< Back
Health
strawberry heart healthy super food
Health

സ്ട്രോബറി കഴിച്ചോളൂ... ഹൃദയത്തിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യത്തിന് ബെസ്റ്റാ

Web Desk
|
1 Aug 2023 7:11 PM IST

അവശ്യ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും നിറയെ ഉണ്ട് സ്ട്രോബറിയില്‍

സ്ട്രോബറി ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യത്തിന് നല്ലതാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍. അവശ്യ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ ഈ പഴങ്ങള്‍ ഹൃദയ, മസ്തിഷ്ക ആരോഗ്യത്തിന് നല്ലതാണെന്നാണ് ഗവേഷണ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ദിവസവും രണ്ട് സ്ട്രോബറി കഴിക്കുന്നത് നല്ലതാണെന്നാണ് സാൻ ഡീഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നത്. 66നും 78നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള 35 പുരുഷന്മാരെയും സ്ത്രീകളെയുമാണ് ഗവേഷണത്തിനായി തെരഞ്ഞെടുത്തത്. എട്ട് ആഴ്ച എല്ലാ ദിവസവും ഇവര്‍ 26 ഗ്രാം ഡ്രൈ സ്ട്രോബറി പൗഡർ കഴിച്ചു- രണ്ട് സ്ട്രോബെറി പഴത്തിന് തുല്യം. എട്ട് ആഴ്‌ചയ്‌ക്കൊടുവിൽ നടത്തിയ പരിശോധനയില്‍ സ്‌ട്രോബറി കഴിച്ചവരുടെ കോഗ്‌നിറ്റീവ് പ്രോസസ്സിംഗ് സ്പീഡ് 5.2 ശതമാനം വർധിച്ചെന്ന് കണ്ടെത്തി. രക്തസമ്മർദം 3.6 ശതമാനം കുറഞ്ഞതായും ആന്റിഓക്‌സിഡന്റ് ശേഷി 10.2 ശതമാനം വർധിച്ചതായും കണ്ടെത്തി.

ഹൃദയാരോഗ്യത്തെ സ്വാധീനിക്കുന്ന പ്രാഥമിക ഘടകങ്ങളിലൊന്ന് രക്തസമ്മർദ നിയന്ത്രണമാണ്. ഉയർന്ന രക്തസമ്മർദം ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവരെ സംബന്ധിച്ച് റിസ്കാണ്. സ്ട്രോബറി പൊട്ടാസ്യത്തിന്‍റെ കലവറയാണ്. രക്തക്കുഴലുകളുടെ ആരോഗ്യത്തിനും ഹൃദയത്തിന്‍റെ ആയാസം കുറയ്ക്കാനും പൊട്ടാസ്യത്തിന് കഴിയും.

ഉയർന്ന അളവിലുള്ള എൽഡിഎൽ കൊളസ്‌ട്രോൾ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) ഹൃദ്രോഗത്തിന് കാരണമാകും. സ്ട്രോബറിയിലെ ആന്റിഓക്‌സിഡന്റുകളും ഡയറ്ററി ഫൈബറും ആരോഗ്യകരമായ നിലയില്‍ കൊളസ്‌ട്രോളിന്റെ അളവ് നിലനിർത്താൻ സഹായിക്കും. സ്ട്രോബറി ദിവസവും കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് ബ്രിട്ടീഷ് ജേർണൽ ഓഫ് ന്യൂട്രീഷനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി.

തലച്ചോറിന് ശരിയായി പ്രവർത്തിക്കാൻ ഓക്സിജന്റെയും പോഷകങ്ങളുടെയും സ്ഥിരമായ വിതരണം ആവശ്യമാണ്. സ്ട്രോബറിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉത്പാദനത്തെ ഇത് സഹായിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ദിവസവും സ്ട്രോബറി കഴിക്കുന്നത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. എന്നാല്‍ അമിതമായ അളവില്‍ കഴിക്കരുത്. അങ്ങനെ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിച്ചേക്കാം. മറ്റ് ആരോഗ്യപ്രശ്നങ്ങളോ ജീവിതശൈലീ രോഗങ്ങളോ ഉള്ളവര്‍ സ്ട്രോബറി ദിവസവും കഴിക്കും മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടണം.

Related Tags :
Similar Posts