< Back
India
ഉന്നത പദവി വാഗ്ദാനം ചെയ്ത നടി ദിഷ പടാനിയുടെ പിതാവിൽ നിന്ന് 25 ലക്ഷം തട്ടി

ദിഷ പടാനി-പിതാവ് ജഗദീഷ് സിങ് പടാനി

India

ഉന്നത പദവി വാഗ്ദാനം ചെയ്ത നടി ദിഷ പടാനിയുടെ പിതാവിൽ നിന്ന് 25 ലക്ഷം തട്ടി

Web Desk
|
16 Nov 2024 10:43 AM IST

റിട്ടയേർഡ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടാണ് ദിഷയുടെ പിതാവായ ജഗദീഷ്. തട്ടിപ്പിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു

മുംബൈ: സർക്കാർ കമ്മീഷനിൽ ഉന്നത പദവി വാഗ്ദാനം ചെയ്ത് ബോളിവുഡ് നടി ദിഷ പടാനിയുടെ പിതാവ് ജഗദീഷ് സിങ് പടാനിയില്‍ നിന്ന് ഒരു സംഘം 25 ലക്ഷം രൂപ തട്ടിയെടുത്തു. റിട്ടയേർഡ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടാണ് ജഗദീഷ്.

സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഉത്തർപ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചു. വഞ്ചന, ഭീഷണിപ്പെടുത്തൽ, കൊള്ളയടിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ശിവേന്ദ്ര പ്രതാപ് സിങ്, ദിവാകർ ഗാർഗ്, ആചാര്യ ജയപ്രകാശ്, പ്രീതി ഗാർഗ്, അജ്ഞാതനായ ഒരാൾ എന്നിവർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ബറേലി സ്വദേശിയാണ് ജഗദീഷ് പടാനി. ശിവേന്ദ്ര പ്രതാപ് സിങ് തനിക്ക് നേരിട്ടറിയാവുന്ന വ്യക്തിയാണെന്നാണ് ജ​ഗദീഷ് പരാതിയിൽ പറയുന്നത്. ഇയാളാണ് ദിവാകർ ഗാർഗിനേയും ആചാര്യ ജയപ്രകാശിനേയും പരിചയപ്പെടുത്തുന്നത്.

ശക്തമായ രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് അവകാശപ്പെട്ട പ്രതികൾ സർക്കാർ കമ്മിഷനിൽ ചെയർമാൻ സ്ഥാനമോ വൈസ് ചെയർമാൻ സ്ഥാനമോ വാ​ഗ്ദാനം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് പണം കൊടുത്തത്. കാര്യം നടക്കുന്നില്ലെന്ന് കണ്ടതോടെ ജഗദീഷ് പടാനി പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പ്രതികള്‍ ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചുള്ള അവരുടെ അവകാശവാദങ്ങൾ ഉറപ്പാക്കാന്‍ മറ്റൊരാളെ "ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി" എന്ന് തെറ്റിദ്ധരിപ്പിച്ച് പരിചയപ്പെടുത്തിയിരുന്നുവെന്നും ജഗദീഷ് പടാനി പരാതിയില്‍ പറയുന്നു.

സംഭവത്തിന് പിന്നില്‍ വലിയൊരു തട്ടിപ്പ് നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. കൂടുതല്‍ ആളുകള്‍ പിന്നിലുണ്ടെന്നും പൊലീസ് കരുതുന്നു. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും കർശന നടപടിയെടുക്കുമെന്ന് പൊലീസ്.

Similar Posts