< Back
Health
മണിക്കൂറുകളോളം നിർത്താതെ ഭക്ഷണം കഴിക്കും;  നടി ഫാത്തിമ സന ഷെയ്ഖിനെ ബാധിച്ച ബുളീമിയ രോഗാവസ്ഥയെക്കുറിച്ച് കൂടുതലറിയാം
Health

'മണിക്കൂറുകളോളം നിർത്താതെ ഭക്ഷണം കഴിക്കും'; നടി ഫാത്തിമ സന ഷെയ്ഖിനെ ബാധിച്ച 'ബുളീമിയ' രോഗാവസ്ഥയെക്കുറിച്ച് കൂടുതലറിയാം

Web Desk
|
19 Nov 2025 11:09 AM IST

എപ്പോഴും ഭക്ഷണത്തെക്കുറിച്ച് ആലോചിച്ചിരിക്കുമെന്നും ഭക്ഷണം തന്‍റെയൊരു കംഫർട്ട് ഇടമായി മാറിയെന്നും 'ദംഗലിലെ' നായിക കൂടിയായ ഫാത്തിമ പറയുന്നു

മുംബൈ: ആമിർഖാൻ ചിത്രം ദംഗലിലൂടെ പ്രശസ്തയായ നടിയാണ് ഫാത്തിമ സന ഷെയ്ഖ്. ദംഗൽ ഷൂട്ടിങ് വേളയിൽ തനിക്ക് അപസ്മാര രോഗമുണ്ടായിരുന്നെന്ന് നേരത്തെ നടി വെളിപ്പെടുത്തിയിരുന്നു. രോഗം കാരണം പലപ്പോഴും ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്നിരുന്നെന്നും അന്ന് ഫാത്തിമ സന വെളിപ്പെടുത്തിയിരുന്നു. തനിക്ക് 'ബുളീമിയ' എന്ന ഈറ്റിങ് ഡിസോൾഡർ ഉണ്ടായിരുന്നതായി ഇപ്പോൾ താരം വെളിപ്പെടുത്തിയിരിക്കുകയാണ്. റിയ ചക്രവർത്തിയുമൊത്തുള്ള പോഡ്കാസ്റ്റ് ചാപ്റ്റർ 2 ലാണ് ഫാത്തിമ സനയുടെ വെളിപ്പെടുത്തൽ നടത്തിയത്.

രണ്ട് വർഷമായി താൻ ബുളിമിയയുമായി മല്ലിട്ടിരുന്നു. ദംഗൽ ഷൂട്ടിങ്ങിനിടെയാണ് ശരീരഭാരം വർധിപ്പിച്ചതിന് ശേഷമാണ് തനിക്ക് ഈ അവസ്ഥ വന്നതെന്നും അവർ പറയുന്നു.

'ലവ്-ഹേറ്റ് ബന്ധമായിരുന്നു എനിക്ക് എന്റെ ശരീരവുമായി ഉണ്ടായിരുന്നത്. എന്റെ ഇമേജിനെ ഞാൻ പ്രണയിച്ചു.എന്നാൽ ഭക്ഷണത്തോട് എനിക്കുണ്ടായിരുന്ന ടോക്‌സിക് ബന്ധമായിരുന്നു.ദംഗലിൽ ഭാരം കൂട്ടേണ്ടി വന്നിരുന്നു.അതിനായി മൂന്ന് മണിക്കൂർ പരിശീലനം നടത്തി, ശരീരഭാരം വർധിപ്പിക്കാൻ എനിക്ക് എല്ലാ ദിവസവും 2,500-3,000 കലോറി കഴിക്കേണ്ടി വന്നു. സിനിമ കഴിഞ്ഞപ്പോൾ, ഞാൻ അത്ര പരിശീലനം നടത്തിയിരുന്നില്ല പക്ഷേ കലോറി അതുപോലെയുണ്ടായി. എപ്പോഴും ഭക്ഷണത്തെക്കുറിച്ച് ആലോചിച്ചിരിക്കും, എപ്പോഴും വിശപ്പാണ്.ഭക്ഷണം എന്റെയൊരു കംഫർട്ട് ഇടമായി മാറി.ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നും . രണ്ടുമണിക്കൂർ ഭക്ഷണം കഴിച്ചാൽ പിന്നെ പട്ടിണി കിടക്കും. പക്ഷേ വീട്ടിൽ നിന്നും പറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയുണ്ടായി. ദംഗലിലെ സഹതാരമായിരുന്ന സാന്യ മൽഹോത്രയാണ് തന്റെ അനാരോഗ്യ ഭക്ഷണശീലത്തെപ്പറ്റി ചൂണ്ടിക്കാണിച്ച് തന്നത്.ആദ്യം എനിക്ക് മനസിലായില്ല.പിന്നീട് നാണക്കേട് തോന്നി. ഞാൻ ചെയ്യുന്നത് ശരിയല്ലെന്ന് മനസിലായി'.ഈ ശീലം തന്റെ മാനസികാരോഗ്യത്തെ കൂടി ബാധിക്കുന്നതായി മനസിലാക്കിയെന്നും ഫാത്തിമ പറയുന്നു.

എന്താണ് ബുളീമിയ നെർവോസ ?

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഗുരുതരമായ ഈറ്റിങ് ഡിസോർഡറാണ് ബുളീമിയ നെർവോസ.ഇത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അതുകൊണ്ട് തന്നെ നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് മൂലം ഭാരവും കൂടും.പിന്നാലെ തടി കുറക്കാനുള്ള ശ്രമമായിരിക്കും നടക്കുക. ഭക്ഷണം കഴിച്ചയുടനെ ഛർദ്ദിക്കുക. തുടർന്ന് പട്ടിണി കിടക്കൽ, അമിതമായി വ്യായാമം ചെയ്യുക തുടങ്ങിയ ശീലങ്ങളെല്ലാമുണ്ടാകും.

മാനസികാരോഗ്യത്തെ ബാധിക്കുന്നതിങ്ങനെ...

ബുളീമിയ ബാധിച്ച ആളുകൾക്ക് പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുമ്പോൾ മാനസികമായി തളരും.നാണക്കേടും കുറ്റബോധവും കാരണം രഹസ്യമായി ഭക്ഷണം കഴിക്കും. എന്നാൽ അമിതമായി ഭക്ഷണം കഴിച്ചതിന് ശേഷം സ്വന്തം ശരീരത്തെക്കുറിച്ച് ആകുലപ്പെടുക,വൈകാരികമായി തളരുക,ആത്മാഭിമാനം നഷ്ടപ്പെടുക തുടങ്ങിയ മാനസിക പ്രയാസത്തിലൂടെ കടന്നുപോകുകയും ചെയ്യും.

ലക്ഷണങ്ങൾ

അസാധാരണമാംവിധം വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് തന്നെയാണ് ബുളീമിയയുടെ പ്രധാന ലക്ഷണം. നിർത്തമെന്ന് കരുതിയാലും അതിന് സാധിക്കാതെ വരികയോ,നിയന്ത്രിക്കാൻ കഴിയാതിരിക്കുകയോ ചെയ്യുന്നതും ഇതിന്റെ ലക്ഷണമാണ്. ഭക്ഷണം കഴിച്ചതിന് ശേഷം അമിതമായി വ്യായാമം ചെയ്യുക, പട്ടിണികിടക്കുക,വീണ്ടും ഭക്ഷണം കഴിക്കുക എന്നത് തുടർന്ന് പോകുകയും ചെയ്യും.

അപകടസാധ്യതകള്‍

ജനിതക, മാനസിക, സാമൂഹിക ഘടകങ്ങളും ബുളിമിയയ്ക്ക് കാരണമാകുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഭക്ഷണക്രമം, സമ്മർദ്ദം, രൂപഭംഗി സംബന്ധിച്ച സാമൂഹിക സമ്മർദ്ദങ്ങൾ എന്നിവ അപകടസാധ്യത വർധിപ്പിക്കും.തന്‍റെ ശരീരത്തെക്കുറിച്ചും അമിത വണ്ണത്തെക്കുറിച്ചും ആകുലപ്പെടുന്നവരോ അല്ലെങ്കിൽ ഉത്കണ്ഠ പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളുടെ ചരിത്രമുള്ളവരിലോ ഈ രോഗാവസ്ഥ കൂടുതല്‍ അപകടത്തിലേക്ക് എത്തും.

ചികിത്സ

ബുളീമിയ കൃത്യമായി കണ്ടെത്തി ചികിത്സ തുടങ്ങുന്നതാണ് എപ്പോഴും നല്ലത്. അതല്ലെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാവുന്ന ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ, പല്ലുകൾക്കും മോണകൾക്കും കേടുപാടുകൾ, ആസിഡ് റിഫ്‌ലക്‌സ്, മലബന്ധം തുടങ്ങിയ ദഹനനാള പ്രശ്‌നങ്ങൾ, വിഷാദം, ഉത്കണ്ഠ, ആത്മഹത്യാ ചിന്തകൾ ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. തെറാപ്പിയിലൂടെയും പോഷകാഹാര കൗൺസിലിംഗിലൂടെയും ചിലപ്പോൾ മരുന്നുകൾ കൊണ്ടും ബുളിമിയ ഭേദമാക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നേരത്തെ രോഗാവസ്ഥ കണ്ടെത്തുന്നത് ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങള്‍ തടയാന്‍ കഴിയും.

Similar Posts