
''കൊതുക് നിങ്ങളെ കൂടുതലായി കടിക്കുന്നുണ്ടോ''? കാരണം ശരീരത്തിന്റെ ദുര്‍ഗന്ധമെന്ന് പഠനം
|ശരീരത്തില്‍ കാര്‍ബോക്‌സിലിക് ആസിഡ് കൂടുതല്‍ ഉള്ളവരെ കൊതുക് കൂടുതലായി ആക്രമിക്കുമെന്നാണ് പഠനം
ന്യൂയോര്‍ക്ക്: കൊതുക് എല്ലാവര്‍ക്കും ഒരു പൊതുശല്യമാണ്. എന്നാല്‍ ശരീരത്തില്‍ കാര്‍ബോക്‌സിലിക് ആസിഡ് കൂടുതല്‍ ഉള്ളവരെ കൊതുക് കൂടുതലായി ആക്രമിക്കുമെന്ന് പഠനം. 2022ല്‍ ന്യൂയോര്‍ക്കിലെ റോക്ക്‌ഫെല്ലര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.സെല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ശരീരത്തില്‍ കാര്‍ബോക്‌സിലിക് ആസിഡ് കൂടുതലായി അടങ്ങിയിട്ടുള്ളവരെ പെണ്‍ ഈഡിസ് ഈജിപ്തി കൊതുകുകള്‍ കൂടുതല്‍ കടിക്കുമെന്നാണ് പഠനം. മറ്റുള്ളവരെ അപേക്ഷിച്ച് ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പനി, സിക്ക തുടങ്ങിയ രോഗങ്ങളുടെ വ്യാപനം ഇവരില്‍ കൂടുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
ആളുകളുടെ കൈകളിലെ ചര്‍മ്മത്തില്‍ നിന്നും അവരുടെ മണം ശേഖരിച്ചാണ് പഠനം നടത്തിയത്. വ്യത്യസ്ത ആളുകളില്‍ നിന്നായി ശേഖരിച്ച ഈ സാമ്പിളുകള്‍ വേര്‍തിരിച്ച് കൊതുക് കൂടുതലായി പറക്കുന്ന സ്ഥലങ്ങളില്‍ വച്ചു. കാര്‍ബോക്‌സിലിക് ആസിഡ് കൂടുതലായി ശരീരത്തില്‍ അടങ്ങിയിട്ടുള്ളവരുടെ സാമ്പിളിന് മുകളിലാണ് കൂടുതല്‍ കൊതുകുകളെ കണ്ടെത്തിയത്. ചിലരുടെ ചര്‍മ്മത്തിലെ ദുര്‍ഗന്ധമാണ് കൊതുകളെ ആകര്‍ഷിക്കുന്നത് എന്നാണ് പഠനം.
മനുഷ്യന്റെ ത്വക്കില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധം പലതരത്തിലുള്ള രാസ സംയുക്തങ്ങളുടെ മിശ്രിതമാണ്. നിലവില്‍ കാര്‍ബോക്‌സിലിക് ആസിഡുകള്‍ കൂടുതലായി അടങ്ങിയിട്ടുള്ളവരിലാണ് പ്രധാനമായും റോക്ക്‌ഫെല്ലര്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനം നടന്നത്. കൊതുകുകള്‍ വഴി പകരുന്ന രോഗങ്ങള്‍ പ്രതിവര്‍ഷം 700 മില്യണ്‍ ആളുകളെ ബാധിക്കുന്നുണ്ട്.
കൊതുകിന് ഏറ്റവും താല്‍പര്യമുള്ള ചര്‍മ്മ ദുര്‍ഗന്ധം ഏതാണെന്നതിനെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കാന്‍ ഈ പഠനം സഹായിക്കുമെന്നാണ് ശാസ്ത്രലോകം വിശകലനം ചെയ്യുന്നത്. തുടര്‍ന്ന് കൊതുകുകളെ അകറ്റുന്ന കൂടുതല്‍ ഫലപ്രദമായ മരുന്നുകള്‍ വികസിപ്പിക്കാന്‍ ഈ പഠനം സഹായിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.