< Back
India
അഴുക്കുചാലിൽ നിന്ന് കിട്ടിയത് 19 ശരീരഭാഗങ്ങൾ; കൊലപാതകവും നരഭോജനവും നടത്തിയെന്ന് സമ്മതിച്ച പ്രതികൾ രക്ഷപ്പെട്ടതെങ്ങനെ ?, എന്താണ് നിഥാരി കേസ് ?
India

അഴുക്കുചാലിൽ നിന്ന് കിട്ടിയത് 19 ശരീരഭാഗങ്ങൾ; കൊലപാതകവും നരഭോജനവും നടത്തിയെന്ന് സമ്മതിച്ച പ്രതികൾ രക്ഷപ്പെട്ടതെങ്ങനെ ?, എന്താണ് നിഥാരി കേസ് ?

Web Desk
|
11 Nov 2025 4:29 PM IST

സുരേന്ദ്ര കോലിയുടെ മോചനത്തിലേക്ക് നയിച്ചത് എന്തൊക്കെയാണ് ?

ന്യുഡൽഹി: പ്രതി സുരേന്ദ്ര കോലിയെ സുപ്രിം കോടതി കുറ്റവിമുക്തനാക്കിയതോടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് നിഥാരി കൂട്ടക്കൊല. അന്വേഷണസംഘം തെളിവ് ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് സുരേന്ദ്ര കോലി അവസാന കേസിലും കുറ്റവിമുക്തനാക്കപ്പെട്ടത്. സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കോലിയെ കുറ്റവിമുക്തനാക്കിയത്.

നിഥാരി ഒരു ഗ്രാമത്തിന്റെ പേര് മാത്രമല്ല

ഉത്തർപ്രദേശിന്റെ പടിഞ്ഞാറ് ഡൽഹിയുമായി അതിർത്തി പങ്കിടുന്ന ഗ്രാമമായ നിഥാരി ഇന്ന് കൂട്ടക്കൊലയുടെ പേരിലാണ് അറിയപ്പെടുന്നത്. അടുത്തുള്ള ഗ്രാമത്തിൽ നിന്ന് കുട്ടികളെ കാണാതാകുന്നത് പതിവായതോടെ നടത്തിയ അന്വേഷണമാണ് ഏതൊരു ആളേയും ഞെട്ടിക്കുന്ന നിഥാരി കൂട്ടക്കൊലയിലേക്ക് വെളിച്ചം വീശിയത്. അന്വേഷണത്തിൽ പ്രതികളിലൊരാളായിരുന്ന മൊനീന്ദർ സിങ് പാന്ഥറുടെ വീടിന് മുന്നിലെ അഴുക്ക് ചാലിൽ നിന്ന് 19 ശരീരാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. 11 പെൺകുട്ടികളുടെ ഒരു യുവതിയുടെ ആറ് ആൺ കുട്ടികളുടേയും ശരീര അവശിഷ്ടങ്ങൾ അഴുക്കു ചാലിൽ നിന്ന് കണ്ടെത്തി എന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്.

ഒടുവിൽ നിഥാരി ഗ്രാമത്തിലെ സെക്ടർ 31-ലെ ഡി-5 ബംഗ്ലാവ് ഉടമയായ മൊനീന്ദർ സിങ് പാന്ദറും സഹായിയായ സുരേന്ദ്ര കോലിയും അറസ്റ്റിലായി. മൊനീന്ദർ സിങ് പാന്ഥറുടെ വീട്ടിൽ വച്ച് ഇരുപതുകാരിയെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ഉൾപ്പെടെ ഒട്ടേറെപ്പേരെ ലൈംഗികപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. 2007ൽ പന്ദറിനും കോലിക്കുമെതിരെ 19 കേസുകളാണ് സിബിഐ ഫയൽ ചെയ്തിരുന്നത്. ഇരകളെ മാനഭംഗപ്പെടുത്തിയതായും അവരുടെ ശരീരഭാഗങ്ങൾ ഭക്ഷിച്ചതായും കോലി സമ്മതിക്കുകയും ചെയ്തിരുന്നു. പിന്നീട് ഓരോ കേസുകളിലായി ഇവരെ വെറുതെ വിട്ടു. അലഹബാദ് ഹൈക്കോടതി ഒരു ഘട്ടത്തിൽ കേസ് അന്വേഷണത്തിലെ അനാസ്ഥ ചൂണ്ടികാട്ടി സിബിഐയെ നിശിതമായി വിമർശിച്ചു. അവയവ വില്പനയുമായി ബന്ധപ്പെട്ട ഭാഗം അന്വേഷിക്കാതിരുന്നത് ചൂണ്ടി കാട്ടി.

2006 ഡിസംബർ 29 ന് പടർന്ന ഒരു അഭ്യൂഹത്തെ തുടർന്ന് നടത്തിയ അന്വേഷണമാണ് കേസിലേക്കെത്തിയത്. വ്യവസായിയായ മൊനീന്ദർ സിങ് പാന്ഥറിന്റെ വീടിന് മുന്നിലെ അഴുക്കു ചാലിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടു എന്നായിരുന്നു അഭ്യൂഹം. കുട്ടികളെ കാണാതായ സംഭവങ്ങളിൽ നിരന്തരം പരാതി പറഞ്ഞിട്ടും പൊലീസിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടായിരുന്നില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ അഴുക്കുചാലിൽ പരിശോധന നടത്തുകയായിരുന്നു. ആദ്യം അഴുകിയനിലയിൽ കൈയും പിന്നീടു വേറെയും ശരീരഭാഗങ്ങളും കണ്ടെത്തി. പൊലീസും സ്ഥലത്തെത്തി. അന്നുതന്നെ വീട്ടുടമ മൊനിന്ദറെയും സഹായി സുരേന്ദ്ര കോലിയെയും അറസ്റ്റുചെയ്തു.

നിയമവഴികൾ

  • 2009 ഫെബ്രുവരി 13: ഗാസിയാബാദിലെ പ്രത്യേക കോടതി പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചു.
  • 2009 സെപ്റ്റംബർ 10: മൊനിന്ദർ സിങ് പാന്ഥർ കുറ്റക്കാരനല്ലെന്ന് അലഹബാദ് ഹൈക്കോടതി, വധശിക്ഷ ഇളവുചെയ്തു.
  • 2011 ഫെബ്രുവരി 15: സുരേന്ദ്രകോലിയുടെ വധശിക്ഷ സുപ്രിം കോടതി ശരിവെച്ചു
  • 2014 ജൂലായ്: കോലിയുടെ ദയാഹർജി രാഷ്ട്രപതി തള്ളി
  • 2014 സെപ്റ്റംബർ 4: സെപ്റ്റംബർ 12-ന് തൂക്കിലേറ്റാനിരിക്കെ, വധശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തു.
  • 2015 ജനുവരി 28: ദയാഹർജിയിലെ കാലതാമസം ചൂണ്ടിക്കാട്ടി കോലിയുടെ വധശിക്ഷ അലഹാബാദ് ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു.
  • 2017 ജൂലായ് 24: ഗാസിയാബാദ് സിബിഐ. കോടതി ഇരു പ്രതികൾക്കും വധശിക്ഷ വിധിച്ചു
  • 2023 ഒക്ടോബറിൽ 12 കൊലപാതകക്കേസുകളിൽ കോലിയെയും രണ്ട് കേസുകളിൽ മൊനീന്ദറിനെയും അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കി. ആകെ 13 കൊലപാതകക്കേസുകളാണ് കോലിക്കെതിരെ ചുമത്തിയിട്ടുള്ളത്. 13ാമത്തെ കേസിലും കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് കോലിക്ക് പുറത്തിറങ്ങാനുള്ള വഴി തെളിയുന്നത്.
Similar Posts