
തെർമൽ പേപ്പറിലെ ബില്ലുകളിലും ടിക്കറ്റുകളിലും ഒളിഞ്ഞിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
|ബസ് ടിക്കറ്റുകളും വൈദ്യുത ബില്ലുമടക്കം മിക്കതും ഇപ്പോൾ തെർമൽ പേപ്പറിലാണ് പ്രിന്റ് ചെയ്യുന്നത്
ഇക്കാലത്ത് ഓൺലൈൻ ഷോപ്പിങ് സാധാരണമായി മാറിയിരിക്കുകയാണ്. മിക്ക ആളുകളും പലചരക്ക് സാധനങ്ങൾ മുതൽ സ്മാർട്ട്‌ഫോണുകൾ വരെ ഓൺലൈനായാണ് വാങ്ങുന്നത്. എന്നാൽ ധാരാളം ആളുകൾ കടകളിൽ പോയി ഷോപ്പിങ് നടത്തുവാൻ ആഗ്രഹിക്കുന്നവരാണ്.
എന്നാൽ ന്യൂയോർക്ക് സിറ്റി ആസ്ഥാനമായുള്ള ബോർഡ് സർട്ടിഫൈഡ് ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റായ ഡോ. ടാനിയ എലിയറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. ഷോപ്പിങ്ങിനു ശേഷം കടകളിൽ നിന്ന് ലഭിക്കുന്ന ബില്ലുകളിൽ ഒരിക്കലും തൊടരുതെന്നും നിരുപദ്രവകരമായി കാണപ്പെടുന്ന പേപ്പർ സ്ലിപ്പ് നിങ്ങളുടെ ആരോഗ്യത്തെ തകർക്കുമെന്നുമാണ് ടാനിയ പറയുന്നത്.
മിക്ക രസീതുകളും ബിസ്ഫെനോൾ എ (ബിപിഎ) പോലുള്ള ബിസ്ഫെനോളുകൾ അടങ്ങിയ തെർമൽ പേപ്പർ ഉപയോഗിച്ചാണ് നിർമിക്കുന്നത്. ഇത് ശരീരത്തിന്റെ രക്തപ്രവാഹത്തിൽ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നു. ഈ രാസവസ്തുക്കൾ വിഷാംശമുള്ളവയാണ്. അവ പ്രത്യുൽപാദനക്ഷമതയെയും ഹോർമോൺ സന്തുലിതാവസ്ഥയെയും ബാധിക്കുകയും അർബുദ സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് ടാനിയ എലിയറ്റ് ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറഞ്ഞു.
ഒരു ടിൻ ഭക്ഷണത്തിൽ കാണപ്പെടുന്നതിനേക്കാൾ ആയിരം മടങ്ങ് കൂടുതലായിരിക്കും പേപ്പർ സ്ലിപ്പുകളിലെ ബിപിഎ അളവ് എന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകളിൽ നിന്നോ ഭക്ഷണ പാത്രങ്ങളിൽ നിന്നോ ബിപിഎ എക്സ്പോഷർ സംഭവിക്കുമെന്ന് മിക്ക ആളുകളും കരുതുന്നുണ്ടെങ്കിലും, പേപ്പർ സ്ലിപ്പുകളും ഇതിന്റെ വലിയ ഉറവിടമാണ്. ബസ് ടിക്കറ്റുകളും വൈദ്യുത ബില്ലുമടക്കം മിക്കതും ഇപ്പോൾ തെർമൽ പേപ്പറിലാണ് പ്രിന്റ് ചെയ്യുന്നത്