< Back
India
മധ്യപ്രദേശില്‍ കുളിക്കാനിറങ്ങിയ 10 വയസുകാരനെ കൂറ്റൻ മുതല വിഴുങ്ങി
India

മധ്യപ്രദേശില്‍ കുളിക്കാനിറങ്ങിയ 10 വയസുകാരനെ കൂറ്റൻ മുതല വിഴുങ്ങി

Web Desk
|
12 July 2022 11:00 AM IST

നാട്ടുകാർ ഉടൻ തന്നെ വീട്ടുകാരെയും ബന്ധുക്കളെയും വിളിച്ചുകൂട്ടി വടിയും കയറും വലയും ഉപയോഗിച്ച് മുതലയെ പിടികൂടി

ഭോപ്പാൽ: മധ്യപ്രദേശിലെ ഷിയോപൂരിൽ നദിയില്‍ കുളിക്കാനിറങ്ങിയ പത്ത് വയസുകാരനെ മുതല വിഴുങ്ങിയതായി റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അന്താര്‍ സിംഗ് എന്ന കുട്ടിയെ മുതല ആക്രമിച്ചത്. മുതല കുട്ടിയെ നദിയിലേക്ക് വലിച്ച് കൊണ്ടുപോകുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ വീട്ടുകാരെയും ബന്ധുക്കളെയും വിളിച്ചുകൂട്ടി വടിയും കയറും വലയും ഉപയോഗിച്ച് മുതലയെ പിടികൂടി. മുതലയെ നദിയിൽ നിന്ന് വലിച്ച് കരയിൽ പിടിച്ചിട്ടു.

അതിനിടെ, സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് അലിഗേറ്റർ വിഭാഗം സംഘവും പൊലീസ് സംഘവും സ്ഥലത്തെത്തി. ഗ്രാമവാസികളുടെ പിടിയിൽ നിന്ന് മുതലയെ രക്ഷിക്കാൻ ഇരു ടീമുകളും ശ്രമിച്ചു. എന്നാൽ വൈകുന്നേരമായിട്ടും കുട്ടിയുടെ വീട്ടുകാർ ഇതിന് സമ്മതിച്ചില്ല. മുതലയുടെ വയറ്റിൽ കുട്ടി ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു വീട്ടുകാര്‍. കുട്ടിയെ തുപ്പിയാൽ മാത്രമേ മുതലയെ വിട്ടുനൽകൂ എന്ന നിലപാടിലായിരുന്നു വീട്ടുകാര്‍.

"കുട്ടി കുളിക്കുന്നതിനിടെ നദിയിലേക്ക് ആഴ്ന്നിറങ്ങി. കുട്ടിയെ മുതല വിഴുങ്ങിയതാണെന്ന് ഗ്രാമവാസികൾ പറഞ്ഞു. തുടർന്ന് വലയും വടിയും ഉപയോഗിച്ച് മുതലയെ പിടികൂടി. അലിഗേറ്റർ ഡിപ്പാർട്ട്‌മെന്‍റ് ഇക്കാര്യത്തിൽ നടപടി ആരംഭിച്ചിട്ടുണ്ട്'' രഘുനാഥ്പൂർ പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് ശ്യാം വീർ സിംഗ് തോമർ പറഞ്ഞു. ഒടുവില്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും അലിഗേറ്റർ വിഭാഗത്തിന്‍റെയും അനുനയത്തിന് ശേഷം ഗ്രാമവാസികൾ മുതലയെ മോചിപ്പിക്കുകയായിരുന്നു.

എസ്.ഡി.ആര്‍.എഫ് സംഘത്തിന്‍റെ നേതൃത്വത്തില്‍ കുട്ടിക്കുവേണ്ടി തിരച്ചില്‍ നടത്തിയിരുന്നു. സന്ധ്യ വരെ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. മുതല കുട്ടിയെ പിടികൂടിയിട്ടുണ്ടെങ്കിലും ഒരിക്കലും വിഴുങ്ങാന്‍ സാധ്യതയില്ലെന്ന് ഉദ്യോഗസ്ഥര്‍ ഗ്രാമവാസികളോട് പറഞ്ഞു. കുട്ടി നദിയുടെ ആഴമേറിയ ഭാഗത്തേക്കാണ് പോയതെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ച തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. ഈ മുതല നരഭോജിയായി മാറിയെന്നും ദൂരെ എവിടെയെങ്കിലും തുറന്നുവിടണമെന്നും ഗ്രാമവാസികൾ ആവശ്യപ്പെട്ടു. നൂറുകണക്കിന് മുതലകൾ നദിയിലുണ്ടെന്നും മനുഷ്യരെ ആക്രമിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. മുതല കുട്ടിയെ ജീവനോടെ വിഴുങ്ങുന്നത് കണ്ടതായി ഗ്രാമവാസികളിൽ ചിലർ അവകാശപ്പെട്ടു.

Similar Posts