< Back
India
18 Members Of Hyderabad Family 3 Generations Killed In Saudi Bus Accident

Photo| NDTV

India

ഇനിയാരുമില്ല തിരിച്ചെത്താൻ...; സൗദിയിൽ ബസിന് തീപിടിച്ച് മരിച്ച ഇന്ത്യൻ ഉംറ തീർഥാടക​രിൽ കുരുന്നുകളടക്കം ഒരു കുടുംബത്തിലെ 18 പേരും

Web Desk
|
18 Nov 2025 1:50 PM IST

നസീറുദ്ദീന്റെയും കുടുംബത്തിന്റേയും വിയോ​ഗത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് മറ്റ് ബന്ധുക്കളും നാട്ടുകാരും.

ഹൈദരാബാദ്: ഹൈദരാബാദിലെ രാംന​ഗറിലെ നസീറുദ്ദീന്റെ വീട്ടിലേക്ക് തിരിച്ചെത്താൻ ഇനിയാരുമില്ല. കഴിഞ്ഞദിവസം സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഉംറ തീർഥാടകരുടെ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് മരിച്ച 42 ഇന്ത്യൻ തീർഥാടകരിൽ നസീറുദ്ദീനും കുടുംബവുമടങ്ങുന്ന 18 പേരും ഉൾപ്പെടുന്നു. മൂന്ന് തലമുറയിൽപ്പെട്ടവരാണ് വിട പറഞ്ഞത്. ശനിയാഴ്ച തിരിച്ചെത്തേണ്ടതായിരുന്നു കുടുംബമെന്ന് ബന്ധുക്കൾ പറഞ്ഞു. ഹൈദരാബാദിൽ നിന്ന് ഉംറയ്ക്ക് പോയ തീർഥാടകരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.

നസീറുദ്ദീന്റെയും കുടുംബത്തിന്റേയും വിയോ​ഗത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് മറ്റ് ബന്ധുക്കളും നാട്ടുകാരും. ഉറ്റവരുടെ അപ്രതീക്ഷിത വേർപ്പാടിൽ ഹൃദയം തകർന്നിരിക്കുന്ന ബന്ധുക്കളെ ആശ്വസിക്കാൻ പ്രയാസപ്പെടുകയാണ് നാട്ടുകാർ. അയൽക്കാരനിൽ നിന്ന് വീടിന്റെ താക്കോൽ വാങ്ങി വാതിൽ തുറന്ന നസീറുദ്ദീ‍ന്റെ സഹോദരി, തന്റെ കൂടെപ്പിറപ്പിന്റെയും കുടുംബത്തിന്റേയും വേർപ്പാടിൽ നെ‍ഞ്ചുപൊട്ടി കരയുന്നത് ഏവരേയും കണ്ണീരണിയിച്ചു.

'എന്റെ അനിയത്തി, അളിയൻ, അവരുടെ മകൻ, മൂന്ന് പെൺമക്കൾ, കുട്ടികൾ എന്നിവർ ഉംറയ്ക്ക് പോയതായിരുന്നു. എട്ട് ദിവസം മുമ്പാണ് അവർ യാത്ര തിരിച്ചത്. ഉംറ കഴിഞ്ഞ് മദീനയിലേക്ക് മടങ്ങവെ പുലർച്ചെ 1.30ഓടെയാണ് അപകടം സംഭവിച്ചത്. തീപിടിത്തത്തിൽ ബസ് കത്തിനശിച്ചു. ശനിയാഴ്ച അവർ തിരിച്ചെത്തേണ്ടതായിരുന്നു'- ബന്ധുവായ മുഹമ്മദ് ആസിഫ് കണ്ണീരോടെ പറഞ്ഞു.

ദുരന്തത്തിനു കുറച്ച് നേരം മുമ്പ് വരെ തങ്ങൾ ബന്ധുക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് ആസിഫ് പറഞ്ഞു. 'ഒരു കുടുംബത്തിലെ 18 അംഗങ്ങൾ, ഒമ്പത് മുതിർന്നവരും ഒമ്പത് കുട്ടികളും മരിച്ചു. ഞങ്ങൾക്ക് ഇത് ഒരു ഭയാനകമായ ദുരന്തമാണ്'- അദ്ദേഹം പ്രതികരിച്ചു. നസീറുദ്ദീൻ (70), ഭാര്യ അക്തർ ബീ​ഗം (62), മകൻ സലാഹുദ്ദീൻ (42), പെൺമക്കളായ ആമിന (44), റിസ്‌വാന (38), ഷബ്ന (40) അവരുടെ മക്കൾ എന്നിവരാണ് മരിച്ചത്.

അപകടത്തിൽ മരിച്ച 42 പേരിൽ ഭൂരിഭാഗവും ഹൈദരാബാദിൽ നിന്നുള്ളവരായിരുന്നു. മദീനയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ അവർ സഞ്ചരിച്ചിരുന്ന ബസ് ഒരു ഡീസൽ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാത്രി വൈകി മിക്ക യാത്രക്കാരും ഉറങ്ങുമ്പോഴായിരുന്നു അപകടം. അതിനാൽതന്നെ തീപിടിച്ച വാഹനത്തിൽ നിന്ന് അവർക്ക് കൃത്യസമയത്ത് രക്ഷപെടാനായില്ല.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ദുഃഖം രേഖപ്പെടുത്തി. 'പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടൊപ്പമാണ് എന്റെ മനസ്. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. ഉദ്യോഗസ്ഥർ സൗദി അറേബ്യൻ അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്'- മോദി എക്‌സ് പോസ്റ്റിൽ പറഞ്ഞു.

ഉന്നത ഉദ്യോഗസ്ഥരോട് ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടാനും ആവശ്യമായ പിന്തുണ നൽകാനും രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. ദുരിതബാധിത കുടുംബങ്ങൾക്കൊപ്പം സർക്കാർ ഉണ്ടാകുമെന്ന് റെഡ്ഡി വ്യക്തമാക്കി. സംഭവത്തിന് ശേഷം ഇന്ത്യൻ കോൺസുലേറ്റ് കൺട്രോൾ റൂമും ഹെൽപ്പ്‌ലൈനും സ്ഥാപിച്ചിട്ടുണ്ട്. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലാണ് 24x7 കൺട്രോൾ റൂം ആരംഭിച്ചിട്ടുള്ളത്. ഹെൽപ്‌ലൈനിലെ ടോൾ ഫ്രീ നമ്പർ- 8002440003.

മരിച്ച 42 പേരിൽ 20 സ്ത്രീകളും 10 വയസിന് താഴെയുള്ള 11 കുട്ടികളും ഉൾപ്പെടുന്നു. ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തൽക്ഷണം തീപിടിക്കുകയായിരുന്നു. അപകടത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. 25കാരൻ അബ്ദുൽ ശുഐബ് മുഹമ്മദാണ് രക്ഷപെട്ടത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) അപകടം നടന്നത്. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്തായിരുന്നു അപകടം. തീർഥാടകരുടെ വിസയും യാത്രയും ക്രമീകരിച്ച ഏജൻസികൾ മന്ത്രാലവുമായി ഏകോപനം നടത്തി നടപടികൾ പൂർത്തിയാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.



Similar Posts