
"ബാലൻസ് നഷ്‌ടപ്പെടും.. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാനാകില്ല": എന്താണ് വരുണിനെ ബാധിച്ച വെസ്‌റ്റിബുലാര്‍ ഹൈപ്പോഫംഗ്‌ഷന്‍
|പൂർണമായൊരു രോഗമുക്തി സാധ്യമാണോ?
കഴിഞ്ഞ ദിവസമാണ് തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടൻ വരുൺ ധവാൻ രംഗത്തെത്തിയത്. വെസ്‌റ്റിബുലാര്‍ ഹൈപ്പോഫംഗ്‌ഷന്‍ എന്ന രോഗാവസ്ഥയാണ് തനിക്കെന്നാണ് വരുൺ ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. രോഗം വന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാനാകില്ലെന്നും ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുമെന്നും വരുൺ പറഞ്ഞിരുന്നു. താരത്തിന്റെ രോഗവിവരം അറിഞ്ഞത് മുതൽ കടുത്ത ആശങ്കയിലായിരുന്നു ആരാധകർ. എന്താണ് വെസ്‌റ്റിബുലാര്‍ ഹൈപ്പോഫംഗ്‌ഷന്‍ എന്ന് പലർക്കും അറിവുണ്ടായിരുന്നില്ല. ശരിക്കും എന്താണ് ഈ രോഗം? ചികിത്സ എങ്ങനെയാണ്? പൂർണമായൊരു രോഗമുക്തി സാധ്യമാണോ? തുടങ്ങി നിരവധി സംശയങ്ങളാണ് ആളുകൾ പ്രകടിപ്പിക്കുന്നത്.
എന്താണ് വെസ്റ്റിബുലാർ ഹൈപ്പോഫംഗ്ഷൻ?
ഒരു വ്യക്തിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്ന ഒരു അവസ്ഥയാണ് വെസ്റ്റിബുലാർ ഹൈപ്പോഫംഗ്ഷൻ. നിങ്ങളുടെ ബാലൻസ് സിസ്റ്റത്തിന്റെ ഭാഗമായ ചെവിയുടെ ആന്തരിക ഭാഗം ശരിയായി പ്രവർത്തിക്കാത്തപ്പോഴാണ് ഇത് സംഭവിക്കുന്നത്. ഈ അവസ്ഥയിൽ ബുദ്ധിമുട്ടുന്ന വ്യക്തിയുടെ വെസ്റ്റിബുലാർ സിസ്റ്റം (ആന്തരിക ചെവിയിൽ) ശരിയായി പ്രതികരിക്കാത്ത അവസ്ഥയുണ്ടാകും. ഇതിനെ തുടർന്ന്, വെസ്റ്റിബുലാർ സിസ്റ്റം തലച്ചോറിലേക്ക് തെറ്റായ സന്ദേശം അയയ്ക്കുകയും തൽഫലമായി തലകറക്കം അനുഭവപ്പടുകയും ചെയ്യും. തലച്ചോറിന് ശരിയായ രീതിയിൽ പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയാണിതെന്ന് ചുരുക്കത്തിൽ പറയാം.

ലക്ഷണങ്ങൾ
വെസ്റ്റിബുലാർ ഹൈപ്പോഫംഗ്ഷൻ സാധാരണയായി പ്രായമായ രോഗികളിലാണ് കൂടുതലായി കണ്ടുവരുന്നത്. ചെവിക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ചില മരുന്നുകൾ കഴിച്ചാലും ഈ അവസ്ഥ വ്യക്തികളിൽ ഉണ്ടാകാം. ഓട്ടോടോക്സിക് മരുന്നുകൾ എന്ന് വിളിക്കുന്ന ഈ മരുന്നുകൾ വെസ്റ്റിബുലാർ ഹൈപ്പോഫംഗ്ഷന്റെ പ്രധാന കാരണമാണ്.
സാധാരണ ആൻറിബയോട്ടിക്കുകൾ പോലും ചില നേരം ദോഷകരമായി ബാധിച്ചേക്കാം. ക്ഷയരോഗികൾ കഴിക്കുന്ന അമികാസിൻ, സ്ട്രെപ്റ്റോമൈസിൻ എന്നിവയും ഓട്ടോടോക്സിക് മരുന്നുകൾക്ക് ഉദാഹരണമാണ്.

രോഗപ്രതിരോധ പ്രശ്നങ്ങൾ മൂലവും ഈ അവസ്ഥയുണ്ടാകാം. ചെവിയിൽ ചെറിയ മൂളലുകൾ പോലെ എന്തെങ്കിലും ശബ്ദം കേൾക്കുന്നതാണ് വെസ്റ്റിബുലാർ ഹൈപ്പോഫംഗ്ഷന്റെ തുടക്കം. കേൾവി നഷ്ടപ്പെടുമോ എന്ന ഭയത്തോടെയാണ് പലരും ഡോക്ടർമാരെ സമീപിക്കുന്നത്. എന്നാൽ, ഇത് വെസ്റ്റിബുലാർ അവസ്ഥയുടെ ചെറിയ ലക്ഷണം മാത്രമാണെന്ന് ഡോക്ടർമാർ പറയുന്നു.
തലകറക്കം അനുഭവപ്പെടുകയോ ശരീരം ബാലൻസ് ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്യുകയാണെങ്കിൽ സ്വയം ചികിത്സ നടത്താതെ ഉടൻ തന്നെ ഒരു ആരോഗ്യ വിദഗ്ധനെ സമീപിക്കണം. വീഴ്ച, കാഴ്ച മങ്ങൽ, വായിക്കാനുള്ള ബുദ്ധിമുട്ട്, തിരക്കേറിയ ഇടങ്ങളിൽ നിൽക്കാൻ കഴിയാതെ വരിക തുടങ്ങിയവയും ഇതിന്റെ ലക്ഷണങ്ങളാണ്. ചിലർക്ക് ഛർദി, വയറിളക്കം, ഉത്ക്കണ്ഠ തുടങ്ങിയവയും അനുഭവപ്പെട്ടേക്കാം.

ചികിത്സ
ഫിസിയോതെറാപ്പിയാണ് വെസ്റ്റിബുലാർ ഹൈപ്പോഫംഗ്ഷനായി ഡോക്ടർമാർ പ്രധാനമായും നിർദ്ദേശിക്കുന്നത്. വെസ്റ്റിബുലാർ റീഹാബിലിറ്റേഷൻ വ്യായാമങ്ങൾ എന്ന് വിളിക്കപ്പെടുന്ന വ്യായാമങ്ങൾ ഉപകാരപ്രദമാകും. കംപ്യൂട്ടറിന് മുന്നിൽ ഇരിക്കുമ്പോൾ പോലും ചെയ്യാൻ കഴിയുന്ന ലളിതമായ വ്യായാമങ്ങളാണിവ. വെസ്റ്റിബുലാർ പരിശോധനയിലൂടെയാണ് രോഗനിർണയം നടത്തുന്നത്. വെസ്റ്റിബുലോണിസ്റ്റാഗ്മോഗ്രാഫി (VNG) വെസ്റ്റിബുലാർ ഹൈപ്പോഫംഗ്ഷൻ കണ്ടെത്താനുള്ള ഉപയോഗപ്രദമായ പരിശോധനയാണ്.
രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് മരുന്നുകളും നിർദ്ദേശിക്കുന്നത്. പുകവലി, മദ്യം, മയക്കുമരുന്ന് എന്നിവ പൂർണമായും ഒഴിവാക്കുക. ചില ജീവിതശൈലികളിൽ മാറ്റം വരുത്തുന്നതും ഗുണം ചെയ്യും. വെസ്റ്റിബുലാർ ഹൈപ്പോഫംഗ്ഷൻ നിർണയിച്ച് കഴിഞ്ഞാൽ ജലദോഷത്തിനു കഴിക്കുന്ന മരുന്നുകൾ പോലും പരിശോധിക്കണമെന്ന് ഡോക്ടർമാർ പറയുന്നു.
