< Back
Health
hair loss
Health

തടി കൂടുന്നത് മുടി കൊഴിയാൻ കാരണമാകുന്നുണ്ടോ?

Web Desk
|
17 July 2023 3:27 PM IST

ടോക്കിയോ മെഡിക്കല്‍ ആന്റ് ഡെന്റല്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് വണ്ണം കൂടുന്നതും മുടി കൊഴിയുന്നതും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞത്.

തടി കൂടുന്നത് ആരോഗ്യ പ്രശ്‌നമാണ്. പല രോഗങ്ങളുടേയും മൂല കാരണമാണ് അമിത വണ്ണം. ഭക്ഷണം, പാരമ്പര്യം, രോഗം, വ്യായാമക്കുറവുകളെല്ലാം തന്നെ ഇതിന് കാരണമാകാറുമുണ്ട്. അമിതമായ വണ്ണം കുറയ്ക്കാന്‍ വ്യായാമവും ഭക്ഷണ, ജീവിതശൈലീ നിയന്ത്രണവും തന്നെയാണ് ഗുണം നല്‍കുക. എന്നാല്‍ തടിയും മുടിയും തമ്മില്‍ ബന്ധമുണ്ടെന്ന കാര്യവും പലര്‍ക്കുമറിയില്ല.

മുടി കൊഴിയുന്നതിന് കാരണങ്ങള്‍ ​

മുടി കൊഴിയുന്നതിന് കാരണങ്ങള്‍ പലതാണ്. ഇതിന് പോഷകക്കുറവ് മുതല്‍ മുടിയില്‍ ഒഴിയ്ക്കുന്ന വെള്ളം വരെ കാരണമാവാറുണ്ട്.

ടോക്കിയോ മെഡിക്കല്‍ ആന്റ് ഡെന്റല്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് വണ്ണം കൂടുന്നതും മുടി കൊഴിയുന്നതും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞത്. പ്രത്യേകിച്ചും വയറ്റില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് ഇതിനു കാരണമവാറുണ്ട്.

വയറ്റില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ്​

വയറ്റില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് ഹോര്‍മോണ്‍ ഇംബാലന്‍സ് ഉണ്ടാക്കുന്ന ഒന്നാണ്. ഇത് ആന്‍ഡ്രൊജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് ഡിഎച്ച്ടി (ഡൈഹൈഡ്രോടെസ്‌റ്റോസ്റ്റിറോണ്‍) ഉല്‍പാദനം. ഇതിന്റെ ഉയര്‍ന്ന തോത് മുടി വേരുകളെ ദോഷകരമായി ബാധിക്കുന്നു. മുടി കൊഴിയാനും മുടിയുടെ വളർച്ചയെ ദോഷകരമായി ബാധിക്കാനും ഇടയാക്കുന്ന ഒന്നാണ് ഇത്.

പിസിഒഡി, ​പിസിഒഎസ്

സ്ത്രീകളില്‍ പിസിഒഡി പോലുള്ള പല ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നത് അമിത വണ്ണമാണ്. ഇത് മുടി കൊഴിയാന്‍ ഇടയാക്കുന്ന കാരണം കൂടിയാണ്. ഇതു കൂടാതെ ഹൈപ്പോ തൈറോയ്ഡ് പ്രശ്‌നങ്ങളും അമിത വണ്ണത്തിന് ഇടയാക്കുന്നു. ഇതെല്ലാം തന്നെ മുടി കൊഴിയാനുള്ള കാരണമാണ്. മുടിയുടെ വളര്‍ച്ച മുരടിപ്പിക്കുന്ന കാരണങ്ങള്‍ കൂടിയാണിത്.

പിസിഒഎസ് ഉള്ള സ്ത്രീകളില്‍ ടെസ്റ്റോസ്റ്റിറോണ്‍ തോത് വര്‍ദ്ധിയ്ക്കുന്നു. ഇത് മുടിയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കും. കൂടാതെ മുടി കൊഴിച്ചിലിനും ഇടയാക്കുന്നു. സ്ത്രീകളില്‍ മുഖ രോമങ്ങള്‍ വര്‍ദ്ധിയ്ക്കുന്നു.

അമിത വണ്ണം കാരണമുള്ള മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ വഴികളിലൂടെ വണ്ണം കുറയ്ക്കുന്നത് തന്നെയാണ് വഴി. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ വഴിയുള്ള അമിത വണ്ണമെങ്കില്‍ ഹോര്‍മോണ്‍ നിയന്ത്രണത്തിലൂടെ ഫലം ലഭിക്കും. ഒപ്പം ആരോഗ്യകരമായ ഡയറ്റ്, ഭക്ഷണ നിയന്ത്രണം ഗുണം നല്‍കും.

Similar Posts