
ലഖ്‌നൗവിൽ 13 വയസുകാരൻ വെടിയേറ്റ് മരിച്ച സംഭവം; ആറ് പേർക്കെതിരെ കൊലക്കുറ്റത്തിന് കേസ്
|ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയുടെ ഭാര്യാസഹോദരന്റെ വീട്ടിലാണ് കൊലപാതകം നടന്നത്
ലഖ്‌നൗ: ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്റെ ഭാര്യാസഹോദരന്റെ വീട്ടിൽ നടന്ന ജന്മദിനാഘോഷത്തിനിടെ 13 വയസുകാരൻ ഉനൈസ് ഖാൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ആറ് പേർക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. ബ്രജേഷ് പഥക്കിന്റെ ഭാര്യാസഹോദരൻ സഞ്ജീവ് ത്രിപാഠിക്കും കുടുംബത്തിനുമെതിരെയാണ് കേസ്. സഞ്ജീവ് ത്രിപാഠി, ഇദ്ദേഹത്തിന്റെ ഭാര്യ, ഒരു ഡ്രൈവർ, പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ എന്നിവരുൾപ്പെടെ ആറ് പേർക്കെതിരെയാണ് കേസ്. കസ്റ്റഡിയിലുള്ള മൂന്ന് കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് ലഖ്‌നൗ സൗത്ത് ഡി.സി.പി നിപുൺ അഗർവാൾ അറിയിച്ചു
സഞ്ജീവ് ത്രിപാഠിയുടെ വീട്ടിലെ ജന്മദിനാഘോഷത്തിനായി ഉനൈസിനെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോകുകയിരുന്നു എന്നാണ് കുടുംബത്തിൻ്റെ ആരോപണം. തലക്ക് വെടിയേറ്റാണ് ഉനൈസ് ഖാൻ കൊല്ലപ്പെട്ടത്. പ്രതികളെ സംരക്ഷിക്കാൻ വാഹനാപകടമെന്ന് കള്ളം പറഞ്ഞതായും കുട്ടിയുടെ കുടുംബം. പിടിഎ മീറ്റിംഗിനിടെ സഞ്ജീവ് ത്രിപാഠിയുമായി തർക്കം നടന്നിരുന്നതായും അവർ പറഞ്ഞു.
ആശുപത്രിയിൽ എത്തി മൃതദേഹം കണ്ടപ്പോഴാണ് നെറ്റിയുടെ മധ്യഭാഗത്തായി വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ഇതൊരു ആസൂത്രിത കൊലപാതകമാണെന്നും മുതിർന്ന ഒരാളാണ് വെടിവച്ചതെന്നും കുടുംബം പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സരോജിനി നഗറിലെ ബെഹാസ ഗ്രാമത്തിൽ എത്തിച്ചപ്പോൾ വൻ പ്രതിഷേധമാണ് ഉണ്ടായത്.