< Back
Hot N Viral
ആമസോണിൽ ഓർഡർ ചെയ്തത് മൗത്ത് വാഷ്; കിട്ടിയത് റെഡ്മി നോട്ട് 10!
Hot N Viral

ആമസോണിൽ ഓർഡർ ചെയ്തത് മൗത്ത് വാഷ്; കിട്ടിയത് റെഡ്മി നോട്ട് 10!

Web Desk
|
15 May 2021 10:26 PM IST

398 രൂപ വിലയുള്ള കോൾഗേറ്റിന്റെ നാല് മൗത്ത് വാഷാണ് മുംബൈ സ്വദേശി ലോകേഷ് ദാഗ ആമസോണിൽ ഓർഡർ ചെയ്തത്. കൈയിൽ കിട്ടിയത് 13,000 രൂപ വിലയുള്ള റെഡ്മി നോട്ട് 10 ഫോണും!

ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ വിലയേറിയ ഓർഡറുകൾക്ക് ചെറിയ തുകയുടെ വസ്തുക്കൾ ലഭിച്ചുവെന്ന് പലപ്പോഴും പരാതി ഉയരാറുണ്ട്. എന്നാൽ, മുംബൈ സ്വദേശി ലോകേഷ് ദാഗയ്ക്ക് ബംപറടിച്ചിരിക്കുകയാണ്. ആമസോണിൽ മൗത്ത് വാഷ് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചിരിക്കുന്നത് റെഡ്മിയുടെ നോട്ട് 10 ഫോണാണ്!

കോൾഗേറ്റിന്റെ നാല് മൗത്ത് വാഷ് കുപ്പികളാണ് യുവാവ് ആമസോണിൽ ഓർഡർ ചെയ്തിരുന്നത്. 398 രൂപയായിരുന്നു ഇതിനു വിലയീടാക്കിയിരുന്നത്. എന്നാൽ, ഡെലിവറി ബോയ് വീട്ടിൽ കൊണ്ടുവന്നത് 13,000 രൂപ വിലയുള്ള റെഡ്മി നോട്ട് 10 ഫോണായിരുന്നു!

യുവാവ് തന്നെ നേരിട്ട് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാക്കേജിൽ തന്റെ വിലാസം തന്നെയായിരുന്നു നൽകിയിരുന്നതെങ്കിലും അകത്ത് ഇൻവോയിസിൽ മറ്റൊരു പേരായിരുന്നെന്ന് ലോകേഷ് ട്വീറ്റ് ചെയ്തു. ആമസോൺ ഇന്ത്യയെ ടാഗ് ചെയ്ത ട്വീറ്റിൽ ഓർഡറിന്റെയും പകരം ലഭിച്ച ഫോണിന്റെയും ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. തനിക്ക് കിട്ടിയ ഫോൺ ഓർഡർ ചെയ്ത ആൾക്കുതന്നെ ലഭിക്കാനായി ആമസോണിന് ഇ-മെയിൽ ചെയ്തിട്ടുണ്ടെന്നും ലോകേഷ് ട്വീറ്റിൽ പറഞ്ഞു.

സംഭവം സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. പരിഹാസങ്ങളും തമാശകളുമായി ആമസോണിനു പറ്റിയ അമളി ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ.

Related Tags :
Similar Posts