< Back
Health
സംഭവിക്കാനിരിക്കുന്ന കാര്യങ്ങളിൽ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിട്ടുണ്ടോ? ഉത്കണ്ഠയുടെ ലക്ഷണമായേക്കാം

Photo: Shutterstock

Health

സംഭവിക്കാനിരിക്കുന്ന കാര്യങ്ങളിൽ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിട്ടുണ്ടോ? ഉത്കണ്ഠയുടെ ലക്ഷണമായേക്കാം

Web Desk
|
24 Oct 2025 5:54 PM IST

ലക്ഷണങ്ങൾ നേരത്തെ മനസ്സിലാക്കുകയാണെങ്കിൽ തെറാപ്പിയിലൂടെയും ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും മാനസികാരോ​ഗ്യം വീണ്ടെടുക്കാമെന്നാണ് ഡോക്ടർ സമീർ മൽഹോത്ര പറയുന്നത്

ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ ഉത്കണ്ഠ അനുഭവപ്പെടുകയെന്നത് മനുഷ്യസഹജമായ കാര്യമാണ്. നാളെ ഇനി എന്ത് സംഭവിക്കും?പരീക്ഷയിൽ ഞാൻ എന്ത് എഴുതും?എന്നിങ്ങനെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ ആലോചിച്ച് വിഷമിക്കുന്ന നിരവധിയാളുകളുണ്ട്. ഇത്തരത്തിൽ പരീക്ഷകൾ, ഇന്റർവ്യൂകൾ തുടങ്ങി ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ ഉത്കണ്ഠ അനുഭവിക്കുന്നതിലൂടെ വരാനിരിക്കുന്ന കാര്യങ്ങളെ കൂടുതൽ തയ്യാറെടുപ്പുകളോടെ നേരിടാൻ നമുക്ക് കഴിയും.

എങ്കിലും, ഉത്കണ്ഠ ജീവിതത്തിൽ സന്തതസഹചാരിയാകുകയും ദൈനംദിന ജീവിതത്തിൽ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിൽ എത്രയും വേ​ഗം പരിഹാരം തേടേണ്ടതുണ്ടെന്ന് നിർദേശിച്ചിരിക്കുകയാണ് സാകേത് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ മാനസികാരോ​ഗ്യ വി​ദ​ഗ്ധൻ ഡോ. സമീർ മൽഹോത്ര. തന്റെ 20 വർഷത്തെ പരിചയസമ്പത്തിന്റെ വെളിച്ചത്തിൽ മനുഷ്യന്റെ മാനസികാരോ​ഗ്യത്തിൽ വില്ലനായേക്കാവുന്ന ഉത്കണ്ഠയുടെ ലക്ഷണങ്ങൾ ഡോക്ടർ വിശദീകരിക്കുകയാണ്.

'വൈകാരികമായി നിങ്ങൾ തളർന്നു പോയേക്കാവുന്ന വിഷയങ്ങളെ ഒറ്റക്ക് ചുമക്കാമെന്ന് കരുതിയിരിക്കരുത്. കാരണം, നിങ്ങൾക്ക് അതിന് കഴിയില്ല, ഏറ്റവും വിശ്വസ്ഥനായ സുഹൃത്തിനോടോ കുടുംബാം​ഗങ്ങളോടോ ഡോക്ടറോടോ സാഹചര്യം നിങ്ങൾ വിശദീകരിക്കേണ്ടതുണ്ട്. രണ്ട് ആഴ്ചയിലേറെ ഈ ല​ക്ഷണങ്ങൾ നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങളൊരു മാനസികാരോ​ഗ്യ വി​ദ​ഗ്ധനെ കാണണം.' ഡോക്ടർ വ്യക്തമാക്കി.

സ്ഥിരമായി നീണ്ടുനിൽക്കുന്ന ഉത്കണ്ഠ ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിച്ചേക്കാം. ഏറ്റവും നിസ്സാരമായ കാര്യങ്ങൾ പോലും അസാധ്യമാണെന്ന് നിങ്ങളുടെ മനസ്സിനെ തോന്നിപ്പിക്കാനും ബന്ധങ്ങളിൽ വിള്ളലുവീഴ്ത്താനും കാരണമായേക്കാം. എന്നാലും, പ്രതീക്ഷ കൈവെടിയേണ്ടതില്ല, ലക്ഷണങ്ങൾ നേരത്തെ മനസ്സിലാക്കുകയാണെങ്കിൽ തെറാപ്പിയിലൂടെയും ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും മാനസികാരോ​ഗ്യം വീണ്ടെടുക്കാമെന്നാണ് ഡോക്ടർ സമീർ മൽഹോത്ര പറയുന്നത്.

ഡോക്ടർ മൽഹോത്ര പങ്കുവെച്ച ഉത്കണ്ഠയുടെ ലക്ഷണങ്ങൾ;

1. വൈകാരികമായ അസ്ഥിരത

  • ദേഷ്യവും ഭയവും നിരന്തരമായി മാറിമറിയുക
  • ജീവിതത്തിൽ ഏറ്റവും മോശമായതും അങ്ങേയറ്റം നല്ലതും മാത്രം സംഭവിച്ചിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിക്കുക
  • ആത്മവിശ്വാസം തകർന്നതായി അനുഭവപ്പെടുക

2. ശാരീരികമായ ലക്ഷണങ്ങൾ

  • ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും ശരീരം വലിയ തോതിൽ ക്ഷീണം അനുഭവപ്പെടുക
  • രാത്രികളിൽ പല ഘട്ടങ്ങളിലായി ഉറക്കം നഷ്ടപ്പെടുക
  • ഹൃദയമിടിപ്പ് അസാധാരണമായി ഉയരുക, ശ്വാസമെടുക്കാൻ തടസ്സം, വിറയൽ, നിരന്തരമായ മൂത്രതടസ്സം തുടങ്ങിയ അസ്വസ്ഥകൾ അനുഭവപ്പെടുന്നതും ഉത്കണ്ഠയുടെ ല​ക്ഷണങ്ങളാകാം.

3. വിചിത്രമായ പെരുമാറ്റങ്ങൾ

  • മനസ്സാന്നിധ്യം നഷ്ടപ്പെടുക
  • അമിതമായ ചിന്ത
  • അനാവശ്യമായ ധൃതി
  • അവ​ഗണിക്കപ്പെടുന്നുവെന്ന തോന്നൽ
  • തീരുമാനങ്ങളെടുക്കാൻ കഴിയാതെ വരുന്ന അവസ്ഥ

ഉത്കണ്ഠയുടെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതോടൊപ്പം വിഷാദരോ​ഗത്തിന്റെ സൂചനകളും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണെന്നാണ് ഡോക്ടർ മൽഹോത്രയുടെ അഭിപ്രായം.

ഡോക്ടർ പങ്കുവെച്ച വിഷാദരോ​ഗത്തിന്റെ ലക്ഷണങ്ങൾ;

മുൻകാലങ്ങളിൽ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആസ്വദിച്ച കാര്യങ്ങളോട് വിമുഖത തോന്നുക.

മാസങ്ങളോളം നീണ്ടുനിൽക്കുന്ന നിസ്സഹായത, പ്രതീക്ഷയില്ലായ്മ,

ക്ഷീണം അനുഭവപ്പെടുക

അക്കാഡമിക് വിഷയങ്ങളിൽ താത്പര്യമില്ലാതെയാകുക

ലൈം​ഗികാസക്തിയുടെ ഉയർച്ചതാഴ്ച്ചകൾ, ഭാരം കുറഞ്ഞതായി അനുഭവപ്പെടുക

മറവി, മനസ്സ് ശൂന്യമായി തോന്നുക

ഇത്തരത്തിൽ മാനസികാരോ​ഗ്യത്തിന് വിഘാതം സൃഷ്ടിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് അനിവാര്യമായ ചികിത്സ എത്രയും വേ​ഗം ഉറപ്പുവരുത്തേണ്ടതുണ്ട്.

Similar Posts