< Back
Health
എന്താണ് സാമന്തയെ ബാധിച്ച മയോസിറ്റിസ്? രോഗത്തെയും ചികിത്സയെയും  കുറിച്ചറിയാം...
Health

എന്താണ് സാമന്തയെ ബാധിച്ച 'മയോസിറ്റിസ്'? രോഗത്തെയും ചികിത്സയെയും കുറിച്ചറിയാം...

Web Desk
|
30 Oct 2022 11:05 AM IST

നടക്കുന്നതിനിടെ കാലിടറി വീഴുകയോ നടക്കുമ്പോഴേക്കും തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുന്നതും മയോസിറ്റിസിന്റെ പ്രധാന ലക്ഷണങ്ങളാണ്

നടി സാമന്തയുടെ രോഗവിവരത്തെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽമീഡിയ മുഴുവനും. കഴിഞ്ഞ ദിവസം നടി തന്നെയാണ് തന്റെ രോഗവിവരത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ തനിക്ക് മയോസിറ്റിസ് എന്ന രോഗം കണ്ടെത്തിയിട്ടുണ്ടെന്ന് സാമന്ത അറിയിച്ചത്. കൈയിൽ ഡ്രിപ്പിട്ടിരിക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു രോഗവിവരം വെളിപ്പെടുത്തിയത്.

'കുറച്ച് മാസങ്ങൾക്ക് മുമ്പാണ് എനിക്ക് മയോസിറ്റിസ് എന്ന രോഗമുണ്ടെന്ന് കണ്ടെത്തിയത്. അത് ഭേദമായതിന് ശേഷം നിങ്ങളുമായി പങ്കുവെക്കാമെന്നാണ് കരുതിയത്. ഞാൻ പ്രതീക്ഷിച്ചതിലും നീണ്ടുപോകുന്നു. ഞാൻ ഉടൻ തന്നെ പൂർണമായി സുഖം പ്രാപിക്കുമെന്ന് ഡോക്ടർമാർക്ക് ഉറപ്പുണ്ട് എന്നായിരുന്നു സാമന്ത പോസ്റ്റിട്ടത്. കഴിഞ്ഞ ഒരു മാസത്തോളമായി സാമന്ത സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു.

യു.എസില്‍ വെച്ചാണ് ചികിത്സകള്‍ നടത്തുന്നതെന്നാണ് തെലുഗു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'കാത്തുവാക്കുല രെണ്ട് കാതൽ' ആണ് സാമന്ത അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. 'യശോദ' ആണ് സാമന്ത അഭിനയിച്ച് പൂര്‍ത്തിയാക്കി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. താരത്തിന്റെ പോസ്റ്റ് ചർച്ചയായതിന് പിന്നാലെ എല്ലാവരും അന്വേഷിച്ചത് എന്താണ് ഈ രോഗം എന്നതായിരുന്നു.

എന്താണ് മയോസിറ്റിസ്

'മസിലുകളിൽ വീക്കം സംഭവിക്കുന്ന ഒരു അവസ്ഥയാണ് മയോസിറ്റിസ്. മയോ എന്നാൽ പേശികൾ എന്നും ഐറ്റിസ് എന്നാൽ വീക്കവുമെന്നാണ് അർഥം. വിവിധ രോഗങ്ങളുടെ കൂടിച്ചേരല്‍ കൂടിയാണ് ഇതെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. അണുബാധകൾ, മരുന്നുകൾ, രോഗപ്രതിരോധ ശേഷിക്കുറവ് എന്നിവ മൂലവും ഈ അസുഖം ഉണ്ടായേക്കാം. ഒരു ലക്ഷത്തിൽ നാല് മുതൽ 22 പേർക്ക് മാത്രമേ ഈ രോഗം വരാൻ സാധ്യതയുള്ളു. പേശികൾ സ്വന്തം രോഗപ്രതിരോധ സംവിധാനത്താൽ ആക്രമിക്കപ്പെടുന്ന അവസ്ഥ കൂടിയാണിത്.

സാധാരണയായി കൈകൾ, തോളുകൾ, കാലുകൾ, ഇടുപ്പ്, നട്ടെല്ല് എന്നിവയുടെ പേശികളെ ബാധിക്കുന്നു. രോഗം കൂടിയാൽ അന്നനാളം ഡയഫ്രം, കണ്ണുകൾ എന്നിവയുടെ പേശികളെയും ബാധിച്ചേക്കാം. ഇരുന്നതിന് ശേഷം എഴുന്നേൽക്കുമ്പോഴും പടികൾ കയറുമ്പോഴും വസ്തുക്കൾ ഉയർത്തുമ്പോഴും രോഗികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. ചില മരുന്നുകൾ, ഗുരുതരമായ ശാരീരിക പരിക്കുകൾ എന്നിവയ്‌ക്കൊപ്പം വൈറൽ അണുബാധകളും മയോസിറ്റിസിന് കാരണമാകാറുണ്ട്. 30 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലും ആളുകളിലും ഇത്തരത്തിലുള്ള രോഗം സാധാരണമാണ്.

ലക്ഷണങ്ങൾ

സാധാരണയായി പേശികളിൽ കഠിനമായ വേദന, പേശികളുടെ ബലക്കുറവ്, നടക്കുമ്പോൾ കാലിടറി വീഴുക, ക്ഷീണം, തളർച്ച തുടങ്ങി ദൈനംദിന ജീവിതത്തിന്റെ പ്രവർത്തനങ്ങളിൽ ബുദ്ധിമുട്ട് എന്നിവ കാണിക്കുന്നു. ചെറിയ രീതിയിലുള്ള പനി, തിണർപ്പ്, സന്ധി വേദന,വിഷാദം ഇവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

എങ്ങനെ തിരിച്ചറിയാം...

ക്ലിനിക്കല്‍ പരിശോധന, രക്തപരിശോധന, എംആർഐ, ഇഎംജി, മസിൽ ബയോപ്‌സി എന്നിവയിലൂടെയാണ് രോഗനിർണയം നടത്തുന്നത്. വൈറൽ അണുബാധകൾ മൂലമുണ്ടാകുന്ന മയോസിറ്റിസ് സാധാരണയായി സിബിസി, ഇഎസ്ആർ, സിആർപി, സിപികെ എന്നിവയിലൂടെയാണ് രോഗനിർണയം നടത്തുന്നത്.

ചികിത്സ

എല്ലാത്തരം മയോസിറ്റിസിന്റെയും ചികിത്സയിൽ വ്യായാമവും ഫിസിയോതെറാപ്പിയും ഉൾപ്പെടുന്നു. വ്യക്തിക്ക് കൂടുതൽ ഊർജം നൽകുന്നതിന് പുറമെ നീർവീക്കം കുറയ്ക്കുന്നതിനും പേശികളുടെ ശക്തി വീണ്ടെടുക്കുന്നതിനും വ്യായാമം സഹായിക്കുന്നു. യോഗയും ഇതിന് സഹായിക്കും. എന്നാൽ മയോസിറ്റിസിന്റെ ഗുരുതരമായ ലക്ഷണങ്ങൾ അനുഭവിക്കുന്നവർ ഈ കാലയളവിൽ വ്യായാമം ചെയ്യുന്നത് ഒഴിവാക്കണം.

പോളിമയോസിറ്റിസ്, ഡെർമറ്റോമിയോസിറ്റിസ് എന്നിവ ചികിത്സിക്കാൻ ഡോക്ടർമാർ സ്റ്റിറോയിഡുകൾ നിർദേശിക്കാറുണ്ട്. വീക്കം കുറയ്ക്കാനും പേശി വേദന വേഗത്തിൽ കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഭക്ഷണരീതികളിലെ മാറ്റവും രോഗത്തെ ചെറുക്കാന്‍ സഹായിക്കും.


Similar Posts