< Back
India
Chicken Shawarma
India

ചിക്കൻ ഷവർമ കഴിച്ച 19കാരന്‍ ഭക്ഷ്യവിഷബാധയേറ്റു മരിച്ചു; അഞ്ചുപേര്‍ ആശുപത്രിയില്‍

Web Desk
|
8 May 2024 9:07 AM IST

മൻഖുർദിലെ മഹാരാഷ്ട്ര നഗർ ഏരിയയിലാണ് സംഭവം

മുംബൈ: മുംബൈയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 19കാരന്‍ മരിച്ചു. പ്രതമേഷ് ഭോക്‌സെ എന്ന യുവാവാണ് മരിച്ചത്. ചിക്കന്‍ ഷവര്‍മയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.അഞ്ചുപേര്‍ ആശുപത്രിയിലാണ്. മൻഖുർദിലെ മഹാരാഷ്ട്ര നഗർ ഏരിയയിലാണ് സംഭവം.

സ്ഥലത്തെ ഒരു കടയില്‍ നിന്നും ചിക്കന്‍ ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മേയ് 3ന് ആനന്ദ് കാംബ്ലെയും മുഹമ്മദ് അഹമ്മദ് റെസാ ഷെയ്‌ക്കും നടത്തുന്ന കടയിൽ പ്രതമേഷ് സുഹൃത്തുക്കളോടൊപ്പം ചിക്കൻ ഷവർമ കഴിക്കാൻ പോയിരുന്നു.വീട്ടില്‍ തിരിച്ചെത്തിയ പ്രതമേഷിന് പിറ്റേന്ന് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു.കുറച്ചു കഴിയുമ്പോള്‍ ഭേദമാകുമെന്ന് കരുതി യുവാവ് വീട്ടില്‍ തന്നെ ഇരുന്നു. എന്നാല്‍ വൈകിട്ടായിട്ടും ഛർദ്ദി നിലയ്ക്കാത്തതിനാൽ, മാതാപിതാക്കൾ പ്രതമേഷിനെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി. ചികിത്സക്ക് ശേഷം ഭോക്സെക്ക് സുഖമായെങ്കിലും അന്നു മുഴുവന്‍ ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ലെന്ന് സോണ്‍ 6ലെ ഡെപ്യൂട്ടി കമ്മീഷണർ ഹേംരാജ്സിംഗ് രാജ്പുത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു. വൈകുന്നേരമായപ്പോള്‍ വയറിളക്കത്തിന്‍റെ ലക്ഷണവും കണ്ടുതുടങ്ങി. പിന്നീട് യുവാവിനെ പരേലിലെ കെഇഎം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോള്‍ രോഗലക്ഷണങ്ങള്‍ തുടര്‍ന്നു. ഇതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തെങ്കിലും യുവാവിന്‍റെ നില ഗുരുതരമാവുകയും ചൊവ്വാഴ്ച രാവിലെ 10.30 ഓടെ മരണം സംഭവിക്കുകയുമായിരുന്നു.

കടയുടമകളായ ആനന്ദിനും മുഹമ്മദിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തതായി ഡിസിപി അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റുള്ളവർ അപകടനില തരണം ചെയ്തതായും ചികിത്സയ്ക്ക് ശേഷം വിട്ടയച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.

Similar Posts