
ശരീരഭാരം കുറയ്ക്കും, വൃക്കയ്ക്കും ഗുണം ചെയ്യും; നിസാരക്കാരനല്ല അടുക്കളയിലെ ഈ ഇത്തിരി കുഞ്ഞൻ പാനീയം
|പകൽ സമയങ്ങളിൽ ചൂട് അസഹനീയമായിക്കൊണ്ടിരിക്കുന്നു. ചുട്ടുപൊള്ളുന്ന ചൂട് നമ്മുടെ ശരീരത്തിലെ ഊർജസ്വലത കവർന്നെടുക്കുകയും ശരീരത്തെ നിർജലീകരണത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഈ സമയത്ത് ഏറ്റവും അത്യാവശ്യം എന്താണെന്നോ? ശരീരത്തിൽ കൃത്യമായ ജലാംശം നിലനിർത്തുക എന്നതാണ്
മഴക്കാലം കഴിഞ്ഞ് വേനലിന്റെ ആരംഭമായിരിക്കുന്നു. പകൽ സമയങ്ങളിൽ ചൂട് അസഹനീയമായിക്കൊണ്ടിരിക്കുന്നു. ചുട്ടുപൊള്ളുന്ന ചൂട് നമ്മുടെ ശരീരത്തിലെ ഊർജസ്വലത കവർന്നെടുക്കുകയും ശരീരത്തെ നിർജലീകരണത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. സൂര്യരശ്മി ഏൽക്കുന്നത് കൂടുന്നതിനനുസരിച്ച്, ശരീരം സ്വയം തണുപ്പിക്കാനായി കൂടുതൽ വിയർക്കുന്നു. ഇങ്ങനെ വിയർക്കുമ്പോൾ ജലാംശം മാത്രമല്ല ശരീരത്തിന് അത്യന്താപേക്ഷിതമായ ഇലക്ട്രോലൈറ്റുകളും ധാതുക്കളും നഷ്ടപ്പെടുന്നുണ്ട്.
ഊർജനില താളം തെറ്റാതിരിക്കാനും, ദഹനപ്രക്രിയ സുഗമമായി നടക്കാനും, രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താനും, ഈ സമയത്ത് ഏറ്റവും അത്യാവശ്യം എന്താണെന്നോ? ശരീരത്തിൽ കൃത്യമായ ജലാംശം നിലനിർത്തുക എന്നതാണ്.
ഒത്തിരി വെള്ളം കുടിക്കുന്നത് നല്ലതാണെങ്കിലും നഷ്ടപ്പെട്ട ധാതുക്കളെ തിരികെ കൊണ്ടുവരാനും, ശരീരത്തിന് ഉന്മേഷവും പുത്തനുണർവ്വും നൽകാനും, അതിലുപരി രുചികരമായി ദാഹം അകറ്റാനും കഴിവുള്ള ഒരു പാനീയം ഈ സമയത്ത് നാം തേടാറുണ്ട്. കലോറിയും പ്രിസർവേറ്റീവുകളും അടങ്ങിയ പാനീയങ്ങൾക്ക് പകരം ഇത്തിരി നാരങ്ങാ വെള്ളം ഇതിനെല്ലാം സഹായിക്കുമെന്ന് പറഞ്ഞാലോ.. മൂക്കത്ത് വിരൽ വെക്കേണ്ട സത്യമാണ്.
ചെറുനാരങ്ങയിൽ വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്‌നീഷ്യം, ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് നമ്മുടെ ശരീരത്തിന് പല തരത്തിൽ പ്രയോജനകരമാണ്. വിശപ്പും ദാഹവും അകറ്റുമെന്ന് മാത്രമല്ല, ആരോഗ്യവും സൗഖ്യവും നൽകാനും നാരങ്ങാ വെള്ളം സഹായിക്കും.
ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു എന്നതിലുപരി ഫിറ്റ്‌നെസ് നിലനിർത്താനടക്കം നാരങ്ങാ വെള്ളം കുടിക്കുന്നത് സഹായിക്കും. നാരങ്ങയിലെ പ്രധാന ഘടകം വിറ്റാമിൻ സിയാണ്. ഇത് ശരീരകോശങ്ങളെ ഫ്രീറാഡിക്കലുകളിൽ നിന്നും സംരക്ഷിക്കുന്നു. ശരീരത്തിൽ ഇൻഫ്‌ളമേഷൻ ഉണ്ടാക്കുകയും കാൻസർ, ടൈപ്പ് 2 പ്രമേഹം, വൃക്കത്തകരാർ, കരൾ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്ന തന്മാത്രകളാണ് ഫ്രീറാഡിക്കലുകൾ. പ്രോട്ടീൻ ഉപാപചയ പ്രവർത്തനത്തിലും അരുണ രക്താണുക്കളുടെ ഉത്പാദനത്തിൽ അയണിന്റെ ആഗിരണത്തിനും ഹോർമോണുകളുടെ ഉത്പാദനത്തിനും വൈറ്റമിൻ സി പ്രധാന പങ്കുവഹിക്കുന്നു.
കൂടാതെ, ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ഭക്ഷണത്തെ വിഘടിപ്പിക്കാനും ദഹിപ്പിക്കാനും കഴിയുന്ന ദഹനരസങ്ങളുടെ ഉത്പാദനം വർധിപ്പിക്കുകയും, നെഞ്ചെരിച്ചിൽ, വയറുവീർപ്പ്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളെ ലഘൂകരിക്കുകയും ചെയ്യും. രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് കുടൽ ചലനം എളുപ്പത്തിലാക്കാൻ സഹായിക്കും. ഇതിന് പുറമെ, നാരങ്ങാ വെള്ളം വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്ന മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നാരങ്ങയിലെ പെക്റ്റിൻ ഫൈബർ വയറു നിറഞ്ഞിരിക്കുന്നതായി തോന്നലുണ്ടാക്കുന്നു.
നാരങ്ങയിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കും. സിട്രേറ്റ് മുത്രത്തെ അമ്ലഗുണം കുറഞ്ഞതാക്കുകയും കല്ലുകളെ വിഘടിപ്പിക്കുകയും ചെയ്യും. നാരങ്ങയിലെ വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു. വിറ്റാമിൻ സി കൊളാജൻ ഉത്പാദനത്തിന് അത്യന്താപേക്ഷിതമാണ്.
നാരങ്ങയുടെ അസിഡിക് സ്വഭാവം വായിലെ ദുർഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കും. നല്ല ഫലം ലഭിക്കാൻ നാരങ്ങാ വെള്ളം കുടിക്കുന്നതിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:
- രാവിലെ വെറും വയറ്റിൽ ഇളം ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് ചേർത്ത് കുടിക്കുന്നത് ദഹന വ്യവസ്ഥയെ ഉണർത്താനും വിഷാംശം പുറന്തള്ളാനും ഏറ്റവും ഉചിതമാണ്.
- ഒരു ഗ്ലാസ് വെള്ളത്തിൽ അര മുറി നാരങ്ങയുടെ നീര് ചേർക്കുന്നതാണ് സാധാരണയായി ശുപാർശ ചെയ്യുന്നത്. ഒരു ദിവസം 1-2 ഗ്ലാസ് മതിയാകും. അമിതമായി ഉപയോഗിക്കാതിരിക്കുക.
- ഭക്ഷണത്തിന് മുൻപ് നാരങ്ങാ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
- മധുരത്തിനായി പഞ്ചസാര ഒഴിവാക്കി പകരം തേനോ (മിതമായ അളവിൽ) അല്ലെങ്കിൽ കൽക്കണ്ടമോ ചേർക്കുന്നത് അധിക ഗുണങ്ങൾ നൽകും. ഉപ്പിട്ട നാരങ്ങാ വെള്ളം ഇലക്ട്രോലൈറ്റുകൾ വീണ്ടെടുക്കാൻ സഹായിക്കും.
- നാരങ്ങാ വെള്ളം കുടിച്ച ശേഷം ഉടൻ തന്നെ ശുദ്ധമായ വെള്ളം ഉപയോഗിച്ച് വായ കഴുകുന്നത് പല്ലുകൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള കേടുപാടുകൾ കുറയ്ക്കും. കുടിച്ച് 30 മിനിറ്റിന് ശേഷം മാത്രം പല്ല് തേയ്ക്കുന്നതാണ് നല്ലത്.
നാരങ്ങാ വെള്ളം ദാഹം അകറ്റാനുള്ള ഒരു ഉന്മേഷദായകമായ പാനീയം എന്നതിലുപരി, ധാരാളം ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ ഒരു പ്രകൃതിദത്ത ഔഷധമാണ്. എന്നിരുന്നാലും, മിതമായ അളവിൽ ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ മാത്രമേ അതിന്റെ പൂർണ്ണമായ പ്രയോജനം ലഭിക്കൂ. ഒരു നാണയത്തിന്റെ രണ്ട് വശങ്ങളെന്ന പോലെ നാരങ്ങാ വെള്ളത്തിനുമുണ്ട് രണ്ടുവശം.
ചില ആളുകൾക്ക്, പ്രത്യേകിച്ച് ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്‌ലക്‌സ് ഡിസീസ് ഉള്ളവർക്ക്, നാരങ്ങാ വെള്ളം അസിഡിറ്റി അല്ലെങ്കിൽ നെഞ്ചെരിച്ചിൽ വർധിപ്പിക്കാൻ കാരണമായേക്കാം. ഇത്തരം ആളുകൾ ഡോക്ടറുടെ നിർദ്ദേശം തേടണം. കൂടാതെ, നാരങ്ങാ വെള്ളത്തിന് നേരിയ മൂത്രവർധക സ്വഭാവമുണ്ട്. ഇത് ചിലരിൽ അമിതമായ മൂത്രമൊഴിക്കലിനും, ശരിയായ അളവിൽ വെള്ളം കുടിച്ചില്ലെങ്കിൽ നിർജലീകരണത്തിനും കാരണമായേക്കാം.
വയറ്റിലോ അന്നനാളത്തിലോ അൾസർ ഉള്ളവർ നാരങ്ങാ വെള്ളം ഒഴിവാക്കുന്നതാണ് നല്ലത്, കാരണം ഇത് അസിഡിറ്റി രോഗാവസ്ഥ വഷളാക്കിയേക്കാം. ആരോഗ്യത്തിന് പ്രാധാന്യം നൽകുന്നവർക്ക്, പഞ്ചസാര ചേർക്കാത്ത നാരങ്ങാ വെള്ളം ഒരു മികച്ച ദൈനംദിന ശീലമാണ്.