< Back
Health
സൂക്ഷിച്ചില്ലെങ്കിൽ പ്രമേഹം കാഴ്ചയെ കവരും
Health

സൂക്ഷിച്ചില്ലെങ്കിൽ പ്രമേഹം കാഴ്ചയെ കവരും

Web Desk
|
20 Oct 2022 8:25 PM IST

പ്രമേഹം മൂലം കാഴ്ച നഷ്ടപ്പെടുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. കാഴ്ചകളില്ലാത്ത ലോകത്തെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ല. മാറിയ ജീവിതശൈലി കണ്ണിനെയും കാഴ്ചയെയും ഏറെ ബാധിക്കാറുണ്ട്. പ്രമേഹം, രക്തസമ്മര്‍ദം, മാനസിക പിരിമുറുക്കം, കംപ്യൂട്ടറിന്റെ അമിതോപയോഗം തുടങ്ങി ജീവിതശൈലിയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ വിവിധതരം കാഴ്ചാപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു.

വളരെ സാവധാനത്തിലാണ് പ്രമേഹം കാഴ്ച കവരുന്നത്. കാഴ്ചയ്ക്ക് കുഴപ്പമൊന്നുമില്ലാത്തതിനാലും, പ്രാരംഭലക്ഷണങ്ങള്‍ പ്രകടമല്ലാത്തതിനാലും ഇത്തരം പ്രശ്നങ്ങള്‍ പൊതുവെ പ്രമേഹരോഗികള്‍ തിരിച്ചറിയാറില്ല. കണ്ണില്‍ കാഴ്ചയെ നിര്‍ണയിക്കുന്ന ഏറ്റവും പ്രധാന ഭാഗങ്ങളിലൊന്നാണ് റെറ്റിന. നേത്രഗോളത്തിന്റെ പിന്‍ഭാഗത്തായി കാണുന്ന സുതാര്യസ്തരമാണിത്. വളരെ നേരിയ രക്തലോമികകളിലൂടെയും, നേര്‍ത്ത ധമനികളിലൂടെയുമാണ് റെറ്റിനയ്ക്ക് ആവശ്യമായ രക്തമെത്തുന്നത്. അനിയന്ത്രിതമായ പ്രമേഹം ഈ ചെറുരക്തധമനികള്‍ അടയാനും, ദുര്‍ബലമാകാനും ഇടയാക്കും. ഈ രോഗംമൂലം പ്രമേഹരോഗിയുടെ കാഴ്ച ഭാഗികമായോ, പൂര്‍ണമായോ നഷ്ടപ്പെടാറുണ്ട്.

പ്രമേഹം കണ്ണിനെ ബാധിക്കുന്നതിൻറെ പ്രാരംഭലക്ഷണങ്ങള്‍

. കണ്ണിനു മുമ്പില്‍ ഒരുഭാഗം ഇരുട്ടായി തോന്നുക.

. മൂടലുകളോ കാഴ്ചവൈകല്യങ്ങളോ തോന്നുക.

. നല്ല വെളിച്ചത്തില്‍നിന്ന് മങ്ങിയ വെളിച്ചത്തിലേക്കു നീങ്ങുമ്പോള്‍ കടുത്ത അസ്വസ്ഥത ഉണ്ടാകുക.

. രാത്രിക്കാഴ്ച തീരെ കുറയുക

ഗുരുതരാവസ്ഥയിലെത്തിയാല്‍ മാത്രമേ അറിയാറുള്ളു. അതിനാല്‍ പ്രമേഹംമൂലം കാഴ്ച നഷ്ടപ്പെടുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. പ്രമേഹം കണ്ണിനെ ബാധിക്കുന്ന ആദ്യഘട്ടങ്ങളില്‍ കണ്ണിലെ രക്തലോമികകളില്‍ നീര്‍വീക്കം ഉണ്ടാകുന്നു. ഇത് യഥാസമയം കണ്ടെത്തി ചികിത്സ തേടാത്തവരുടെ രക്തക്കുഴലുകളില്‍ തടസ്സങ്ങളുണ്ടാവുക, രക്തക്കുഴലുകളില്‍നിന്ന് കൊഴുപ്പുഘടകങ്ങള്‍ പുറത്തുവരിക, കണ്ണില്‍ പുതിയ രക്തക്കുഴലുകള്‍ പൊട്ടിമുളയ്ക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. തുടര്‍ന്ന് വേണ്ടത്ര രക്തം ലഭിക്കാത്തതിനാല്‍ റെറ്റിനയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും കാഴ്ച തകരാറിലാകുകയും ചെയ്യും.

Similar Posts