< Back
India
പണിമുടക്ക് പുരോഗമിക്കുന്നു: ബംഗാളില്‍ ട്രെയിന്‍ തടഞ്ഞ് സമരക്കാര്‍
India

പണിമുടക്ക് പുരോഗമിക്കുന്നു: ബംഗാളില്‍ ട്രെയിന്‍ തടഞ്ഞ് സമരക്കാര്‍

Web Desk
|
28 March 2022 12:22 PM IST

സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ട്രെയിന്‍ തടയുന്നതിനിടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു

കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ തൊഴിലാളി യൂണിയനുകൾ നടത്തുന്ന രണ്ടു ദിവസത്തെ പണിമുടക്ക് പുരോഗമിക്കുകയാണ്. ബംഗാളില്‍ സമരക്കാര്‍ റോഡ് മാത്രമല്ല റെയില്‍വേ ട്രാക്കും ഉപരോധിച്ചു. ദോംജുറിലും ഹൌറയിലും ജാദവ്പൂരിലുമാണ് ട്രെയിന്‍ ഉപരോധിച്ചത്. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ട്രെയിന്‍ തടയുന്നതിനിടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു.

ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധവും ട്രെയിന്‍ തടയലും നടന്നത്. മുഴുവൻ സർക്കാർ ജീവനക്കാരും ജോലിക്ക് എത്തണമെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചത്. ഈ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.

അതേസമയം രാജ്യത്തെ മഹാനഗരങ്ങളെ സമരം പൂര്‍ണമായും സ്തംഭിപ്പിച്ചില്ല. ഡല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഓഫീസുകളും കടകമ്പോളങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. ജാര്‍ഖണ്ഡ്, ഛത്തിഗഢ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെയും സമരം ബാധിച്ചു. ബാങ്കുകളുടെയും എടിഎമ്മുകളുടെയും പ്രവര്‍ത്തനം രാജ്യത്ത് ചിലയിടങ്ങളില്‍ തടസ്സപ്പെട്ടു.

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ ആവശ്യങ്ങൾ സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമാണ് ട്രേഡ് യൂണിയനുകൾ ഉയർത്തിയിരിക്കുന്നത്. കർഷകസംഘടനകൾ, കർഷകതൊഴിലാളി സംഘടനകൾ, കേന്ദ്ര-സംസ്ഥാന സർവീസ് സംഘടനകൾ, അധ്യാപക സംഘടനകൾ, ബിഎസ്എൻഎൽ, എൽഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, തുറമുഖ തൊഴിലാളികൾ ഉൾപ്പെടെ കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെ പണിമുടക്കും. ബിഎംഎസ് പണിമുടക്കിൽ നിന്നും വിട്ടുനിൽക്കും.

ആശുപത്രി, മരുന്ന് കടകൾ, പാൽ, പത്രം, ഫയർ ആൻഡ് റെസ്ക്യൂ എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. റെയിൽവേ മേഖല പണിമുടക്കുന്നില്ലെങ്കിലും ജനങ്ങൾ ട്രെയിൻ യാത്ര ഒഴിവാക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടു.

Similar Posts