< Back
India
പൂജക്കായി ക്ഷേത്രത്തിലേക്ക് പോയ 15കാരൻ മരിച്ച നിലയിൽ ; പുലിയാക്രമണമാണെന്ന് സംശയം
India

പൂജക്കായി ക്ഷേത്രത്തിലേക്ക് പോയ 15കാരൻ മരിച്ച നിലയിൽ ; പുലിയാക്രമണമാണെന്ന് സംശയം

Web Desk
|
14 Jan 2026 6:18 PM IST

തലയിൽ ഗുരുതരമായ പരിക്കുകൾ കണ്ടതോടെയാണ് പുലിയുടെ ആക്രമണത്തിലാണോ മരണം എന്ന സംശയം ഉയർന്നത്

മംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിൽ നള ക്ഷേത്രത്തിലെ ധനുപൂജയിൽ പങ്കെടുക്കാൻ പോയ ഒമ്പതാം ക്ലാസുകാരൻ മരിച്ച നിലയിൽ. കുവെട്ടു ഗ്രാമത്തിലെ സുബ്രഹ്മണ്യ നായിക്കിന്റെ മകനും ഗെരുക്കാട്ടെ ഗവ. ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ സുമന്താണ് (15) മരിച്ചത്. തലയിൽ ഗുരുതരമായ പരിക്കുകൾ കണ്ടതോടെയാണ് പുലിയുടെ ആക്രമണത്തിലാണോ മരണം എന്ന സംശയം ഉയർന്നത്. സ്ഥിരമായി പുലികൾ ഇറങ്ങുന്ന പ്രദേശമാണിത്.

സുമന്തും രണ്ട് സുഹൃത്തുക്കളും ധനുപൂജക്കായി ദിവസവും നള ക്ഷേത്രത്തിൽ പോവാറുണ്ടായിരുന്നു. പതിവ് പോലെ ബുധനാഴ്ചയും സുമന്ത് പുലർച്ചെ നാലിന് തന്നെ ക്ഷേത്രത്തിലേക്ക് വീട്ടിൽ നിന്ന് പുറപ്പെട്ടു. എന്നാൽ, കാത്ത് നിൽക്കാമെന്ന് സ്ഥലത്ത് സുമന്തിനെ കാണാതായതോടെ മറ്റ് രണ്ടുപേർക്ക് സംശയം തോന്നി വീട്ടിലേക്ക് വിളിച്ച് ചോദിക്കുകയായിരുന്നു. സുമന്ത് പതിവുപോലെ ക്ഷേത്രത്തിലേക്ക് പോയി എന്ന മറുപടിയാണ് വീട്ടിൽ നിന്ന് സുഹൃത്തുക്കൾക്ക് ലഭിച്ചത്. സുമന്ത് ക്ഷേത്രത്തിൽ എത്തിയിട്ടില്ലെന്ന് അറിയച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.

സുമന്ത് പതിവായി പോകുന്ന വഴിയിലെ കുളത്തിന് സമീപം രക്തക്കറകൾ കണ്ടെത്തി. തുടർന്ന് പൊലീസ്, വനം വകുപ്പ്, ഫോഴ്സ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു. രാവിലെ 11.30 ഓടെയാണ് സുമന്തിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. കെ.അരുൺ കുമാർ, ബെൽത്തങ്ങാടി പൊലീസ് ഇൻസ്പെക്ടർ സുബ്ബപുര മഠം, സബ് ഇൻസ്പെക്ടർ ആനന്ദ് എം., തഹസിൽദാർ പൃഥ്വി സാനികം, ആർഐ പാവടപ്പ, ബിഇഒ താരകേശ്വരി, എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Similar Posts