< Back
India
17 Men DNA-Tested Over Pregnant Mumbai Womans Rape. Father Was A Match
India

മിണ്ടാനും കേൾക്കാനുമാവാത്ത യുവതിയെ ബലാത്സം​ഗം ചെയ്തതാര്? പരിശോധിച്ചത് 17 പേരുടെ ഡിഎൻഎ; ഒടുവിൽ പ്രതി വീട്ടിൽ തന്നെ

ഷിയാസ് ബിന്‍ ഫരീദ്
|
5 Feb 2026 5:14 PM IST

ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിൽ യുവതി ​അഞ്ച് മാസം ​ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു.

മുംബൈ: സംസാര ശേഷിയും കേൾവിശക്തിയുമില്ലാത്ത യുവതി ബലാത്സം​ഗത്തിനിരയാവുകയും ​ഗർഭിണിയാവുകയും ചെയ്യുന്നു. കുടുംബത്തെയും നാട്ടുകാരേയും ഒരുപോലെ ഞെട്ടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നു. പ്രതിയെ കണ്ടെത്താൻ സംശയമുള്ളവരുടെ ഡിഎൻഎ പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിക്കുന്നു. അങ്ങനെ 17 പേരുടെ ഡിഎൻഎ പരിശോധന നടത്തിയ പൊലീസ് ഒടുവിൽ പ്രതിയെ കണ്ടെത്തി. 20കാരിയെ ബലാത്സം​ഗം ചെയ്തതും ​ഗർഭിണിയാക്കിയതും സ്വന്തം പിതാവ്...

മുംബൈയിലെ കഫെ പരേഡ് പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം. കഴിഞ്ഞവർഷം സെപ്തംബറിലാണ് ഇതുസംബന്ധിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഒരു ദിവസം വയറിന് ബുദ്ധിമുട്ട് തോന്നുന്നതായി യുവതി മുത്തശ്ശിയോട് പറയുകയായിരുന്നു. വയറ്റിൽ എന്തോ അനങ്ങുന്നത് പോലെ തോന്നുന്നു എന്നാണ് യുവതി ആം​ഗ്യത്തിലൂടെ മുത്തശ്ശിയെ അറിയിച്ചത്. തുടർന്ന്, സിറ്റിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിൽ യുവതി ​അഞ്ച് മാസം ​ഗർഭിണിയാണെന്ന് കണ്ടെത്തി. ഇതോടെ ആശുപത്രി അധികൃതർ ഉടനടി പൊലീസിനെ വിവരമറിയിച്ചു.

യുവതിക്ക് സംസാരിക്കാനും കേൾക്കാനുമാവാത്തതിനാൽ അവരുടെ മൊഴിയെടുക്കാൻ പൊലീസ് ബുദ്ധിമുട്ടി. ഇതോടെ പിതാവിനോട് കാര്യമന്വേഷിച്ചെങ്കിലും ലൈം​ഗികാതിക്രമത്തെക്കുറിച്ചോ മകൾ എങ്ങനെ ​ഗർഭിണിയായി എന്നതിനെക്കുറിച്ചോ ഇയാൾ പറഞ്ഞില്ല. വിഷയത്തിൽ പരാതി നൽകാനും ഇയാൾ തയാറായില്ല.

തുടർന്ന് ആവശ്യമായ കൗൺസലിങ്ങിന് ശേഷം യുവതി പരാതി നൽകാൻ സമ്മതിച്ചു. യുവതിയുടെ ഭാഷയിൽ സംസാരിക്കാനറിയാവുന്ന കൗൺസലറെ ഉപയോ​ഗിച്ചാണ് പൊലീസ് വിവരം ശേഖരിച്ചത്. യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് 17 വയസുള്ള ആൺകുട്ടിയെയും മറ്റൊരു പുരുഷനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തിരിച്ചറിയൽ പരേഡിൽ യുവതി ഇവരെ തിരിച്ചറിഞ്ഞതോടെയാണ് കസ്റ്റഡിയിലെടുത്തത്.

എന്നാൽ ബലാത്സംഗം ചെയ്തയാളെ കൃത്യമായി തിരിച്ചറിയാനായി, പിതാവ് ഉൾപ്പെടെ സംശയിക്കപ്പെടുന്ന 17 പേരുടെ ഡിഎൻഎ, രക്ത സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. തുടർന്ന്, ഈ വർഷം ജനുവരി 27ന് ലഭിച്ച പരിശോധനാ ഫലത്തിൽ കുഞ്ഞിന് ഈ 17ൽ ഒരാളുടെ ഡിഎൻഎയുമായി മാത്രമാണ് പൊരുത്തം കണ്ടെത്തിയത്. അത് യുവതിയുടെ അച്ഛനായിരുന്നു.

കഴിഞ്ഞ വർഷം മാർച്ച് മുതൽ സെപ്തംബർ 21 വരെയുള്ള കാലയളവിലാണ് ബലാത്സംഗം നടന്നതെന്ന് പൊലീസ് പറഞ്ഞു. കേസിൽ മറ്റുള്ളവരുടെ പങ്ക് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Similar Posts