< Back
Health
അഞ്ച് മണിക്കൂറിൽ താഴെയാണോ ഉറക്കം? അമ്പത് വയസ്സിൽ മാറാരോഗി ആയേക്കാം...
Health

അഞ്ച് മണിക്കൂറിൽ താഴെയാണോ ഉറക്കം? അമ്പത് വയസ്സിൽ മാറാരോഗി ആയേക്കാം...

Web Desk
|
24 Oct 2022 6:00 PM IST

ഉറക്കക്കുറവ് അകാലമരണത്തിന്റെ സാധ്യത വർധിപ്പിക്കുമെന്നും പഠനം

ഫോണിൽ സ്‌ക്രോൾ ചെയ്ത് ഉറങ്ങാൻ വൈകാറുണ്ടോ? അങ്ങനെ ദിവസവും അഞ്ച് മണിക്കൂർ പോലും ഉറങ്ങാൻ പറ്റാത്തവരാണോ നിങ്ങൾ? എങ്കിൽ അമ്പതാം വയസ്സിൽ നിങ്ങളെ കാത്തിരിക്കുന്നത് മാറാരോഗങ്ങളെന്ന് പഠനം.

ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജ് ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്, അഞ്ച് മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നവർക്ക് അമ്പത് വയസ്സോടടുക്കുമ്പോൾ ഹൃദ്രോഗം,പ്രമേഹം,ക്യാൻസർ,പക്ഷാഘാതം,വാതം എന്നീ രോഗങ്ങളിലേതെങ്കിലും തീർച്ചയായും ഉണ്ടാകും എന്നാണ്.

ഏഴ് മണിക്കൂർ ശരാശരി ഉറക്കം ലഭിക്കുന്നവരേക്കാൾ മാറാരോഗങ്ങളുണ്ടാകാനുള്ള സാധ്യത കുറച്ച് സമയം മാത്രം ഉറങ്ങുന്നവരിൽ 20 ശതമാനം കൂടുതലാണെന്നും ഉറക്കക്കുറവ് അകാലമരണത്തിന്റെ സാധ്യത വർധിപ്പിക്കുമെന്നും പിഎൽഒഎസ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം കൂട്ടിച്ചേർക്കുന്നു.

ഉറക്കക്കൂടുതൽ കൊണ്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമോ എന്നും ഗവേഷകർ നിരീക്ഷിച്ചെങ്കിലും ഇതിൽ കാര്യമായ കുഴപ്പങ്ങളൊന്നും കണ്ടെത്താനായില്ല. ഉറക്കക്കൂടുതലും മാറാരോഗങ്ങളും തമ്മിൽ ഇതുവരെ കാര്യമായ ബന്ധമില്ലെന്നർഥം.

ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറക്കം ലഭിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ അറിയിക്കുന്നത്. ഇതിൽ കുറവ് ഉറക്കം പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് നേരത്തെയും പഠനങ്ങളുണ്ടായിട്ടുണ്ട്.

Similar Posts