിത ഉപയോഗം.

വീട്ടിലെ ഭക്ഷണം ഒഴിവാക്കിയാലും കുഴപ്പമില്ല പ്രോട്ടീൻ പൗഡറുണ്ടല്ലോ എന്ന് കരുതുന്നവർക്കായി പ്രോട്ടീൻ പൗഡറിന്റെ അപകടവശങ്ങൾ വിവരിച്ച് കുറിപ്പിട്ടിരിക്കുകയാണ് ഡോ.സുൾഫി നൂഹ്. പ്രോട്ടീൻ പൗഡറിന് പകരം വീട്ടിലെ പയറും മുട്ടനും മീനുമൊക്കെ കഴിക്കാനാണ് ഡോക്ടർ കുറിപ്പിൽ പറയുന്നത്.

കുറിപ്പിന്റെ പൂർണരൂപം:

ജിമ്മുകളിലെ പ്രോട്ടീനാദി ചൂർണ്ണം

________

7000 രൂപയെ!

ഇന്നലെ കടന്നുവന്ന രോഗിയുടെ അച്ഛൻറെ പ്രസ്താവന!

അദ്ദേഹം അല്പം അഭിമാനത്തോടെ പ്രഖ്യാപിച്ചു.

മകൻ ജിമ്മനാണ് ;ഇന്നലെ കൂടി ഞാൻ വാങ്ങിക്കൊടുത്തതേയുള്ളൂ 7000 രൂപയുടെ പ്രോട്ടീൻ പൗഡർ!

ഞാനൊന്നുമറിയാത്ത പോലെ എത്ര പ്രോട്ടീൻ പൗഡറുണ്ടെന്ന് ചോദിച്ചു.

"ഒരു ഹോർലിക്സ് കുപ്പിയുടെ അത്രയും."

7000 രൂപയ്ക്ക്.

അതും തലച്ചോർ മുതൽ കിഡ്നി വരെ കാർന്നു തിന്നുന്ന ഘടകങ്ങൾ അടങ്ങിയ പ്രോട്ടീൻ പൗഡർ.

ജിം ട്രെയിനർ ,ഏതാണ്ട്, പത്താന്തരവും ഗുസ്തിയും നൽകിയ ഉപദേശം സ്വീകരിച്ചത് ഡെന്റൽ കോളേജ് വിദ്യാർത്ഥി.

എങ്ങനുണ്ട്.

ഈ പ്രോട്ടീനാദി ഘടകത്തിലും ചൂർണ്ണത്തിലും അടങ്ങിയിരിക്കുന്നത്,

ഇച്ചിരി

പ്രോട്ടീനും

ഇച്ചിരി

ഹെവി മെറ്റൽസും

ഇച്ചിരി

പഞ്ചസാരയും !

അങ്ങനെ കൊല്ലാക്കൊലയ്ക്ക് കൊടുക്കുന്ന പല സാധനങ്ങളുമുണ്ടെന്ന് നിരവധി പഠനങ്ങൾ പറയുന്നു!

ഈ 7000 രൂപയുടെ ചൂർണം വാങ്ങുന്നതിന് പകരം വീട്ടിലെ അടുക്കള, അല്ലെങ്കിൽ തീൻ മേശയിൽ പോയി നോക്കൂ.

ഇതിൻറെ രണ്ട് ശതമാനം വിലയിൽ പ്രോട്ടീൻ ചുറ്റുമുണ്ട്.

അത്,

മുട്ടയിൽ

ചിക്കനിൽ

മീനിൽ

പയറിൽ

കപ്പലണ്ടിയിൽ

ക്യാഷ്യുനട്ടിൽ

പാലിൽ

അങ്ങനെ പലതിലും.!

അതൊന്നും വേണ്ടാന്ന് വച്ചാണ് ആയിരം കോടിയുടെ പരസ്യം ചെയ്യുന്ന പ്രോട്ടീനാദി ചൂർണം ജിമ്മിലെ ഒരു മണിക്കൂർ വർക്ക് ഔട്ടിനു ശേഷം തട്ടി വിടുന്നത്.

അവരുടെ ഗംഭീര ലേബലിൽ കാണുന്നതല്ല പലതിലെയും ഘടകങ്ങളെന്ന് വ്യക്തമായ തെളിവുകൾ.

ഈ പ്രോട്ടീനാധി ചൂർണ്ണം കഴിച്ച്

കിഡ്നി ഫംഗ്ഷൻ മാറിപ്പോകുന്ന

ഹെവി മെറ്റൽ ടോക്സിസിറ്റി വരുന്ന

ഡയബറ്റിസ് കൂടുന്ന ധാരാളം പേരെ ദിവസവും ഡോക്ടർമാർ കാണുന്നുണ്ട്.

ആ ചൂർണമെടുത്ത് കുപ്പത്തൊട്ടിയിലേറിയൂ.

പകരം

വീട്ടിലെ മുട്ടയും

വീട്ടിലെ പയറും

വീട്ടിലെ ചിക്കനും

വീട്ടിലെ മീനും

കഴിക്കൂ.

അച്ഛൻറെ 7000 ,പോക്കറ്റിലിരിക്കട്ടെ!

ഡോ സുൽഫി നൂഹു.

Similar Posts