< Back
India
ആരും സഹായത്തിനെത്തിയില്ല: ഉത്തരാഖണ്ഡിൽ കശ്മീരി വസ്ത്രവ്യാപാരികളെ അക്രമിച്ച്   ബജ്‌റംഗ് ദൾ പ്രവർത്തകർ, നാട്ടിലേക്ക് മടങ്ങി
India

'ആരും സഹായത്തിനെത്തിയില്ല': ഉത്തരാഖണ്ഡിൽ കശ്മീരി വസ്ത്രവ്യാപാരികളെ അക്രമിച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ, നാട്ടിലേക്ക് മടങ്ങി

Web Desk
|
30 April 2025 12:28 PM IST

അക്രമത്തിന് പിന്നാലെ പൊലീസ് എത്തിയിരുന്നു. സഹായിക്കാനാവില്ലെന്നാണ് പറഞ്ഞതെന്ന് കച്ചവടക്കാരനായ ഷബീർ ആരോപിക്കുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കശ്മീരിൽ നിന്നുള്ള വസ്ത്രവ്യാപാരികളെ മര്‍ദിച്ച് ബജ്റംഗ് ദൾ പ്രവര്‍ത്തകര്‍. അക്രമത്തിന് പിന്നാലെ 16ലധികം വിൽപ്പനക്കാർ നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ഏപ്രിൽ 23ന് ഉത്തരാഖണ്ഡിലെ മസൂരിയിലാണ് സംഭവം.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവര്‍ ബജ്റംഗ് ദള്‍ പ്രവര്‍ത്തകരാണെന്ന് പൊലീസ് വ്യക്തമാക്കി. സ്ഥലംവിടാന്‍ ആവശ്യപ്പെട്ടാണ് കശ്മീരി ഷാളുകളും വസ്ത്രങ്ങളും വിൽക്കുകയായിരുന്ന രണ്ട് പേരെ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. വില്‍പ്പനക്കാരെ മര്‍ദിക്കുന്നതും അസഭ്യം പറയുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കച്ചവടക്കാരോട് തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടായിരുന്നു ചീത്തവിളി.

''കഴിഞ്ഞ 18 വർഷമായി ഞങ്ങളിവിടെ കച്ചവടത്തിന് വരുന്നുവെന്നും ഇപ്പോൾ ഞങ്ങളെ മർദിച്ചവരെ ഇതിന് മുമ്പ് ഇവിടെ കണ്ടിട്ടില്ലെന്നും''- കച്ചവടക്കാരാനയ ഷബീർ അഹമ്മദ് ദർ പറയുന്നതായി ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ''ആരും ഞങ്ങൾക്കുവേണ്ടി സംസാരിച്ചില്ലെന്നും കശ്മീരിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ധാരാളം തൊഴിലാളികളുണ്ട്, പക്ഷേ അവരോട് ഞങ്ങളാരും മോശമായി പെരുമാറിയിട്ടില്ലെന്നും''- അദ്ദേഹം വ്യക്തമാക്കി.

അക്രമം നടന്ന ദിവസം പൊലീസ് ഞങ്ങളുടെ അടുത്ത് എത്തിയിരുന്നുവെന്നും സഹായിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതായും ഷബീർ അഹമ്മദ് ആരോപിക്കുന്നു. പഹൽഗാം ആക്രമണത്തെത്തുടർന്ന് കശ്മീരികൾക്കെതിരെ ഭീഷണികൾ ഉയരുന്നുണ്ടെന്നും ഇവിടം വിട്ടുപോകലാണ് നല്ലെതെന്ന് പൊലീസ് പറഞ്ഞതായും അദ്ദേഹം ആരോപിക്കുന്നു. അതേസമയം എല്ലാവരോടും പോകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രജിസ്റ്റർ ചെയ്യാത്തവരോടാണ് ഇങ്ങനെ ആവശ്യപ്പെട്ടതെന്നുമാണ് ഡെറാഡൂണ്‍ പൊലീസ് പറയുന്നത്.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കര്‍ണിസേനയുടെ നേതൃത്വത്തില്‍ നഗരത്തില്‍ കശ്മീരികള്‍ക്കെതിരെ പ്രകടനം നടന്നിരുന്നു. പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Similar Posts