
പാക്കറ്റ് ഇളനീർവെള്ളം കുടിച്ച് 15 പേർ ആശുപത്രിയിൽ; ഫാക്ടറി പൂട്ടി അധികൃതർ
|രണ്ട് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടെ മൂന്ന് പേർ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്
മംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ പാക്കറ്റ് ഇളനീർവെള്ളം കുടിച്ച 15 പേർ ആശുപത്രിയിൽ. സ്ത്രീകളും കുട്ടികളുമുൾപ്പടെയുള്ളവർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാദേശിക ക്ലിനിക്കുകളിൽ പ്രവേശിപ്പിച്ച ഇവരെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
പരാതിയെതുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇളനീർവെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കായി അയച്ചിട്ടുണ്ട്. അഡയാറിലെ ഫാക്ടറിൽ നിന്നാണ് ഇവർ ഇളനീർവെള്ളം വാങ്ങിയത്. ലിറ്ററിന് 40 രൂപ നിരക്കിലാണ് ഇത് വാങ്ങിയതെന്നും ആളുകൾ പറയുന്നു. ഉദ്യോഗസ്ഥർ ഫാക്ടറി പൂട്ടുകയും വൃത്തിയാക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
രണ്ട് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടെ മൂന്ന് പേർ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വേനൽക്കാലമായതിനാൽ കൂൾഡ്രിങ്ക്‌സ് വിൽപ്പന തകൃതിയായി നടക്കുകയാണ്. മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെന്ന വിശ്വാസം കൊണ്ടാണ് കൂടുതൽ പേരും ഇളനീർ വെള്ളം വാങ്ങിക്കുടിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.