< Back
India
ഒരു ലിറ്റർ പാൽ ഒരു ബക്കറ്റ് വെള്ളത്തിൽ കലക്കി കുട്ടികൾക്ക് കൊടുത്തു; യുപിയിലെ സ്‌കൂളിൽ പ്രധാനാധ്യാപികക്ക് സസ്‌പെൻഷൻ
India

ഒരു ലിറ്റർ പാൽ ഒരു ബക്കറ്റ് വെള്ളത്തിൽ കലക്കി കുട്ടികൾക്ക് കൊടുത്തു; യുപിയിലെ സ്‌കൂളിൽ പ്രധാനാധ്യാപികക്ക് സസ്‌പെൻഷൻ

അഹമ്മദലി ശര്‍ഷാദ്
|
14 Feb 2026 1:25 PM IST

ഉത്തർപ്രദേശിലെ മഹോബയിലുള്ള സർക്കാർ പ്രൈമറി സ്‌കൂളിലാണ് സംഭവം

ലഖ്‌നൗ: ഒരു ലിറ്റർ പാൽ ഒരു ബക്കറ്റ് വെള്ളത്തിൽ കലക്കി വിദ്യാർഥികൾക്ക് വിതരണം ചെയ്ത സംഭവത്തിൽ പ്രധാനാധ്യാപികക്ക് സസ്‌പെൻഷൻ. ഉത്തർപ്രദേശിലെ മഹോബയിലുള്ള സർക്കാർ പ്രൈമറി സ്‌കൂളിലാണ് സംഭവം. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യാനുള്ള പാലാണ് വെള്ളത്തിൽ കലക്കിയത്.

വീഡിയോ വൈറലായതോടെയാണ് ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള പ്രധാനാധ്യാപിക മോണിക്ക സോണിയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തത്. സ്‌കൂളിലെ പാചകക്കാരി അരലിറ്റർ പാലിന്റെ രണ്ട് പാക്കറ്റുകൾ പൊട്ടിച്ച് ഒരു ബക്കറ്റ് വെള്ളത്തിൽ കലർത്തുന്നതാണ് വീഡിയോയിലുള്ളത്.

''ബുധനാഴ്ചയാണ് സംഭവം നടന്നത്. വെള്ളം കലർത്തിയ പാലാണ് വിദ്യാർഥികൾക്ക് വിതരണം ചെയ്തതെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക നടപടിയുടെ ഭാഗമായി പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ. ക്രമക്കേട് കണ്ടെത്തിയാൽ കടുത്ത നടപടികളുണ്ടാവും''- മഹോബയിലെ ബേസിക് ശിക്ഷാ അധികാരി രാഹുൽ മിശ്ര പറഞ്ഞു.

ഉത്തർപ്രദേശിൽ നേരത്തെ ഉച്ചഭക്ഷണ പദ്ധതിയിൽ ക്രമക്കേട് നടന്ന വിവിധ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2021 ഒക്ടോബറിൽ മീററ്റിലെ സർക്കാർ സ്‌കൂളിൽ രണ്ട് ലിറ്റർ പാൽ അഞ്ച് ലിറ്റർ വെള്ളത്തിൽ കലർത്തിയത് വാർത്തയായിരുന്നു. 2019 സോൻഭദ്രയിലെ സർക്കാർ സ്‌കൂളിൽ ഒരു ലിറ്റർ പാൽ ഒരു ബക്കറ്റ് വെള്ളത്തിൽ കലർത്തിയാണ് 81 വിദ്യാർഥികൾക്ക് വിതരണം ചെയ്തത്. 2019 ആഗസ്റ്റിൽ മിർസാപൂരിലെ പ്രൈമറി സ്‌കൂളിൽ വിദ്യാർഥികൾക്ക് ഉച്ചക്ക് കഴിക്കാൻ റൊട്ടിയും ഉപ്പും വിതരണം ചെയ്തത് വലിയ വാർത്തയായിരുന്നു.

കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനാണ് സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി ഏർപ്പെടുത്തിയത്. പിഎം പോഷൺ എന്നാണ് പദ്ധതിയുടെ പുതിയ പേര്.

Similar Posts