< Back
Healthy Food
What is Mock Chicken’? Even vegan Virat Kohli enjoys this non-veg dish
Healthy Food

എന്താണ് മോക് ചിക്കൻ? വീഗനായ വിരാട് കോഹ്‌ലിക്ക് പോലും പ്രിയപ്പെട്ട വിഭവത്തിന്റെ രഹസ്യമറിയാം

Web Desk
|
18 May 2025 2:28 PM IST

വീഗനായ ആളുകൾ മാംസം മാത്രമല്ല, മൃഗങ്ങളിൽ നിന്നുള്ള ഒരു ഉത്പന്നവും കഴിക്കാറില്ല. അതുകൊണ്ട് തന്നെ കോഹ്‌ലിയും അനുഷ്‌കയും പാൽ, തൈര്, പാൽക്കട്ടി തുടങ്ങിയവയൊന്നും കഴിക്കില്ല.

നേരത്തെ ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച വിരാട് കോഹ്‌ലി ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുമ്പ് അപ്രതീക്ഷിതമായാണ് കോഹ്‌ലി വിരമിക്കൽ പ്രഖ്യാപിച്ചത്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു കോഹ്‌ലിയുടെ തീരുമാനം. ഒരു ക്രിക്കറ്റ് താരം എന്നതിനപ്പുറം വിരാട് കോഹ്‌ലി ഒരു ബ്രാൻഡാണ്. അതുകൊണ്ട് തന്നെ അദ്ദേഹം ചെയ്യുന്ന കാര്യങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയാകാറുണ്ട്. വീഗനായ കോഹ്‌ലി ചിക്കൻ കഴിച്ചതായിരുന്നു അത്തരത്തിൽ ചർച്ചയായ ഒരു വാർത്ത.

വീഗനായ കോഹ്‌ലിയും ഭാര്യ അനുഷ്‌കയും നോൺ വെജ് കഴിക്കാറില്ല. വീഗനായ ആളുകൾ മാംസം മാത്രമല്ല, മൃഗങ്ങളിൽ നിന്നുള്ള ഒരു ഉത്പന്നവും ഉപയോഗിക്കില്ല. അതുകൊണ്ട് തന്നെ കോഹ്‌ലിയും അനുഷ്‌കയും പാൽ, തൈര്, പാൽക്കട്ടി തുടങ്ങിയവയൊന്നും ഉപയോഗിക്കാറില്ല. പിന്നെ എന്ത് ചിക്കനാണ് കോഹ്‌ലി കഴിച്ചത് എന്നാവും സംശയം. അതാണ് മോക് ചിക്കൻ.

എന്താണ് മോക് ചിക്കൻ?

യഥാർഥ ചിക്കന്റെ രുചി ലഭിക്കുന്ന ഒരു കൃത്രിമ ഉത്പന്നമാണ് മോക് ചിക്കൻ. സോയ പ്രോട്ടീൻ, ഗോതമ്പ് പ്രോട്ടീൻ, ചക്ക, സെയ്റ്റാൻ, ടോഫു തുടങ്ങിയവ ചേർത്താണ് മോക് ചിക്കൻ നിർമിക്കുന്നത്. മസാലകളും കൃത്രിമ രുചികളും ചേർത്താണ് മോക് ചിക്കൻ തയ്യാറാക്കുന്നത്.

മാംസാഹാരം ഉപേക്ഷിക്കുന്നവർ പിന്നെ എന്തിനായിരിക്കും മോക് ചിക്കൻ കഴിക്കുന്നത് എന്നായിരിക്കും നമ്മുടെ സംശയം. കോഹ്‌ലി, ഫുട്‌ബോൾ താരം സുനിൽ ഛേത്രി തുടങ്ങിയ നിരവധി സ്‌പോർട്‌സ് താരങ്ങളും അത്‌ലറ്റുകളും മോക് ചിക്കൻ കഴിക്കാറുണ്ട്. മാംസാഹാരം ഉപേക്ഷിക്കുമ്പോഴും അതിൽ നിന്നുള്ള പ്രോട്ടീനും പോഷകവും നമ്മുടെ ശരീരത്തിന് ആവശ്യമാണ്. അത്തരമൊരു സാഹചര്യത്തിൽ മോക് ചിക്കൻ നല്ല ഓപ്ഷനാണ്.

അതേസമയം മോക് ചിക്കന് ചില ദോഷ വശങ്ങളുമുണ്ട്. മോക് ചിക്കൻ ഒരു പ്രൊസസ്ഡ് ഫുഡ് ആണ്. അതുകൊണ്ട് തന്നെ അതിൽ പ്രിസർവേറ്റീവ്‌സും കൃത്രിമ രുചികളും ഉയർന്ന അളവിൽ സോഡിയവും അടങ്ങിയിട്ടുണ്ട്. പ്രൊസസ്ഡ് ഫുഡ് ഒഴിവാക്കുന്നവർ മോക് ചിക്കൻ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഒരിക്കൽ കൂടി ആലോചിക്കണം.

സോയബീൻ അലർജിയുള്ള ആളുകൾക്കും മോക് ചിക്കൻ പ്രശ്‌നങ്ങളുണ്ടാക്കും. പാക്ക് ചെയ്ത മോക് ചിക്കനിൽ വൻതോതിൽ സോഡിയം അടങ്ങിയിട്ടുണ്ട്. ഉയർന്ന രക്തസമ്മർദമുള്ളവർ മോക് ചിക്കൻ ഒഴിവാക്കുന്നതാണ് നല്ലത്.

Similar Posts