< Back
India
16 arrested in Assam for illegal cattle slaughter during Eid
India

ഈദിന് നിയമവിരുദ്ധമായി കന്നുകാലികളെ കശാപ്പ് നടത്തിയെന്ന് ആരോപണം; അസമിൽ 16 പേർ അറസ്റ്റിൽ

Web Desk
|
8 Jun 2025 6:48 PM IST

അനധികൃതമായി കന്നുകാലികളെ കശാപ്പ് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

ഗുവാഹതി: ഈദിന് നിയമവിരുദ്ധമായി കന്നുകാലികളെ കശാപ്പ് നടത്തിയെന്ന് ആരോപിച്ച് അസമിൽ 16 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കന്നുകാലികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിത്തിയിട്ടുണ്ടെന്നും ബരാക് താഴ്‌വരയിലെ രണ്ട് ജില്ലകളിൽ കച്ചാറിലെ ഗുംറ, സിൽച്ചാർ, ലാഖിപൂർ, കരിംഗഞ്ചിലെ ബദർപൂർ, ബംഗ എന്നിവിടങ്ങളിൽ നിന്ന് അഞ്ച് അനധികൃത കശാപ്പ് കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

ശനിയാഴ്ച രാത്രി അക്രമികൾ മാംസക്കഷണങ്ങൾ എറിഞ്ഞുവെന്ന് ആരോപിച്ച് ഹിന്ദു സമുദായത്തിൽ നിന്നുള്ള ചിലർ ഹൊജായിയിൽ റോഡ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെ മുസ്‌ലിംകളും റോഡ് ഉപരോധിച്ചതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി.

''നമ്മുടെ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പ് നൽകുമ്പോൾ തന്നെ അത് നിയമവാഴ്ചയേയും ഉയർത്തിപ്പിടിക്കുന്നു. ഈ ഈദുൽ അദ്ഹ ദിനത്തിൽ അനധികൃതമായി കന്നുകാലികളെ കശാപ്പ് നടത്തിയതും അസമിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കന്നുകാലികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതും അസ്വസ്ഥപ്പെടുത്തുന്ന സംഭവങ്ങളാണ്. ഗുവാഹതി കോട്ടൺ യൂണിവേഴ്‌സിറ്റി, ധുബ്രി, ഹോജയ്, ശ്രീഭൂമി ജില്ലകളിൽ നിന്നാണ് കശാപ്പ് ചെയ്ത കന്നുകാലികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സാമുദായിക ഐക്യം നിലനിർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പക്ഷേ നിയമവാഴ്ച ബലികഴിക്കാനാവില്ല. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കും'' - ഹിമന്ത ബിശ്വശർമ എക്‌സിൽ കുറിച്ചു.

സംസ്ഥാനത്ത് ഗോമാംസം കഴിക്കുന്നത് നിയമവിരുദ്ധമല്ല, എന്നാൽ 2021-ലെ അസം കന്നുകാലി സംരക്ഷണ നിയമപ്രകാരം ഹിന്ദുക്കൾ, ജൈനന്മാർ, സിഖുകാർ എന്നിവ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലും ക്ഷേത്രത്തിന്റെയോ സത്രത്തിന്റെയോ (വൈഷ്ണവ മഠം) അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലും കന്നുകാലികളെ കൊല്ലുന്നതും ഗോമാംസം വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Similar Posts