< Back
Health
മൈക്രോവേവ് ഓവന്‍ ഉപയോഗിച്ചാല്‍ കാന്‍സര്‍ വരുമോ? വാസ്തവമറിയാം...

photo|Shutterstock

Health

മൈക്രോവേവ് ഓവന്‍ ഉപയോഗിച്ചാല്‍ കാന്‍സര്‍ വരുമോ? വാസ്തവമറിയാം...

Web Desk
|
21 Oct 2025 11:18 AM IST

പാചകം ചെയ്യാനായി 'മൈക്രോവേവ് സേഫ്' എന്ന് ലേബല്‍ ചെയ്ത ഗ്ലാസോ, സെറാമിക് പാത്രങ്ങളോ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്

അടുക്കള ജോലികള്‍ എളുപ്പമാക്കാന്‍ ഇന്ന് പലവിധ ഉപകരണങ്ങളും മാര്‍ക്കറ്റിലിറങ്ങുന്നുണ്ട്. അതിലൊന്നാണ് മൈക്രോവേവ് ഓവന്‍. ഒട്ടുമിക്ക വീടുകളിലും മൈക്രോവേവ് ഓവനുകളുമുണ്ട്. ഭക്ഷണങ്ങള്‍ പെട്ടന്ന് പാകം ചെയ്‌തെടുക്കാനും പാകം ചെയ്ത ഭക്ഷണങ്ങള്‍ ചൂടാക്കാനുമെല്ലാമാണ് കൂടുതല്‍ പേരും മൈക്രോവേവ് ഓവന്‍ ഉപയോഗിക്കുന്നത്. അടുപ്പില്‍ മണിക്കൂറുകളോളം ചെയ്യുന്ന ജോലികള്‍ വേഗത്തില്‍ ചെയ്തുതീര്‍ക്കാന്‍ പറ്റുമെന്നത് തന്നെയാണ് ഇതിന്റെ പ്രധാന ഗുണം.

മൈക്രോവേവ് ഓവനും കാന്‍സറും

മൈക്രോവേവ് ഓവനില്‍ പാചകം ചെയ്യുമ്പോള്‍ പുറത്ത് വരുന്ന റേഡിയേഷനുകള്‍ കാന്‍സറിന് കാരണമാകുമെന്ന രീതിയില്‍ പ്രചാരണം നടക്കുന്നുണ്ട്.എന്നാല്‍ വാസ്തവം അതല്ല.. മൈക്രോവേവ് ഓവനുകള്‍ ശരിയായി ഉപയോഗിക്കുമ്പോള്‍ കാന്‍സര്‍ ഉണ്ടാക്കാനുള്ള സാധ്യത ഇല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓവനില്‍ ഇലക്ട്രിക് ഹീറ്റിങ് വഴിയാണ് ഭക്ഷണം പാകം ചെയ്യുന്നത്. അതായത് വൈദ്യുതിയെ ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങളാക്കിയാണ് പാചകം നടക്കുന്നത്. മൈക്രോവേവുകളിലുണ്ടാകുന്ന റേഡിയേഷനുകള്‍ പൂര്‍ണമായും നിരുപ്രദവകരമാണ്. കുറഞ്ഞ ഫ്രീക്വന്‍സി വൈദ്യുത കാന്തിക വികരണമാണ് ഇതില്‍ ഉപോയഗിക്കുന്നത്. മൈക്രോവേവുകള്‍ ഭക്ഷണത്തിലെ ജല തന്മാത്രകളെ വൈബ്രേറ്റ് ചെയ്യിപ്പിച്ച് ചൂട് ഉല്‍പ്പാദിപ്പിക്കുന്നു, അതുവഴി ഭക്ഷണം ചൂടാകുന്നു. എക്‌സ്‌റേകളില്‍ നിന്ന് വ്യത്യസ്തമായി മൈക്രോവേവുകള്‍ അയോണൈസിംഗ് വികരണം ഉപയോഗിക്കുന്നില്ലെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

മൈക്രോവേവ് ഓവനുകള്‍ കാന്‍സര്‍ ഉണ്ടാക്കുമെന്ന് തെളിയിക്കുന്ന യാതൊരു തെളിവുമില്ലെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയും മൈക്രോവേവ് ഓവനുകള്‍ ശരിയായി ഉപയോഗിക്കുമ്പോള്‍ സുരക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ മൈക്രോവേവില്‍ ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് നമ്മുടെയടുത്ത് നിന്നുണ്ടാകുന്ന പിഴവുകള്‍ പലവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പ്ലാസ്റ്റിക് എന്ന അപകടകാരി....

ചില പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ മൈക്രോവേവില്‍ ഉപയോഗിക്കുമ്പോള്‍ രാസവസ്തുക്കള്‍ ഭക്ഷണത്തില്‍ കലരാന്‍ സാധ്യതയുണ്ട്.ചില പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ മൈക്രോവേവുകള്‍ക്കായി രൂപകല്‍പ്പന ചെയ്തവയായിരിക്കില്ല. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ചില പോളിമറുകള്‍ കുറന്ന താപനിലയില്‍ ഉരുകുകയും ചൂട് 100 ഡിഗ്രി സെല്‍ഷ്യല്‍ കൂടിയാല്‍ അവ ഭക്ഷണത്തിലേക്ക് കലരുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു. പ്ലാസ്റ്റിക്കിനുള്ളില്‍ ഉപയോഗിക്കുന്ന ഫ്താലേറ്റുകള്‍ , ബിസ്‌ഫെനോള്‍ എന്നിവ ഭക്ഷണത്തിലേക്ക് കലര്‍ന്നാല്‍ നമ്മുടെ ഹോര്‍മോണുകളെയും മെറ്റബോളിക് സിസ്റ്റത്തെയും തടസ്സപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട് . കുട്ടികളില്‍, ഫ്താലേറ്റുകള്‍ക്ക് രക്തസമ്മര്‍ദത്തിന് കാരണമായേക്കും.കൂടാതെ പ്രമേഹം , ഫെര്‍ട്ടിലിറ്റി പ്രശ്‌നങ്ങള്‍, ആസ്ത്മ, എഡിഎച്ച്ഡി എന്നിവക്കും കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു.

പ്ലാസ്റ്റിക്കിലടങ്ങിയ മൈക്രോ പ്ലാസ്റ്റിക്കും ആരോഗ്യത്തിന് ഹാനികരമാണ്. മൈക്രോവേവ് ചെയ്യുന്ന പ്ലാസ്റ്റിക് ഭക്ഷണപാത്രങ്ങള്‍ ഓരോ ചതുശ്ര സെന്റീമീറ്ററിലും നാല് ദശലക്ഷം മൈക്രോപ്ലാസ്റ്റിക്കുകള്‍ പുറത്ത് വിടുന്നുണ്ടെന്ന് 2023ല്‍ എന്‍വയണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോജി ജേണലില്‍ വന്ന പഠനത്തില്‍ പറയുന്നുണ്ട്.ഇത് ശരീരത്തിലെത്തിയാല്‍ ഡിമെന്‍ഷ്യ പോലുള്ള അസുഖങ്ങളിലേക്ക് നയിക്കുമെന്നും പഠനം പറയുന്നു.

അതുകൊണ്ടുതന്നെ പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ മൈക്രോവേവ് പാചകത്തിനായി ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക.'മൈക്രോവേവ് സേഫ്' എന്ന് ലേബല്‍ ചെയ്ത ഗ്ലാസോ, സെറാമിക് പാത്രങ്ങളോ ഉപയോഗിക്കാം. ഇനി പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ മൈക്രോവേവ് സേഫ്' എന്ന് അടയാളപ്പെടുത്തിയ കണ്ടെയ്‌നറുകള്‍ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.

Similar Posts