< Back
Health
ഏഴ് മണിക്കൂറിൽ താഴെയാണോ ഉറങ്ങുന്നത്? ആയുസ്സ് കുറയ്ക്കുമെന്ന് പുതിയ പഠനം
Health

ഏഴ് മണിക്കൂറിൽ താഴെയാണോ ഉറങ്ങുന്നത്? ആയുസ്സ് കുറയ്ക്കുമെന്ന് പുതിയ പഠനം

ലിസി. പി
|
14 Jan 2026 2:49 PM IST

ഉറക്കത്തേക്കാൾ ഉയർന്ന സ്വാധീനം ചെലുത്തിയ ഒരേയൊരു ഘടകം പുകവലി മാത്രമാണെന്ന് ഗവേഷകർ കണ്ടെത്തി

മൊത്തത്തിലുള്ള ആരോഗ്യത്തിലും ക്ഷേമത്തിലും ഉറക്കം വളരെ നിർണായകമായ പങ്കാണ് വഹിക്കുന്നത്. നന്നായി ഉറങ്ങുന്നത് തലച്ചോറിനും, രോഗപ്രതിരോധ സംവിധാനത്തിനും, ഓർമ്മശക്തിക്കും, ശാരീരിക ആരോഗ്യത്തിനുമെല്ലാം ഗുണം ചെയ്യും.കൂടാതെ പ്രമേഹം , ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പൊണ്ണത്തടി തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യതയും കുറക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

നന്നായി ഉറങ്ങുന്നത് ആയുർദൈർഘ്യം വർധിപ്പിക്കുമെന്നും ഏഴുമണിക്കൂറില്‍ താഴെ ഉറങ്ങുന്നത് ആയുസ് കുറയ്ക്കുമെന്നും പുതിയ പഠനങ്ങള്‍ പറയുന്നത്.ആയുര്‍ദൈര്‍ഘ്യവുമായി ബന്ധപ്പെട്ട ജീവിതശൈലി ഘടകങ്ങൾ വിശകലനം ചെയ്തപ്പോൾ ഉറക്കത്തിന് വലിയ പ്രധാന്യമുണ്ടെന്ന് ഒറിഗൺ ഹെൽത്ത് & സയൻസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.അമേരിക്കയില്‍ ആയുര്‍ദൈര്‍ഘ്യവുമായി ബന്ധപ്പെട്ട് 2019 നും 2025 നും ഇടയിൽ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ശേഖരിച്ച സര്‍വേ വിവരങ്ങളും ഗവേഷകര്‍ പരിശോധിച്ചു. ഉറക്കവും ജീവിതശൈലി ഘടകങ്ങളും തമ്മിലുള്ള ബന്ധം ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയേക്കാള്‍ ശക്തമായിരുന്നുവെന്ന് SLEEP Advances ൽ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

ഉറക്കത്തേക്കാൾ ഉയർന്ന സ്വാധീനം ചെലുത്തിയ ഒരേയൊരു ഘടകം പുകവലി മാത്രമാണെന്ന് ഗവേഷകർ കണ്ടെത്തി.ആയുർദൈർഘ്യവുമായി ഉറക്കത്തിന് ഇത്രയധികം ബന്ധമുണ്ടെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഒഎച്ച്‌എസ്‌യുവിലെ അസോസിയേറ്റ് പ്രൊഫസര്‍ ആൻഡ്രൂ മക്‌ഹിൽ പറഞ്ഞു. ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ കഴിയുമെങ്കില്‍ ഉറങ്ങാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു.

നല്ല ഉറക്കം ലഭിക്കാനുള്ള വഴികൾ

വാരാന്ത്യങ്ങളിൽ പോലും ഉറങ്ങാനായി നിശ്ചിത സമയക്രമം പാലിക്കുക.

മുറിയില്‍ ഉറക്കത്തിന് അനുയോജ്യമായ ലൈറ്റ് ക്രമീകരിക്കാം. ജനാലകളില്‍ കര്‍ട്ടനുകള്‍ ഇട്ടും ശരിയായ താപനില ക്രമീകരിച്ചും ഉറക്കത്തിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുക.

ഉറങ്ങാൻ കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും മൊബൈല്‍ ഫോണ്‍ കാണുന്നത് ഒഴിവാക്കുക.

ഉച്ചയ്ക്ക് ശേഷം കഫീൻ, അമിതമായ ഭക്ഷണം കഴിക്കുക എന്നിവ ഒഴിവാക്കാം.

അല്ലെങ്കിൽ ഉറക്കസമയം തൊട്ടുമുമ്പ് മദ്യം എന്നിവ ഒഴിവാക്കുക, കാരണം

അവ നിങ്ങളുടെ ഉറക്കചക്രത്തെ തടസ്സപ്പെടുത്തുന്നു

ദിവസം 30 മിനിറ്റ് യോഗയോ നടത്തമോ പോലുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടുക.

Similar Posts