< Back
India

India
ഊഞ്ഞാൽ കയർ കഴുത്തിൽ കുരുങ്ങി 10 വയസുകാരന് ദാരുണാന്ത്യം
|4 Oct 2023 8:51 AM IST
ആദിലിന്റെ വീട്ടിൽ കെട്ടിയിരുന്ന ഊഞ്ഞാലിലായിരുന്നു അപകടം.
ജയ്പ്പൂർ: ഊഞ്ഞാലിൽ ആടുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി 10 വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ ബാരൻ ജില്ലയിലെ ചബ്ര ടൗണിൽ ചൊവ്വാഴ്ചയാണ് സംഭവം.
ആദിൽ എന്ന കുട്ടിയാണ് മരിച്ചത്. ആദിലിന്റെ വീട്ടിൽ കെട്ടിയിരുന്ന ഊഞ്ഞാലിലായിരുന്നു അപകടം. വീട്ടിലെ നവജാത ശിശുവിന് വേണ്ടി കെട്ടിയതായിരുന്നു ഊഞ്ഞാൽ.
മറ്റു കുട്ടികൾക്കൊപ്പം ഊഞ്ഞാലിൽ ആടിക്കളിക്കുന്നതിനിടെ കയർ ആദിലിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. തുടർന്ന് കുട്ടി ഛർദിക്കുകയും ബോധരഹിതനാവുകയും ചെയ്തതായി ചബ്ര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചുട്ടൻ ലാൽ പറഞ്ഞു.
സംഭവത്തെ കുറിച്ചറിഞ്ഞതിനു പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ആദിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുകൊടുത്തതായി അദ്ദേഹം അറിയിച്ചു.