International Old
നന്നായി ഉറങ്ങണോ? എങ്കില്‍.. ബൈഡന് മുന്നറിയിപ്പുമായി കിമ്മിന്‍റെ സഹോദരി
International Old

'നന്നായി ഉറങ്ങണോ? എങ്കില്‍'.. ബൈഡന് മുന്നറിയിപ്പുമായി കിമ്മിന്‍റെ സഹോദരി

|
16 March 2021 12:35 PM IST

'ഞങ്ങളുടെ മണ്ണില്‍ വെടിമരുന്നിന്‍റെ ഗന്ധം പടര്‍ത്താന്‍ ശ്രമിക്കുന്ന പുതിയ ഭരണകൂടത്തിന് ഒരു ഉപദേശം തരാം'

അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന് മുന്നറിയിപ്പുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ സഹോദരി കിം യോ ജാങ്. ദക്ഷിണ കൊറിയക്കൊപ്പം അമേരിക്ക സൈനികാഭ്യാസം നടത്തിയതിന് പിന്നാലെയാണ് കിം യോ ജാങിന്‍റെ പ്രതികരണം. ഉത്തര കൊറിയയിലെ ഔദ്യോഗിക പത്രമായ റോഡോങ് സിന്‍മന്‍ ആണ് കിം യോ ജാങിന്‍റെ പ്രസ്താവന പ്രസിദ്ധീകരിച്ചത്.

ഞങ്ങളുടെ മണ്ണില്‍ വെടിമരുന്നിന്‍റെ ഗന്ധം പടര്‍ത്താന്‍ ശ്രമിക്കുന്ന പുതിയ ഭരണകൂടത്തിന് ഒരു ഉപദേശം തരാം. അടുത്ത നാല് വർഷത്തേക്ക് നിങ്ങൾ നന്നായി ഉറങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തുടക്കം മുതൽ ഇങ്ങനെ ആവാതിരിക്കുന്നതാണ് നല്ലത്. അത് നിങ്ങൾക്ക് ഉറക്കം നഷ്ടപ്പെടുത്തും.
കിം യോ ജാങ്

അമേരിക്കന്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ ദക്ഷിണ കൊറിയ - ജപ്പാന്‍ സന്ദര്‍ശനം ആരംഭിച്ചതിന് പിന്നാലെയാണ് കിം യോ ജാങിന്‍റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. പെന്‍റഗണ്‍ മേധാവി ലോയ്ഡ് ഓസ്റ്റിന്‍റെ നേതൃത്വത്തിലാണ് സന്ദര്‍ശനം. ചൈനക്കും ഉത്തര കൊറിയക്കുമെതിരായ സൈനിക സഖ്യമാണ് സന്ദര്‍ശന ലക്ഷ്യം.

ഉത്തര കൊറിയയുടെ ആണവ നിരായുധീകരണം ലക്ഷ്യമിട്ട് കഴിഞ്ഞ ട്രംപ് ഭരണകൂടം നടത്തിയ നീക്കങ്ങളൊന്നും വിജയം കണ്ടിരുന്നില്ല. ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിന് മുന്നോടിയായി കിം ജോങ് ഉന്‍ അമേരിക്കയെ തന്‍റെ രാജ്യത്തിന്‍റെ ഏറ്റവും വലിയ ശത്രുവായി പ്രഖ്യാപിക്കുകയുണ്ടായി. പുതിയ ബാലിസ്റ്റിക് മിസൈല്‍ പുറത്തിറക്കിയായിരുന്നു കിമ്മിന്‍റെ ഈ പ്രഖ്യാപനം.

Similar Posts