< Back
Health
തിളങ്ങുന്ന ചർമ്മത്തിന് വേണ്ടത് വില കൂടിയ ക്രീമുകളല്ല; ആ രഹസ്യം പറഞ്ഞ് സെലിബ്രിറ്റി നൂട്രീഷ്യനിസ്റ്റ്
Health

'തിളങ്ങുന്ന ചർമ്മത്തിന് വേണ്ടത് വില കൂടിയ ക്രീമുകളല്ല'; ആ രഹസ്യം പറഞ്ഞ് സെലിബ്രിറ്റി നൂട്രീഷ്യനിസ്റ്റ്

ലിസി. പി
|
8 Jan 2026 1:57 PM IST

ഏറ്റവും ലളിതമായ നാല് സ്‌കിൻ കെയർ ദിനചര്യയെക്കുറിച്ച് റുജുത ദിവേക്കർ പങ്കുവെച്ചത്

സോഷ്യൽ മീഡിയയിൽ ഇന്ന് കൂടുതൽ കാഴ്ചക്കാരുള്ളത് സ്‌കിൻ കെയർ വിഡിയോകൾക്കാണ്. ഇന്‍സ്റ്റഗ്രാം തുറന്നാല്‍ രാവിലെയും രാത്രിയും പുരട്ടേണ്ട ക്രീമുകളും അവയുടെ ഉപയോഗ ക്രമവും ഓരോ ചർമ്മക്കാർക്കും അനുയോജ്യമായ സ്‌കിൻ കെയർ പ്രൊഡക്ടുകളുടെ വിശദാശങ്ങളും അടങ്ങുന്ന നിരവധി വിഡിയോകള്‍ കാണാം. എന്നാൽ ഇവയുടെ വില നോക്കിയാലാണ് ശരിക്കും ഞെട്ടുക. വളരെ ചെറിയ അളവിലുള്ള ഉത്പന്നങ്ങള്‍ക്ക് പോലും ആയിരങ്ങളായിരിക്കം വില.

എന്നാൽ തിളങ്ങുന്ന ചർമ്മത്തിന് വിലയേറിയ പ്രൊഡക്ടുകൾ ആവശ്യമില്ലെന്നാണ് സെലിബ്രിറ്റി പോഷകാഹാര വിദഗ്ധയായ റുജുത ദിവേക്കർ പറയുന്നത്.കരീന കപൂർ പോലുള്ള ബോളിവുഡ് താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ളയാളാണ് റുജുത . തിളക്കമുള്ള ചർമ്മം ലഭിക്കാൻ നിങ്ങൾക്ക് വിലയേറിയ ക്രീമുകളോ സെറമുകളുടെയോ ആവശ്യമില്ലെന്ന് റുജുത ദിവേക്കർ പറയുന്നു.കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലാണ്, വീട്ടിൽ തന്നെ ചെയ്യാവുന്ന,ഏറ്റവും ലളിതമായ നാല് സ്‌കിൻ കെയർ ദിനചര്യയെക്കുറിച്ച് റുജുത പങ്കുവെച്ചത്.

നന്നായി വെള്ളം കുടിക്കുക

ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നതാണ് ആദ്യത്തെ സ്റ്റെപ്.അതിനായി നന്നായി വെള്ളം കുടിക്കുക.ദാഹം തോന്നിയാൽ മാത്രമേ വെള്ളം കുടിക്കൂ എന്ന് വിചാരിക്കരുത്.വെള്ളക്കുപ്പി എപ്പോഴും കാണുന്ന ഇടത്ത് വെക്കുക.ഇടക്കിടക്ക് എടുത്ത് കുടിക്കുക.

നേരത്തെ ഉറങ്ങുക

തിളക്കമുള്ള ചർമ്മത്തിന് വിശ്രമം അത്യാവശ്യമാണ്. വിലകൂടിയ സെറം, ക്രീമുകൾ എന്നിവയെക്കാൾ നേരത്തെയുള്ള ഉറക്കം ചർമ്മ സംരക്ഷണത്തിൽ പ്രധാനപ്പെട്ടതാണ്. ശരീരകോശങ്ങളുടെ ആരോഗ്യത്തിനും കൊളാജൻ വർധിപ്പിക്കാനും മുഖത്തെ കറുത്ത പാടുകളും കണ്ണിന് താഴെയുള്ള വീക്കവുമെല്ലാം കുറക്കാൻ ഉറക്കം അത്യാവശ്യമാണ്.

വ്യായാമം മുഖ്യം

ചർമ്മം തിളക്കമുള്ളതും ആരോഗ്യകരവുമായി നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗം മുടങ്ങാതെ വ്യായാമം ചെയ്യുകയാണ്. പതിവായി വ്യായാമം ചെയ്യുന്നത് ചർമ്മത്തിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നതിനും ചർമ്മത്തിലെ ഈർപ്പം മെച്ചപ്പെടുത്തുന്നതിനും കാരണമാകുന്നു. വ്യായാമം ജീവിതചര്യയുടെ ഭാഗമായി കൂടെക്കൂട്ടുക. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കാം.

സ്കിന്‍ കെയര്‍ വിഡിയോകള്‍ കാണുന്നത് നിര്‍ത്തുക

സ്‌കിൻകെയർ വിഡിയോകൾ അമിതമായി കാണുന്നത് നിർത്തുക എന്നതാണ്ഏറ്റവും അവസാനത്തെ സ്‌റ്റെപ്പ്.പല വിഡിയോകളും നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായിരിക്കും. അമിതമായി പരസ്യം ചെയ്യുന്ന പ്രൊഡക്ടുകളിൽ വീഴാതിരിക്കുക.ആവശ്യമെങ്കിൽ ചർമ്മരോഗ വിദഗ്ധന്റെ സഹായം തേടുക. സ്‌കിൻകെയർ ദിനചര്യ പറയുന്ന ഒരു വീഡിയോയും താന്‍ കാണാറില്ലെന്നും റുജുത പറയുന്നു. നിങ്ങളുടെ പ്രായത്തിനനുസരിച്ച് ചർമ്മത്തിലും മാറ്റങ്ങൾ കാണാം. എന്നാൽ ആരോഗ്യകരമായ ചർമ്മം നിലനിർത്തുക എന്നതാണ് ഓരോരുത്തരും ചെയ്യേണ്ടത്. വിലകൂടിയ ക്രീമുകൾ തേച്ചുകൊണ്ടോ,പോക്കറ്റ് കാലിയാക്കിക്കൊണ്ടുള്ള ചർമ്മ സംരക്ഷണമോ അല്ല,നിങ്ങളുടെ ജീവിതശൈലിയിലെ തെരഞ്ഞെടുപ്പുകളാണ് നിങ്ങളുടെ രൂപത്തെയും സൗന്ദര്യത്തെയും രൂപപ്പെടുത്തുന്നത്.

Similar Posts