< Back
Health

Health
സ്ഥിരമായി ഹെല്‍മറ്റ് ധരിക്കുന്നവരാണോ? മുടിയുടെ കാര്യത്തില്‍ ആശങ്കയുണ്ടോ?
|25 Jan 2026 12:53 PM IST
ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുടിയെ കുറിച്ച് ആശങ്കകളില്ലാതെ ഹെല്‍മറ്റ് ധരിക്കാം
ഇരുചക്രവാഹം ഉപയോഗിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കേണ്ടത് നിര്‍ബന്ധമാണല്ലോ. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഹെല്‍മറ്റ് ധരിക്കുന്നത്. പൊതുവേ, ഹെല്‍മറ്റ് ധരിക്കാന്‍ പലരും മടികാട്ടുന്നതിന്റെ പിന്നിലെ ഒരു കാരണം മുടിയെ കുറിച്ചുള്ള ആശങ്കയാണ്. ഹെല്‍മറ്റ് ധരിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുമോ, കഷണ്ടി വരാനിടയാക്കുമോ തുടങ്ങിയ സംശയങ്ങള്‍ പലര്‍ക്കുമുണ്ട്. പ്രത്യേകിച്ചും യുവാക്കള്‍ക്ക്. എന്നാല്‍, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുടിയെ കുറിച്ച് ആശങ്കകളില്ലാതെ ഹെല്‍മറ്റ് ധരിക്കാം.
- ഹെല്‍മെറ്റ് ധരിക്കുന്നതുമൂലം തലയില്‍ ഉണ്ടാകുന്ന വിയര്‍പ്പാണ് പ്രധാന വില്ലന്‍. ഇത് മുടിയുടെ വേരുകളെ ദുര്‍ബലപ്പെടുത്തുകയും മുടി കൊഴിയാന്‍ കാരണമാവുകയും ചെയ്യാനിടയുണ്ട്. കൂടാതെ, ഹെല്‍മെറ്റ് ധരിക്കുമ്പോഴും നീക്കുമ്പോഴും മുടി വലിച്ചുനീട്ടുന്നതും, മുടി കൊഴിച്ചിലിന് കാരണമാകും.
- ദിവസവും നന്നായി തല കുളിക്കുന്നത് നല്ല കാര്യമാണ്. മുടിയുടെ വേരില്‍ നിന്നും നന്നായി ക്ലീനാക്കി കുളിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമാണ് തലയില്‍ നിന്നും വിയര്‍പ്പും അഴുക്കും കഴുകിപ്പോവുകയുള്ളൂ. ഇത് താരന്‍ വരാതിരിക്കാനും മുടി കൊഴിച്ചില്‍ തടയാനും സഹായിക്കും.
- നനഞ്ഞ മുടിയില്‍ ഹെല്‍മറ്റ് ധരിക്കരുത്. നനഞ്ഞ മുടിയില്‍ ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ തലയില്‍ ബാക്ടീരിയകള്‍ പെരുകുന്നതിന് കാരണമായേക്കും. ഇരുചക്ര വാഹനം ഉപയോഗിക്കുന്നതിന് മുമ്പ് മുടി നന്നായി ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
- ഹെല്‍മറ്റിനടിയില്‍ നേര്‍ത്ത കോട്ടണ്‍ തുണിയോ മാസ്‌കോ ധരിക്കുന്നത് നല്ലതാണ്. ഇത് വിയര്‍പ്പിനെ വലിച്ചെടുക്കും. കഴുകി നന്നായി വൃത്തിയാക്കി വേണം ഉപയോഗിക്കാന്‍. ഹെല്‍മറ്റില്‍ വിയര്‍പ്പ് പടരാതിരിക്കാനും ഇത് സഹായിക്കും.
- ഹെല്‍മറ്റിന്റെ ഉള്‍വശം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കണം. ശുദ്ധവായു ലഭിക്കുന്ന സ്ഥലത്തു വേണം ഹെല്‍മറ്റ് സൂക്ഷിക്കാന്‍. ഇത് അണുബാധ തടയും.
- ദൂരയാത്രകള്‍ പോകുന്നതിനിടയ്ക്ക് കൃത്യമായ ഇടവേളകളില്‍ വണ്ടി നിര്‍ത്തി ഹെല്‍മറ്റ് ഊരിവെക്കാം. ഇത് അമിതമായ വിയര്‍പ്പിനെ തടയും. മറ്റൊരാളുടെ ഹെല്‍മറ്റ് മാറ്റി ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.
- പാകമായ വലിപ്പത്തിലുള്ള ഹെല്‍മറ്റ് വേണം ധരിക്കാന്‍. ഹെല്‍മറ്റ് മുറുകി ഇരുന്നാല്‍ ബ്ലഡ് സര്‍ക്കുലേഷന്‍ കുറയും. സ്ത്രീകള്‍ സ്ഥിരമായി മുടി ടൈറ്റ് ആയി കെട്ടിവെച്ചാല്‍ മുടികൊഴിയും. ഇതുതന്നെയാണ് പുരുഷന്‍മാര്‍ക്കും ഹെല്‍മറ്റ് ടൈറ്റ് ആയി ഇരുന്നാല്‍ സംഭവിക്കുക.