< Back
Health
എന്തിനും ഏതിനും പാരസെറ്റാമോൾ കഴിക്കാമോ? വലിച്ചുവാരി കഴിക്കാനുള്ളതല്ല ഈ ഗുളിക!
Health

എന്തിനും ഏതിനും പാരസെറ്റാമോൾ കഴിക്കാമോ? വലിച്ചുവാരി കഴിക്കാനുള്ളതല്ല ഈ ഗുളിക!

Web Desk
|
11 Sept 2025 4:59 PM IST

പാരസെറ്റമോളിന്‍റെ ദൈനംദിന ഉപയോഗം രക്തസമ്മർദം കൂട്ടുകയും ഹൃദയാഘാത സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്

പനിയോ ജലദോഷമോ തലവേദനയോ എന്തുമാകട്ടെ എന്തിനും ഏതിനും ഭൂരിഭാഗം പേരും കഴിക്കുന്ന ഗുളികയാണ് പാരസെറ്റാമോൾ. ഇന്ത്യക്കാര്‍ ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജെംസ് പോലെയാണെന്നാണ് ഒരിക്കൽ യുഎസ് ആസ്ഥാനമായുള്ള ഡോ. പാല്‍ എന്നറിയപ്പെടുന്ന ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ഡോ. പളനിയപ്പന്‍ മാണിക്കം പരിഹസിച്ചത്.

പാരസെറ്റമോളിന്‍റെ ദൈനംദിന ഉപയോഗം രക്തസമ്മർദം കൂട്ടുകയും ഹൃദയാഘാത സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്കോട്ട്ലാന്‍റിലെ എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യതയുള്ള ആളുകൾക്ക് പാരസെറ്റമോൾ നിർദേശിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണമെന്ന് ഗവേഷകർ ഡോക്ടർമാരോട് നിര്‍ദേശിക്കുന്നു.

എന്നാല്‍ വല്ലപ്പോഴും പാരസെറ്റമോൾ കഴിക്കുന്നവർ ആശങ്കപ്പെടേണ്ടതില്ലെന്ന് എൻഎച്ച്എസ് ലോതിയനിലെ ക്ലിനിക്കൽ ഫാർമക്കോളജി ആൻഡ് നെഫ്രോളജി കൺസൾട്ടന്‍റായ ഡോ.ഇയാൻ മക്കിന്‍റൈര്‍ പറയുന്നു. പനിയോ തലവേദനയോ മാറാന്‍ പാരാസെറ്റമോള്‍ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാല്‍ ഇത് ദീർഘകാലത്തേക്ക് പതിവായി കഴിക്കുന്ന ആളുകൾക്ക് വിട്ടുമാറാത്ത വേദനയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇയാന്‍ വ്യക്തമാക്കുന്നു.

പാർശ്വഫലങ്ങളില്ലാത്ത ഒരു മരുന്നുമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമിതമായി പാരസെറ്റാമോൾ കഴിക്കുന്നത് പൊതുവേ നല്ലതല്ല. വൃക്കകൾക്ക് കേടുപാടുകൾ സംഭവിക്കില്ലെങ്കിലും കരളിനെ നേരിട്ട് ബാധിക്കും. കൂടിയ അളവിൽ പാരസെറ്റമോൾ കഴിക്കുന്നത് കരളിൽ മെറ്റബോളിസം വർധിപ്പിക്കാൻ ഇടയാക്കും. അതിനാൽ, ശരിയായ മാർഗ്ഗനിർദ്ദേശമില്ലാതെ ഈ ഗുളിക കഴിക്കരുത്. പാരസെറ്റമോളിന്റെ അമിതമായ ഉപയോഗം കരളിനെ ബാധിക്കുകയും ഒടുവിൽ വിഷബാധയിലേക്ക് നയിക്കുകയും കരളിനെ തകരാറിലാക്കുകയും ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Related Tags :
Similar Posts