< Back
hindi
UP electricity department sacks Muslim employee for waving Palestine flag on Eid
hindi

പെരുന്നാൾ ദിനത്തിൽ ഫലസ്തീൻ പതാക വീശി; യുപിയിൽ ജീവനക്കാരനെ പിരിച്ചുവിട്ട് വൈദ്യുതിവകുപ്പ്

Web Desk
|
6 April 2025 8:09 PM IST

പതാക വീശിയത് ദേശവിരുദ്ധ നടപടിയാണെന്ന് ആരോപിച്ചാണ് നടപടി.

ലഖ്നൗ: പെരുന്നാൾ ദിനത്തിൽ ഫലസ്തീൻ പതാക വീശിയതിന് മുസ്‌ലിം ജീവനക്കാരനെ പിരിച്ചുവിട്ട് യുപി വൈദ്യുതി വകുപ്പ്. സഹാറൻപൂർ ജില്ലയിലെ കൈലാശ്പൂർ പവർ ഹൗസിലെ താത്കാലിക ജീവനക്കാരൻ സാഖിബ് ഖാനെതിരെയാണ് നടപടി. പതാക വീശിയത് ദേശവിരുദ്ധ പ്രവൃത്തിയെന്ന് ആരോപിച്ചാണ് നടപടി.

മാർച്ച് 31ന് പെരുന്നാൾ നമസ്കാരത്തിന് ശേഷം സാഖിബ് ഉൾപ്പെടെയുള്ളവർ ഫലസ്തീന് ഐക്യദാർഢ്യം അർപ്പിച്ച് പതാക വീശുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിനു പിന്നാലെയാണ് പുറത്താക്കൽ. ഫലസ്തീൻ ഐക്യദാർഢ്യ പ്രതിഷേധത്തിൽ 70 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ജീവനക്കാരന്റെ നടപടി ദേശവിരുദ്ധമാണെന്നും അതാണ് നടപടിക്കു കാരണമെന്നും വൈദ്യുതി വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ സഞ്ജീവ് കുമാർ അവകാശപ്പെട്ടു. 'കൈലാശ്പൂർ പവർഹൗസിലെ താത്കാലിക ജീവനക്കാരനായ സാഖിബ് ഖാൻ പെരുന്നാൾ നമസ്കാരത്തിന് ശേഷം ഫലസ്തീൻ പതാക വീശുകയും ഇതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു'- കുമാർ പറഞ്ഞു.

'ഇക്കാര്യം വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുകയും ഇതൊരു ദേശവിരുദ്ധ പ്രവൃത്തിയായി പരി​ഗണിച്ച് അടിയന്തര നടപടി സ്വീകരിക്കുകയുമായിരുന്നു. ബന്ധപ്പെട്ട കരാർകമ്പനിക്ക് ഒരു കത്ത് എഴുതുകയും ഖാനെ സർവീസിൽ നിന്ന് നീക്കം ചെയ്യാൻ നിർദേശിക്കുകയും ചെയ്തു'- കുമാർ കൂട്ടിച്ചേർത്തു.

നേരത്തെ, ഫലസ്തീൻ പതാകകൾ വീശി മുദ്രാവാക്യം വിളിച്ചതിന് ജില്ലയിലെ എട്ട് വ്യക്തികൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളെ തിരിച്ചറിയുകയും ഇവർക്കെതിരെ നിയമനടപടികൾ ആരംഭിക്കാനൊരുങ്ങുകയാണെന്നും അധികൃതർ പറഞ്ഞു.

'സോഷ്യൽമീഡിയ വഴി ചില യുവാക്കൾ മറ്റൊരു രാജ്യത്തിന്റെ പതാക വീശുന്ന ഒരു വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. വിഷയം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, അതിനുശേഷം തുടർനടപടികൾ സ്വീകരിക്കും'- മാർച്ച് 31ന് സിറ്റി പൊലീസ് സൂപ്രണ്ട് വ്യോമ് ബിൻഡാൽ പറഞ്ഞിരുന്നു.

ഗസ്സയിലടക്കം ഇസ്രായേൽ വംശഹത്യ ശക്തമായി തുടരുന്നതിനിടെ, ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകമെമ്പാടും പ്രതിഷേധം നടക്കുന്നതിനിടെയാണ് യുപി പൊലീസ് നടപടി. ഇതിനോടകം 50,500ലധികം ഫലസ്തീനികളെയാണ് ​ഗസ്സയിൽ ഇസ്രായേൽ കൊലപ്പെടുത്തിയത്.

Similar Posts